അവസ്മ്രിതി
അവസ്മ്രിതി


ആയിരമാഗ്രഹങ്ങൾ ചേർത്തു വെച്ചു
കടലാസിലൊരു രൂപം കോറിയിട്ടു,
വൈഡൂര്യവും മരതകങ്ങളും ഇന്ദ്രനീലവും
ആരും കാണാ ചിമിഴിൽ ഒളിച്ചു വെച്ചു,
പൊൻ തന്തു രഹസ്യ അറയിൽ
പ്രതീക്ഷയോടെ കാത്തിരുന്നു.
കാലം കോലം മാറിയ നേരം
പൊൻ നൂൽ നൂറ്റൊരു പട്ടു പുടവ,
മേനിയഴകേകുവാൻ കാത്തിരുന്നു.
നവവധു ഒരപ്സരസായി മാറിയ നേരം
പട്ടുപുടവയവളെ പരിരംഭണം ചെയ്തിരുന്നു.
നെയ്തുതീർത്തൊരു പട്ടു ചേലയിൽ
ഇറ്റിറ്റു വീഴും ചെമപ്പ് തുള്ളികൾ;
അഴകേറിയ ഉടയാടയിൽ കാർമേഘം
കലിപൂണ്ട് ആടിത്തകർത്തു.
കണ്ട കനവൊന്നും നിനവല്ലിന്ന്
കേട്ട കഥകളെല്ലാം കെട്ടുകഥകൾ
പാട്ടുകളെല്ലാം കണ്ണുനീർ തൂകി
കാറ്റിന് പോലുമിന്ന് ദുർഗന്ധം.
ചങ്ങല പൊട്ടിച്ചോടുവാൻ മനം വിങ്ങി
കനക വിലങ്ങിന് നന്ദിനിയാണ് വില.
ഈ നീഡം, തുറുങ്കിനോട് സമം,
ഈ ജീവനം , പരമപീഡാസ്ഥാനം.
എങ്കിലും കാലം തികക്കും നേരം വരെ
കല്‍പിച്ചുകൂട്ടിയുള്ള കള്ളങ്ങൾ
മുറുകെ പിടിച്ചും; അവ സത്യമാക്കിയും
ഓട്ടം തികക്കണം; ഉത്തമയാകണം;
നിർജീവയായി പുതു ജീവനം നേടണം.