എന്റെ പനിനീർപ്പൂവിന്…
എന്റെ പനിനീർപ്പൂവിന്…
കൗമാരം വ്യാപിച്ചെന്റെ അകക്കാമ്പിൽ,
ചെമ്പനീർ പൂവിൽ പ്രണയം തുളുമ്പും
അനുരാഗ മൂർത്തിയാം ഭസനം മാത്രമായി,
സൗന്ദര്യം നിറച്ച ദളങ്ങൾ കൊതിപ്പിച്ചു
ശൃംഗാരഭാവം നിറച്ച താലം ഏന്തി നിന്നു.
കാലഗതി മാറിയോടി എങ്കിലും നിന്റെ
സൗരഭ്യം എനിക്കെന്നും ഭ്രാന്ത് തന്നെ.
പനിനീർ പൂവേ നീ എന്റെ ഹൃദയം
നിറച്ച കാമിനിയായിരുന്നു, സത്യം.
നിർത്തിവെയ്ക്കുവാൻ ആകാത്ത
നാഴികകൾ ആർക്കോ വേണ്ടി പാഞ്ഞു കൊണ്ടേയിരുന്നു;
കാലങ്ങൾ വെള്ളി രോമങ്ങളായി
തലമണ്ടയിൽ ചിത്രം രചിച്ചു.
മനസ്സിലെ മലര്‍ ചന്തക്കാരിയായി തുടർന്നു
ആരാമപാലകനായി മാറിയ നേരം; ഞാനും
അറിഞ്ഞു പനിനീര്‍ ചെടിയുടെ മുള്ളിന്റെ
സുഖം, സൗന്ദര്യത്തിന്റെ പാറാവുകാർ.
ഉള്ളിലെ ചൂട് വിട്ടകലും മുൻപേ നിന്നെ
കണ്ടു മനസു നിറയെ, നിന്നെ നേടുവാൻ
ആകില്ല എങ്കിലും പ്രിയേ, ഇമ വെട്ടാതെ
നോക്കിയിരുന്നു ഞാനും .
ഇന്നി നൊടിയിലെൻ ദേഹി വിട്ടു പിരിയുന്ന
നേരം നെഞ്ചോടു ചേർന്നു പൊട്ടിക്കരയുവാൻ
നീ മാത്രമായി എനിക്ക്, തിരികെ സാന്ത്വനം
ആകുവാൻ ഇനി ഞാനൊരു നക്ഷത്രമായി
മാറി, ഇനി ഭീതിയില്ലാത്ത കണ്ണു ചിമ്മാം.