മനുഷ്യമൃഗം
മനുഷ്യമൃഗം


എരിയും വയറിന്റെ നോവറിഞ്ഞന്നവൻ അന്നത്തിനായിന്ന് കാടിറങ്ങി...
ഗൃഹതുല്യമായൊരാ പോറ്റമ്മ പ്രകൃതിതൻ
മടിയിലെ ചോറ്റുപാത്രം അവൻ കണ്ടതില്ല...
അന്നത്തിനായവൻ അലയുന്നു തെരുവുകൾ, എരിയും വയർ ആരും കണ്ടതില്ല
വിശക്കും തനിക്കെന്ത് അഭിമാനം, അപമാനം
ഒരു പിടി അരിയല്ലെ തേവയുള്ളു
ആളുന്ന തീയിലേക്കൽപ്പം നനവിനായ്
അരിയവൻ ആരോരും കാണാതെ കൈക്കലാക്കി
കയ്യോടെ പിടികൂടി നാട്ടുകരോക്കെയും ഒറ്റസ്വരത്തിൽ കള്ളനാക്കി
അഹത്തിന്റെ മൂർത്തിയാം മനുജനുണ്ടോ
ഈ വിശക്കുന്ന മനിതന്റെ നോവറിയൂ
കാരുണ്യ നിധികളാം ആ ജനക്കൂട്ടം ആ
എരിയുന്ന വയറിനു മോക്ഷമേകി
വിശക്കാത്ത ലോകത്തേക്കവർ അവനെയും വിശപ്പോടെ അങ്ങോട്ട് യാത്രയാക്കി
അവനായ് കൊടികൾ പറക്കില്ല ഈ നാട്ടിൽ
അവനുടെ ശ്വാസത്തോടൊപ്പം നിലച്ചിരിക്കും
ഗാന്ധിതൻ പിന്മുറക്കാർ കാണില്ല ഈ ദ്രോഹം
അവനുടെ കണ്ണുകൾക്കൊപ്പം അടഞ്ഞിരിക്കും
ഒരു താമരപ്പൂവും വിരിയില്ല
അവനുടെ കോപഗ്നിയിൽ കരിഞ്ഞുകാണും
നിന്നെ കൊന്നവരത്രെ മനുഷ്യ ഗോത്രം
നിന്റെ കാട്ടിലെ മൃഗങ്ങൾ എത്ര ഭേദം.