ആഗ്നേയ ഗിരി
ആഗ്നേയ ഗിരി
വീണ്ടുമുണരുന്നു മാനസം ജാലകവിള്ളലിലൂടെ-
യരിച്ചിറങ്ങുന്ന വെട്ടത്തിൻ കരലാളനത്തിൽ
മറ്റെങ്ങോ അശാന്തിയുയർത്തുന്നു നീർമഴക്കാലമു-
തിർത്താത്ത ശിഥിലമേഘങ്ങൾതൻ ക്രുദ്ധഭാവം
മോഹഭംഗത്തിൻ സീൽക്കാരമെങ്ങും ഭയം വിതറുന്നു
പതുങ്ങും നിഴലുകളിൽ, മുഴങ്ങുമലർച്ചകൾ
പതിയിരിക്കും കയങ്ങളിൽ മുങ്ങിമറയും പെൺജന്മങ്ങൾ
മുറവിളിക്കുന്നു "വിടുക ഞങ്ങളെ കുഴിമാടത്തിലെങ്കിലും"
കനൽക്കാറ്റിൻ ജ്വാലകളിൽ നീറിപ്പുകയുന്ന നമ്മൾ-
വൈകിപ്പോയ്, അപരാധങ്ങളേറ്റു പറയുവാൻ
പ്രകൃതിതൻ കരുതലിനി നാമറിയുമോ?
ഉയർന്നുതാഴുന്നു ജ്വാലാമുഖിയുടെ പെരുങ്കളിയാട്ടം
തിളച്ചു പൊള്ളും ലാവാസമുദ്രത്തിൽ-
തിരസ്കാരമില്ലാതെ എരിഞ്ഞമരുന്നു ജീവജാലങ്ങൾ
മരണമുഹൂർത്തത്തിൽ നിത്യവിശ്രാന്തിക്കൊരുങ്ങും-
മൃതികൾ, രൗദ്രഭാവം വെടിഞ്ഞു, പ്രകൃതി ശാന്തമായ്
വീണ്ടും മുളപൊട്ടി ജൈവത്തുടിപ്പെങ്ങും പ്രതീക്ഷയായ്
എങ്കിലുമശാന്തിയുടെ വടുക്കൾ മുഴച്ചുനിൽക്കുമല്ലോ
മർത്ത്യമനസ്സിലെ ആഗ്നേയഗിരിയെന്നും നിലനിൽക്കുന്നു
ഹേ കാലമേ! നിന്നടയാളം രേഖപ്പെടുത്തിയും.
