STORYMIRROR

Abhiram abhi

Inspirational

4  

Abhiram abhi

Inspirational

മഹാകാവ്യങ്ങൾ

മഹാകാവ്യങ്ങൾ

1 min
417

പഴകി ദ്രവിച്ച  

ഗ്രന്ഥാലയത്തിന്റെ 

അരണ്ട കോണിലായ്

ആർക്കുമേ വേണ്ടാതെ  

ചില മഹാകാവ്യങ്ങൾ ചിതലരിച്ചിരിപ്പൂ.

ചുക്കിച്ചുളിഞ്ഞെന്നാലും 

ചൈതന്യമൊട്ടുമേ 

ചോരാത്ത 

പുണ്യകാവ്യങ്ങൾ...


വയറു മുറുക്കിയുടുത്തുo കൊണ്ട് 

നിന്നെ ഊട്ടിവളർത്തിയ

കദന കാവ്യങ്ങൾ...

കണ്ണിമവെട്ടാതെ നിന്നെ 

താരാട്ടു പടിയുറക്കിയ  

ജീവ കാവ്യങ്ങൾ...

എല്ലാം വിസ്മരിച്ചു 

നീയിന്നവർക്കന്യ-

നാകുന്നുവോ...


സമയമില്ലെന്ന

കാരണം പേറി  

പുത്തൻ ജീവിത-

മാനങ്ങൾ തേടി 

പായുന്നതിനിടയി-

ലെപ്പോഴെങ്ങിലും, 

ആ അഭ്രകാവ്യങ്ങൾ പൊടിതട്ടിയെടുത്ത്  

താളുകൾ മറിച്ചൊന്നുനോക്കുക. 


അവിടെ ഏകാന്തതയുടെ വീർപ്പുമുട്ടലിൽ ശ്വാസം മുട്ടിയും പൊടിഞ്ഞതുമായ ഹൃദയത്താളുകളുണ്ട്...

അവിടെ, വിയർപ്പിന്റെ, 

അദ്ധ്വാനത്തിന്റെ, മണമുള്ള  

മൗനവിലാപകാവ്യങ്ങളുണ്ട്.

ആകാശം കാണാതെ 

ഓർമ്മത്താളുകളി

ലൊന്നിലായൊളിപ്പിച്ച

നോവേറ്റ് പിടയുന്ന 

മയില്‍പ്പീലിത്തുണ്ടുകളുണ്ട്.

നിർമ്മല സ്നേഹത്തിൻ 

നിലക്കാത്ത തുടിപ്പുകളുണ്ട് .

പഴമയുടെ പൊടിമണമുണ്ടവിടെ.

സാന്ത്വനം കൊതിക്കുന്ന 

കണ്ണീരിൽ കുതിർന്ന 

അക്ഷരപൂക്കളുണ്ട്...


അകക്കണ്ണുകൾ  

തുറന്നൊന്നു വായിച്ചാൽ 

ഒറ്റപ്പെടലിന്റെ, ആത്മസങ്കർഷങ്ങളുടെ, അന്തരാർത്ഥങ്ങൾ ഗ്രഹിക്കാം.

നിന്നുൾത്തടത്തിലെ 

അർത്ഥശൂന്യതയ്ക്കർത്ഥം കണ്ടെത്താം...

ശ്വാസമസ്തമിക്കും  

മുൻമ്പേ ആ വിറയാർന്ന 

കരങ്ങൾക്കൂന്നു-

വടിയാവുക.

പുതിയ പുറംചട്ടകൾ നൽകി 

നെഞ്ചോട് ചേർത്ത്

പിടിക്കുക.


അവിടെയാരും കേൾക്കാത്ത 

ഹൃദയമിടുപ്പിൻ താളം 

തെറ്റലുകളറിയാം .

എന്നോ മറന്ന താരാട്ടു 

പാട്ടിന്നീരടികൾ കേൾക്കാം..

നിൻ ഹൃദയപുസ്തക-

ത്തിലന്നോ 

മാഞ്ഞ ഗുരുത്വമെന്ന 

മൂന്നക്ഷരങ്ങളന്നവിടെ 

പുനർജ്ജനിക്കും.


Rate this content
Log in

Similar malayalam poem from Inspirational