ഇരുകാലിയും എട്ടുകാലിയും
ഇരുകാലിയും എട്ടുകാലിയും


ആളനക്കങ്ങളില്ലാത്ത മാളികപ്പുരയുടെ
ഉത്തരത്തിൻ മേലൊരെട്ടുകാലി
അഷ്ട പാദങ്ങൾ ആഷ്ടദിക്കിലായ്
ചൂണ്ടി നിലയുറപ്പിച്ചു.
ഉദരാർത്തി പൂണ്ടിട്ടാരുമറിയാതെ
ഇണയെപ്പോലുമിരയാക്കി
പശിയടക്കി
വിധുരയാം ജാലികം ശില്പചാരുതയാർന്ന സ്മാരകസൗധങ്ങൾ പണിതു.
സ്വർണ്ണ നൂലിനാൽ പാശബന്ധങ്ങൾ ഇഴചേർത്തു
അപായക്കെണിയൊരുക്കി
ജാഗരൂഗയായി കാത്തിരുന്നാ
തന്ത്രശാലിയാമെട്ടുകാലി.
വഴിപോക്കരാം പ്രാണികളെല്ലമാകനകസൗധം കണ്ടു കൊതിച്ചു,
തൊട്ടൊന്നു നോക്കാനടുക്കവേ
ഇന്ദ്രജാലങ്ങൾ കാട്ടി ബന്ധനത്തിലാക്കിടുന്നു.
സാധുകീടങ്ങളാ
മോഹവലയത്തിൽപ്പെട്ടു
പിടഞ്ഞു.
വയറു നിറച്ച്
ഭുജിച്ചിട്ടു ഗാഢസുഷുപ്തിയിലാണ്ടാപ്പോളാരോ തുറപ്പയാലൊന്ന്
തൊട്ടു തലോടി.
ഊർന്നിറങ്ങാൻ തുനിയവെ ശക്തമാം പ്രഹരമേറ്റു പിടഞ്ഞ് നാലു കാലുകളൊടിഞ്ഞാ മാർക്കടം നിലംപതിച്ചു.
അനന്തരമതൊരിരു കാലിയായ് പുനർജജനിച്ചു.
അകമേ കുടിലചിന്ത തൻ ജാലികങ്ങൾ നെയ്തു മനക്കോട്ടകെട്ടു-
ന്നിരുകാലികൾ.
മൃദു മൊഴിയാൽ ചതിവേലകൾ ചെയ്തു
ചെപ്പടിവിദ്യകൾ കാട്ടുന്നവർ.
കപടസ്നേഹത്തിൻ മോഹ വലയിലൊട്ടിപ്പിടിച്ചൊരിരയെ
ഉഗ്ര വിഷം കുത്തിവെച്ചു ഹനിക്കുന്നവൻ.
അത്യാർത്തി മൂത്തു
പിന്നെയും പിന്നെയും
രുധിരമൂറ്റിക്കുടിച്ചു
പ്രതികാര തർഷമകറ്റുന്നു.
പശിയടക്കാൻ പാശങ്ങൾ നെയ്യും എട്ടുകാലികളീയിരുകാലികളേക്കാളെത്രയോ ശ്രേഷ്‌ഠർ .