STORYMIRROR

Sasidharan K

Tragedy

4  

Sasidharan K

Tragedy

കുന്തി

കുന്തി

1 min
22

രാവിന്ടെ ഏകാന്തയാമം മനസ്സിന്ടെ

ഏകാന്തതയാകെ തല്ലിക്കെടുത്തവേ,

പിറ്റേന്നു യുദ്ധത്തിനെത്തുന്ന കര്‍ണ്ണനോ-

ടര്‍ജ്ജുനന്‍ തന്‍ ജീവനര്‍ത്ഥിപ്പതെങ്ങിനെ?


ജന്‍മം കൊടുത്തോരു നാള്‍മുതല്‍ക്കേയിവന്‍

അന്യനായ് മറ്റൊരു കയ്യില്‍ വളര്‍ന്നവന്‍.

രാജകുലത്തില്‍ പിറന്നവനെങ്കിലും

രാജ്യം ഭരിയ്ക്കാന്‍ വിധിയ്ക്കപ്പെടാത്തവന്‍.

മല്‍സരഭൂവിലപമാനമേല്‍ക്കവേ,

മക്കളൊരുവരും ഒന്നും മൊഴിഞ്ഞില്ല.

അംഗദരാജ്യത്തെ നൃപനായി വാഴിച്ചു,

മന്നവകുലപതിയാക്കി സുയോധനനന്‍.

അന്നവനോട്ടു തിരഞ്ഞുകാണും തന്നെയീ-

മണ്ണില്‍ ജനിപ്പിച്ച മാതാപിതാക്കളെ.

ഉള്ളുകൊണ്ടെത്ര ശപിച്ചുകാണും ഇവന്‍,

ഒന്നുപോലും തിരിഞ്ഞുനോക്കാത്ത ജനനിയെ.


പെട്ടിയില്‍ നിന്നെയുപേക്ഷിച്ച നാള്‍ മുതല്‍

തീക്കനലായിരുന്നുണ്ണീ നീയെന്നുള്ളില്‍.

നിന്നെയോര്‍ക്കാത്തൊരു രാവെനിയ്ക്കില്ലായിരുന്നെടോ,

എന്‍ മാറതിന്നും ചുരത്തുന്നു നിന്നെയോര്‍ത്തീടവേ.

എല്ലാം വിധിയെന്നോര്‍ത്തു കഴിഞ്ഞവള്‍ ഞാ-

നിന്നിതാ നിന്‍ മുന്നിലര്‍ത്ഥിയായ് നില്‍ക്കുന്നു.

നെഞ്ചകം നീറുന്നു മകനേ ഈയമ്മതന്‍

ദുര്‍വ്വിധിയിന്നീ പാതകം ചെയ്യിപ്പൂ.

അന്നം ഉരുട്ടിത്തരേണ്ടൊരീ കൈകളാ-

ണുണ്ണീ നിന്‍ ജീവന്‍ തിരിച്ചു ചോദിയ്ക്കുന്നു.

വാത്സല്യമേറെയുണ്ടര്‍ജ്ജുനനോടെന്നാല്‍,

വാത്സല്യമൊട്ടും കുറവില്ല നിന്നോടും.

എന്തുകൊണ്ടെന്തുകൊണ്ടെന്ന്നിയ്ക്കറിയില്ല

എന്‍ മനം പാര്‍ത്ഥന്നുവേണ്ടി മോഹിയ്ക്കുന്നു.


എത്രയോ പാരം വളര്‍ന്നു പ്രശസ്തനായ്

വിശ്വം ജയിക്കുന്ന വീരനായ് തീര്‍ന്നു നീ.

യുദ്ധത്തില്‍ കൗരവ പക്ഷത്തു നീ-

യെത്തിയനാള്‍ മുതല്‍ നെഞ്ചകം നീറുന്നു.

അന്നേ മനസ്സില്‍ കുറിച്ചിട്ടതാണു ഞാ-

നെന്നെങ്കിലും വന്നു ചേരുമീ ദുര്‍ദ്ദിനം.

ഇല്ല പരിഭവമൊട്ടുമേ നിന്നോടു-

നിന്നെ രക്ഷിച്ചവരല്ലയോ കൗരവര്‍.

എങ്ങിനെ നിന്നോടു ചോദിപ്പു ഞാനിന്നു

സ്വന്തം സഹോദരന്‍ തന്നുടെ ജീവനെ.

താതന്‍ കനിഞ്ഞു നല്‍കിയ കവചങ്ങള്‍

താവക ദേഹത്തിലുള്ള നാളോളമീ

ലോകത്തിലൊരുവനും വെല്ലുവാനാവില്ല

ആര്‍ക്കുമേ നിന്നെ ഒടുക്കുവാനാവില്ല.

എല്ലാമറിയുന്നവളെങ്കിലും ഞാനിന്നു

നിന്നൊടു ചോദാപ്പാന്‍ മറ്റൊന്നുമില്ലല്ലൊ.


മക്കളലെല്ലാം സമം അമ്മയ്ക്കെന്നാകിലും,

ഇത്തിരി സ്വാര്‍ത്ഥയായ് പോകുന്നു ഞാനിന്ന്.

ഗര്‍ഭപാത്രത്തിന്ടെ കൂലിയായിട്ടല്ല,

പേറ്റുനോവിന്‍ ചൂടിന്‍ കൂലിയായിട്ടല്ല,

ദക്ഷിണയായ് പണ്ടു പെരുവിരല്‍ ചോദിച്ച

പക്ഷപാതിയാം രാജകഗുരുവിനെപ്പോലല്ല,

ലക്ഷണമൊത്ത നിന്‍ സോദരന്‍ തന്‍ ജീവ-

രക്ഷയ്ക്കു വേണ്ടിയീ യാചന കേള്‍ക്കെടോ.

നേര്‍ക്കുനേര്‍ ചോദിപ്പാന്‍ ത്രാണിയില്ലമ്മയ്ക്കു

കേള്‍ക്കുന്നുവോ നീയെന്‍ ഹൃദയത്തുടിപ്പുകള്‍.

കണ്ണുനീര്‍ വാര്‍ത്തു കാലത്തിന്‍ വികൃതിയാല്‍

കര്‍ണ്ണന്‍ടെ മുന്നില്‍ കൈനീട്ടി നില്‍ക്കുമാ

അമ്മതന്‍ ഹൃദയം പിടഞ്ഞുപോയ് തന്‍ മുന്നില്‍

വന്‍ മലപോലൊരു ചോദ്യചിഹ്നം നില്‍പ്പൂ.

നമ്രശിരസ്കയായ് നീട്ടിയ കൈളില്‍

ജീവന്‍ടെ സ്പന്ദനം ഒന്നൊന്നായ് വീഴവേ,

ആശീര്‍വ്വദിയ്ക്കുവാന്‍ പോലുമൊന്നാവാതെ

മാതാവു മണ്ണില്‍ മരവിച്ചിരുന്നുപോയ്.



Rate this content
Log in

Similar malayalam poem from Tragedy