കാട്ടു മാക്കാൻ
കാട്ടു മാക്കാൻ
കാർമുകിലുകൾ കൂട്ടിനെത്തി
കാഞ്ചനയോട് കിന്നാരം ചൊല്ലി
കാലം തെറ്റിയ നേരത്ത്,കുണുങ്ങും
കാലുകളിൽ കിലുങ്ങും ചിലമ്പുകൾ
കാറ്റിലലകൾ തീർക്കും കാലടികൾ
കാണാനെന്തു രസം കാട്ടുപെണ്ണേ!
കാട്ടിലെ കൂട്ടർക്ക് പഞ്ചമം പാടി
കടലോളം രസിപ്പിച്ചു കാട്ടു പെണ്ണ്
കല്ലമ്പാറചാരെ ചമ്പകകുറുചില്ലമേൽ
കരിയില കുരുവികൾ സല്ലപിച്ചു
കാട്ടുവള്ളിപ്പടർപ്പിലെ മുല്ലപ്പൂവുകൾക്ക്
കല്ലോലനാദം നറുമണമേകിയല്ലോ
കാട്ടരുവീലെ ഇനിപ്പുള്ള വെള്ളത്തിൽ
കാട്ടുപെണ്ണിൻ പാട്ടും അലിഞ്ഞിറങ്ങി
കിന്നാരം കാതോരം ചൊല്ലിച്ചൊല്ലി
കാർമുകിൽ നീർമുത്തുകൾ പൊട്ടി വീണു
കറുപ്പും ചോപ്പും കുപ്പിവളകൾ
കാട്ടുപെണ്ണിൻ കൈകളിൻ ചേല് കൂട്ടി
കുറുകും യൗവ്വനം തുടിക്കും മേനിയിൽ
കണ്ണ് തട്ടാതെ കാക്കണേ വനദുർഗ്ഗേ
കനവുകൾ കാണും ഇളം പെണ്ണേ
കനക്കുമിരുട്ടിൽ കാവലിനാരുമില്ലേ?
കാട്ടു ചെത്തിപ്പഴം നുണഞ്ഞുചോപ്പിച്ച
കാട്ടുമുന്തിരിച്ചാറു നിറച്ച പോലുള്ള
കൊച്ചുചുണ്ടുകൾ കൂർപ്പിക്കല്ലേ പെണ്ണേ
കൊതിയോടെ നിൻ ചെഞ്ചുണ്ടുകൾ
കടിച്ചെടുക്കാൻ കൂരിരുട്ടിൻ തഞ്ചത്തിൽ
കൊടുംവളവുകളിലാരോ കാത്തിരുന്നാലോ
കാട്ടുതേനിൻകൂടയും,കരിനൊച്ചിയിലക്കെട്ടും
കൂടെ നിൻ കൊച്ചിളം ചുമലിനെ നോവിക്കില്ലേ?
കാട്ടുമുത്തീടെ മന്ത്രം ചൊല്ലി വേഗം
കാടിറങ്ങിക്കോളൂ കാട്ടു പെണ്ണേ
കാട്ടുവാസനകൈതപ്പൂവുകൾ നിൻ
കരിനീലമുടിക്കെട്ടിൽ , കമനീയമായൊരു
കാഴ്ച്ചയാണേ,കണ്ണഞ്ചും കണ്ണാടി ചേലുള്ള
കൊച്ചു കുറുമ്പിയാം കാട്ടുപെണ്ണേ
കാട്ടിലെ പാട്ടുകാർ ചീവീടുകൾ
കണ്മുന്നിൽ നീ കാണാത്ത കാഴ്ച്ച കണ്ടു
കാട്ടിലെ മാക്കാനെന്ന പേര് വീണ
കൂരിരുളിൻ നിറമുള്ള കാട്ടുകള്ളൻ
കാലൊച്ചയില്ലാതെ നിൻ പിന്നിലുണ്ടേ
കരളുരുകും കാഴ്ച്ചയാണെ കാട്ടുപെണ്ണേ
കാരിരുമ്പിൻ കരുത്തുള്ള കാട്ടുമകളേ
കള്ളനെ കാണിച്ചിടല്ലേ നിൻ പേടിയൊന്നും
കൂർപ്പിച്ചു രാകിയ പച്ചിരുമ്പിൻകത്തി
കനലിൻ തിളയോടവൾ കുടഞ്ഞെടുത്തു
കുതറി മാറിയ കാട്ടുമാക്കാനേ
കടഞ്ഞ മേനിയിലൊളിപ്പിച്ച വീര്യം വീഴ്ത്തി
കാടടങ്ങുമലർച്ചയോടവൻ മലർന്നു വീണു.
കാട്ടുപെണ്ണിൻ ആമ്പലക്ഷികൾ രണ്ടും
കാട്ടുവഴികളിലാരെയോ കാത്തു പിന്നെ
കാടും,പുൽമേടും താണ്ടിയോടിയെത്തി
കാട്ടുപെണ്ണിൻ ചാരെ യുവകോമളനവൻ
കാട്ടുപെണ്ണവളെ മെല്ലെ കോരിയെടുത്തു
കുടമുല്ലമൊട്ടുകൾ പോൽ പല്ലുകൾ കാട്ടി-
കുപ്പിവള കിലുങ്ങും പോൽ പൊട്ടിചിരിച്ചു
കൊന്നമരം പൂത്തുലഞ്ഞ നൽക്കണി പോൽ!
കനവുകൾ നെയ്തവർ കാടിൻ മാറത്ത്
കാട്ടിലെയിണകളായ് കൂടണഞ്ഞു.
കാട്ടുമക്കളെന്നുമിക്കഥ പാടി പുകൾകൊണ്ടു
കാട്ടുപെണ്ണിൻ പെരുമയെന്നും വാഴ്ത്തിപ്പോന്നു.
