STORYMIRROR

Meera Sid

Tragedy Others

4  

Meera Sid

Tragedy Others

എഴുതാതിരിക്കുവാൻ..

എഴുതാതിരിക്കുവാൻ..

2 mins
253

എനിക്കാവതില്ലേ, എഴുതാതിരിക്കുവാൻ..

വിഷുക്കാലമല്ലേ, ഓർമകളുടെ വിളവെടുപ്പല്ലേ,

ചിന്തകളുടെ കറ്റ മെതിച്ച് തളരും നാളല്ലേ..

എഴുതാതിരിക്കുവാൻ എനിക്കാവതില്ലേ..


ഓരോ വിഷുവിനും പെറുക്കിക്കൂട്ടും,

അന്നൊരു വിഷുപ്പുലരിയിൽ വീണുടഞ്ഞ

നിലക്കണ്ണാടിതൻ ചില്ലുകൾ

അവയിലോരോന്നിലും കാണുന്ന 

ഓർമ്മതൻ കാഴ്ചകൾ 

എല്ലാ വിഷുവിനും ഒന്ന് പോലെ..


ചില്ലുകളിൽ ആദ്യം എന്നെ കാണുമ്പോൾ

പതിനേഴോ പതിനെട്ടോ പ്രായം

അന്ന് ഞാൻ നട്ട കണിക്കൊന്ന തൻ തൈയ്ക്ക്

പൂക്കുവാൻ കാലമായിട്ടുണ്ടായിരുന്നില്ല.

കേൾക്കാം എൻ സ്വന്തം ശബ്ദത്തിൽ

" വിഷു എനിക്കിഷ്ടമാണ് ! ഓണത്തേക്കാൾ…"

ഇന്നും തിരയുന്നു ഞാൻ 

ഏതോരനുഭവ വികാരമാണ്

അന്നെന്നെ അങ്ങനെ പറയിച്ചത് ? 

ഏതോ കൗമാര സ്വപ്നച്ചിറകുകളിലേറി പറഞ്ഞു പോയതാകാം

ഊഞ്ഞാലും കളിയും ചിരിയും സദ്യയും ഒക്കെയായി

ഒത്തു ചേരലിൻ ഉൽസവങ്ങളായിരുന്നു ഓണക്കാലം 

അത്രത്തോളം ഉണ്ടായിരുന്നില്ല,

വിഷു ഒരുനാളും ബാല്യത്തിൽ..


വീണ്ടുമൊരു ചില്ലിൽ കാണുന്ന കാഴ്ച

രാത്രിയിൽ അമ്മ കണിയൊരുക്കി വച്ചോരോട്ടുരുളി

മെല്ലെയൊന്ന് തിരിച്ച് വയ്ക്കുന്ന ഞാൻ 

എന്തിനായിരുന്നു അതും എന്ന ചോദ്യം 

ഇന്നും എന്നും ബാക്കിയായി നിൽക്കുന്നു

കണ്ണാടിയിൽ എന്മുഖം തന്നെ കണി കാണാൻ 

എന്തിന് കൊതിച്ചു നാർസ്സിസസ്സിനെപ്പോലെ ഞാനും ? 

പുലർച്ചെയുണർന്നത് കണി കണ്ടുകൊണ്ടല്ല,

സ്വന്തം ഭാരത്താൽ കണ്ണാടി വീണുടഞ്ഞോരോച്ച

കേട്ടു നടുങ്ങിയിട്ടായിരുന്നു..

ചില്ലുകൾ പെറുക്കുമ്പോൾ അമ്മ പറഞ്ഞു

"കണ്ണാടിയുടയുന്നത് നല്ലതിനല്ല !"

എൻ്റെ അശ്രദ്ധ എന്ന കുറ്റബോധത്തിൽ,

ചിന്തിച്ചില്ല ഞാൻ, 

എന്തെ അമ്മ അത് പറഞ്ഞതെന്ന്.  

അന്നേ അമ്മ തൻ അണ്ഡാശയത്തിൽ 

രോഗത്തിൻ വേരുകൾ മുളപൊട്ടിയിരുന്നോ?

വേദനയുടെ ലാഞ്ചന തോന്നി തുടങ്ങിയിരുന്നോ? 

ഒന്നും പറഞ്ഞിരുന്നില്ല അമ്മ ഒരുനാളും

അത്തരം സൂചനകൾ ഒന്നും നൽകിയിരുന്നില്ല.. 

മുറ്റത്തെ കണിക്കൊന്ന അന്നും പൂത്തു തുടങ്ങിയിരുന്നില്ല..


ഇനിയും ചില്ലുകളിൽ തെളിയുന്നു കാഴ്ചകൾ

പഠിപ്പിനായ് ദില്ലിയിൽ ഞാനെത്തി അധിക നാളായില്ല,

അമ്മയുടെ രോഗം മുളപൊട്ടി പുറത്ത് വന്നു

അറിഞ്ഞിരുന്നില്ല ഞങ്ങളിൽ ആരും

വേരുകൾ പടരുകയായിരുന്നു അതിവേഗമെന്ന്

 ചികിത്സയുടെയും വയ്യായ്മയുടെയും നാളുകൾ പിന്നെ

രോഗത്തിൻ ഏറ്റക്കുറച്ചിലുകളുടെ ഇടയ്ക്കെന്നോ

വീട്ടിലെ കണിക്കൊന്നയും പൂത്തു തുടങ്ങിയിരുന്നു..


പിന്നത്തെ കാഴ്ചയിൽ തളർത്തിക്കഴിഞ്ഞിരുന്നു രോഗം അമ്മയെ 

മടങ്ങി എത്തിയിരുന്നു ഞാൻ 

ദില്ലി വിട്ട് വീട്ടിലേക്ക്,

ആശുപത്രിയിൽ അമ്മ തീർത്തും ശയ്യാവലമ്പയായപ്പോൾ 

പുറത്ത് വേനൽ ചൂടിൽ കൊന്നകൾ പൂത്തുമലച്ചു

അച്ഛനോ ഞാനോ ആ ദിവസങ്ങളിലെന്നോ 

വച്ചുകൊടുത്തു കയ്യിൽ ഒരു കണിക്കൊന്ന പൂങ്കുല, 

വീട്ടിലെ കൊന്നമരത്തിലെ സ്വർണ്ണ പൂങ്കുല..

മിണ്ടാൻ ആവില്ലായിരുന്നു അമ്മയ്ക്ക് എങ്കിലും

അന്നാദ്യമായി ആ ആശുപത്രിക്കിടക്കയിൽ പുഞ്ചിരിച്ചു അമ്മ 

കണിക്കൊന്ന പൂക്കളെ മുറുകെപിടിച്ച്..

എന്നിട്ടും, വിഷു പുലരാൻ കാത്തു നിന്നില്ലമ്മ 

വേദന സംഹാരികൾ പകർന്ന മയക്കത്തിൻ്റെ 

ഇടവേളകളിൽ ഒന്നിൽ എടുത്തൊരു ശ്വാസം 

അങ്ങനേ നിലച്ചു പോയി ഞാൻ നോക്കിനിൽക്കെ 

പകച്ചു നിന്നു ഞാൻ, അടുത്ത ശ്വാസത്തിനായി കാത്തു വൃഥാ..

വിഷുവിന് പ്രാതലുമായി വരാമെന്ന് പറഞ്ഞു പോയ സുഹൃത്തിനെ

രാത്രി ആശുപത്രി ഫോണിൽ നിന്നുംവിളിച്ചു ഞാൻ പറഞ്ഞു

"ബോംബെയിൽ അനുജനെ വിളിച്ച് അറിയിക്കണം…"

എന്ത് എന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ടില്ല സുഹൃത്ത്...


പതിനേഴിൽ നിന്നും വർഷം പത്തോളം കഴിയുമ്പോൾ 

വിഷു എനിക്കിഷ്ടമാണ് എന്നിടത്ത് നിന്നും

ഈ നിദ്ര നീണ്ടു പോയിരുന്നുവെങ്കിൽ,

ഈ രാവിലെ ഉണരാതിരുന്നെങ്കിൽ 

എന്നറിയാതെ ആശിച്ചുണരുന്ന പുലരികളായി 

മാറി എനിക്ക് വിഷു പിന്നെപ്പലവർഷങ്ങളിലും...


ഒടുവിലെ കണ്ണാടിക്കാഴ്ചയിലെത്തുമ്പോൾ

പലവിഷുക്കൾ പിന്നെയും കടന്നു പോയിരുന്നു

കണിക്കൊന്ന മരം മുറിയ്ക്കണം എന്നച്ഛൻ്റെ വാശി,

മരമാർക്കും ദോഷം ചെയ്യുന്നില്ല, മുറിപ്പിക്കില്ല എന്ന് ഞാനും, 

 പിന്നെയോർത്തു ഞാൻ, ഒറ്റയ്ക്കച്ചൻ താമസിക്കും സ്വന്തം വീട്ടിൽ

ആയിക്കോട്ടെ അച്ഛൻ്റെ തന്നിഷ്ടം..

കൊന്നപ്പൂവിൻ്റെയും വിഷുവിൻ്റെയും ഓർമകളെ ആയിരുന്നോ

മുറിച്ച് മാറ്റാൻ അച്ഛൻ്റെ തത്രപ്പാട് ? 

ഓർമകൾ വൈരാഗ്യം ഉളവാക്കാനുതകിയോ ?

അന്നെന്നുള്ളിൽ ഉദിച്ചില്ലയീ ചോദ്യം

ഇന്ന് ചോദിക്കാൻ അച്ഛനും ഇല്ലല്ലോ

മുറിച്ച മരത്തിനു പകരമായി നട്ടിട്ടില്ല 

മറ്റൊരു കണിക്കൊന്ന തൻ കുഞ്ഞുതൈയിനിയും..



Rate this content
Log in

Similar malayalam poem from Tragedy