മുടിയേറ്റ്*
മുടിയേറ്റ്*


അമ്മ തന്‍ വിക്രിയ,
പരുഷമാം വിനോദമോ,
വെറുമൊരു നേരമ്പോക്കോ?
കുഞ്ഞുനാളാരംഭിച്ചേ,
പേടി തന്‍ വിത്തുകള്‍
കുഞ്ഞിളം ചിത്തങ്ങളില്‍
പാകിവളര്‍ത്തുവാനുതകുന്ന
കണ്ണു പിളര്‍ത്തലും, കണ്ണുരുട്ടി മിഴിക്കലും.
ഇടതൂര്‍ന്ന മുടിയഴിച്ച്, മുടിയുലച്ച്,
മുഖമടച്ച് മുടിക്കാടു കാട്ടിയും.
വാ തുറന്നു തേറ്റ കാട്ടി,
വെറ്റില കൂട്ടി മുറുക്കി ചുവപ്പിച്ച
നാവൊന്നു നീട്ടിയും, ഇല്ലാത്ത നഖങ്ങളെ
കൂര്‍പ്പിച്ചു കാണിച്ചും,
സ്നേഹത്തിന്‍ കരങ്ങളെ ചന്ദ്രഹാസമായിളക്കിയും
ഭീതിതന്‍ ബീജഗണങ്ങളെ കുഞ്ഞ് മനസ്സില്‍ വിതക്കുന്നോരമ്മ.
പേടിയാലരണ്ട ഞങ്ങള്‍ അഞ്ചു പേരിരിക്കുമ്പോള്‍,
അത് ഞാന്‍ കണ്ടിട്ടുണ്ട്!
എൻപിന്നിൽ, അഞ്ചുപേര്‍ക്കുമിടയിലായ്,
പതുങ്ങിയുണ്ടിനിയും മറ്റൊരുത്തന്‍.
അവനിലെ പേടിച്ചരണ്ട രണ്ടു
കണ്ണുകള്‍ക്കുള്ളിലും കണ്ടു ഞാന്‍
കൂസാത്ത ദൃഷ്ഠി, കഠോരമാം നോട്ടവും.
കുറിയതെങ്കിലും കാരിരുമ്പിൻ കായം,
ഒതുക്കി പിടിച്ച കയറുണ്ടൊരു
കയ്യില്‍, മറുകയ്യില്‍ ചാട്ടയും.
പിന്നീടെത്രയോ തവണ,
കനം കുറയും മുടിക്കെട്ടുമായി
മുന്നിലെക്കാഞ്ഞമ്മ നേരമ്പോക്കാ-
വര്‍ത്തിക്കും നേരമെല്ലാം
കണ്ടിട്ടുണ്ടു ഞാനവനെ.
ഉള്ളില്‍നിന്നെങ്ങോ ഊറിക്കൂടുന്നു ഭയത്തിന്‍ കണങ്ങള്‍!
എങ്ങുനിന്നെത്തുന്നിവന്‍?
ആരാണിവന്‍? ആരുടെ മകനാണിവന്‍?
ആരുടെ സോദരന്‍? ആര് വിളിച്ചുവരുത്തിന്നതിവനെ?
നടുങ്ങിനില്‍ക്കുമാമവനോടു ചോദ്യങ്ങള്‍ എറിയുവാന്‍
തുനിയും മുമ്പേ തന്‍ ഓടിയൊളിക്കുന്നവന്‍.
വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോയ്,
മുന്നിലെപ്പോല്‍, വീണ്ടുമൊരാവര്‍ത്തി
മുടിയാല്‍ മുഖം മൂടി, ഞങ്ങളെ ഭീതി
ചുറ്റിപൊതിയുവാന്‍ മുതിരുന്നെ
2; text-align: left; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px; -webkit-text-stroke-width: 0px; background-color: rgb(255, 255, 255); text-decoration-style: initial; text-decoration-color: initial; display: inline !important; float: none;">ന്നമ്മയെ
ആശങ്കയോടുറ്റുനോക്കും ഞങ്ങളെ
നോക്കാതലക്ഷ്യമായ്, ഭയം തീണ്ടാതമ്മ തന്‍
സമീപത്തേക്കടുക്കുന്നവൻ.
"ആര് നീ, ഇന്നെന്തു നീ ഭയപ്പാടില്ലാതെ,
അമ്മയെ സമീപിക്കുവാന്‍?"
ഉദ്വേഗത്താലാരാഞ്ഞു ഞാന്‍.
കലര്‍ന്ന ഹാസത്തോടെ, പ്രതിവാക്കോതിയവന്‍,
"അമ്മതന്‍ സ്വന്തം കുഞ്ഞു താന്‍ ഞാനും,
നിങ്ങളെപ്പോലമ്മ തന്‍ നിഴലായ്, എന്നുമുണ്ടല്ലൊ
ഞാന്‍ കൂടെ. എന്‍വീട്ടിലെക്കാനയിക്കണമമ്മയെ
എപ്പോഴെങ്കിലും എന്നുമെന്‍ ആശയുണ്ടെന്നാലും
ഭീതിയേറും മുടിയേറ്റും, മുടിയാട്ടവും ആടീട്ടമ്മ
തടയിട്ട് വെച്ചിട്ടുണ്ടെന്നെ അരികില്‍ എത്താതവണ്ണം.
വർഷങ്ങള്‍ ചോര്‍ന്നതറിയാതെ, ശുഷ്കമാം കൂന്തല്‍
കാണിച്ചെന്നെ മുന്നെപ്പോള്‍ പേടിപ്പിക്കാന്‍ ശ്രമിക്കയോ?
ഒടുവിലെ കളിയായി, നേരമായെനിക്കമ്മയെ
സ്വാഗതം ചെയ്യുവാന്‍, എന്നില്ലത്തേക്ക്,
സ്വന്തമാം ഇടത്തേക്ക്, കയ്യോടെ കൊണ്ടുപോവാന്‍."
മുടിയേറ്റവസാനിച്ചു, എഴുതിവെച്ച കളം മാഞ്ഞു,
ദാരികന്‍ ജയിച്ചു, കാളി തോറ്റു കിടക്കുന്നു.
----------------------------------------------------
* ഇടതിങ്ങിയ മുടി മുഖത്തേക്ക് വലിച്ചിട്ട്, കുട്ടികളായിരുന്നു ഞങ്ങളെ പേടിപ്പിക്കുക അമ്മയുടെ ഒരു വിനോദമായിരുന്നു.