വിശപ്പ്
വിശപ്പ്


ഭിന്നങ്ങളായുള്ള കർമ്മങ്ങൾ ചെയ്യുന്നു
തന്നുദരത്തിന്റെ ക്ഷുത്തകറ്റാൻ
വേഷങ്ങൾ കോലങ്ങൾ കെട്ടുന്നു മാനുഷർ
ജീവിതയാത്ര തുടർന്നീടുവാൻ
യുദ്ധവെറിയും പകയും പുലർത്തുന്ന
ലോകത്തിൻ ശത്രു വിശപ്പു തന്നെ
അങ്ങകലെ മെഹദിഷുവിൽ പൈതങ്ങൾ
കാഷ്ടങ്ങൾ പോലും ഭുജിച്ചീടുന്നു
സൊമാലിയായിലും ദർശിക്കാം ലോകർക്ക്
പട്ടിണി തന്നുടെ ഘോര വക്ത്രം
ലോകത്തിൻ മുക്കിലും കോണിലും കണ്ടീടും
പട്ടിണി തന്നുടെ ദൈന്യ മുഖം
>
യുദ്ധങ്ങൾ മാമാങ്കമായി കൊണ്ടാടുന്ന
ലോകത്തിൻ ഹൃത്ത് കഠോരം തന്നെ
എന്തെന്തു സ്വപ്‌നങ്ങൾ ചേലെഴും മോഹങ്ങൾ
എല്ലാം കൊഴിയുന്നു പട്ടിണിയാൾ
അശാന്തിയാകുന്ന മേഘങ്ങൾ വർഷിക്കും
പട്ടിണിയെന്നതു ഓർക്കേണം നാം
വിശപ്പിൻ ഉൾവിളി കേൾക്കാത്ത പാരിടം
മൃത്യുവിൻ സഞ്ചാര പാതയല്ലോ
എത്ര മനോജ്ഞമാം സാമ്രാജ്യം തീർത്താലും
പട്ടിണി മണ്ണിൻ പുഴുക്കുത്തല്ലോ
ക്ഷുത്തകറ്റീടുന്ന മന്ത്രണം നാടെങ്ങും
തൂകട്ടെ പുത്തൻ വെളിച്ചമായി