അതിര് മറക്കുന്ന മഴയും പുഴയും!
അതിര് മറക്കുന്ന മഴയും പുഴയും!


പണ്ടുമൊക്കെ ഇരമ്പിയെത്താറുണ്ട് മഴ,
മദമിളകിയ ഒറ്റയാൻ പോലെ.
കൂട്ടിനായ് കൂടിളക്കി, നാടിളക്കി, പ്രാന്തൻകാറ്റും.
വീടിനു ചുറ്റും മഴയും കാറ്റും അമറിയലറി ഓടിനടക്കുമ്പോളും,
ചെണ്ടമേളവും പെരുമ്പറയുമായി മിന്നലൊളിഞ്ഞു വീട്ടിലേക്കെത്തിനോക്കുമ്പോളും
മനസ്സിലൊരാന്തലോ പേടിയോ കൂടാതെ
മഴക്കാട്ടിലേക്ക് ഓടിക്കേറാറുണ്ടായിരുന്നു, ഞാനെന്റെ കുട്ടിക്കാലത്ത് .
പുഴയന്നും മഴലഹരിയിൽ മദമാടി പെരുകുമ്പോൾ,
തൻവഴിയും, തന്നതിരും, മതിവിട്ട് പകരുമ്പോളും,
ഞങ്ങൾക്കെല്ലാം വിശ്വാസമായിരുന്നു.
എല്ലാറ്റിനും ഒരതിരുണ്ട് . അത് പുഴക്കറിയാം. ഞങ്ങൾക്കുമറിയാം.
പുഴ ചന്തുവല്ല. ചതിക്കില്ല, ചതിച്ചിട്ടുമില്ല.
അന്നും പുഴയുടെ മടിയിൽ ഞങ്ങൾ അമരാറുണ്ട്.
പുഴ ഞങ്ങളെ പുൽകി തഴുകി പുഴേയാരത്തു നിർത്തി ഉമ്മ വെച്ച് അയക്കും.
ഒരമ്മയുടെ വാത്സല്യത്തോടെ. കരുതേലാടെ.
അന്നെല്ലാം പുഴയെ ഞങ്ങൾ അമ്മയെപ്പോലെ സ്നേഹിക്കുക കൂടെ ചെയ്‌തിരുന്നു.
എങ്കിലും പിന്നീടെപ്പോഴോ എവിടെയോ,
ഒരപശ്രുതി വീണു. ഒരപഭ്രംശം കേറിവന്നു.
കാലമെല്ലാം മാറിപ്പോയ്.
പ്രായമേറിയൊരമ്മ തൻ സ്വത്തെല്ലാം മക്കളായ് കട്ട് മുടിക്കും കാലമല്ലേ!
എന്തോ, ഇപ്പോളെല്ലാം,
ആറെന്താറ്?
കയ്യും കണക്കുമല്ലാത്തൊരാറ്.
അതാർക്കറിയാം?
ഇപ്പോളെല്ലാം,
കുഞ്ഞുങ്ങൾ തൻ കുളിയെല്ലാം വീട്ടിനുള്ളിൽ, കൂട്ടിനുള്ളിൽ.
മേടക്കുള്ളിൽ കൃത്രിമ മഴയുണ്ട്, പുറത്തില്ലെങ്കിലെന്താ?
മേടക്കുള്ളിൽ കുഞ്ഞൻ കുളവും ഉണ്ട്. പുറത്തില്ലെങ്കിലെന്താ?
കാലമെല്ലാം മാറിപ്പോയ്.
എന്തോ, ഇപ്പോളെല്ലാം,
പുഴയൊന്നും പുഴയല്ല.
ഒഴുകുന്നതൊന്നും വെള്ളമല്ല.
കാളിയൻ തുപ്പും വിഷമാണ്.
കാലമെല്ലാം മാറിപ്പോയി.
എന്തോ, ഇപ്പോളെല്ലാം
മാനം കറുത്താൽ,
ഇരമ്പി ഒരു മഴ വന്നാൽ,
കാറ്റൊന്നമർന്നു വീശിയാൽ,
മനമാകെ നീറ്റലാണ്, ആകെ ഒരങ്കലാപ്പാണ്.
കുഞ്ഞുങ്ങൾ ഞങ്ങൾ മഴയത്തു പാടി നടന്നൊരു ചൊല്ലിതായിരുന്നു;
"മഴ മഴ, കുട കുട, മഴ പെയ്താൽ തൊപ്പിക്കുട,"
കാലമെല്ലാം മാറിപ്പോയി.
എന്തോ, ഇപ്പോളെല്ലാം.
ആ ചൊല്ലിങ്ങനെയായല്ലൊ:
"മഴ, മഴ, ഓടോട്. മഴ പെയ്താൽ വെള്ളപ്പൊക്കം!”