പാതി പെയ്ത മഴ
പാതി പെയ്ത മഴ
എന്നിൽ പതിയുന്നു നിൻ നീർത്തുള്ളികള-
തിലെവിടെയോ പെയ്യാൻ മറന്നൊരാ
വർഷകാലമതു നിശബ്ദയായി!
ഉറവ വറ്റിയ നിന്നിലെ മിഴികളിലിന്നെന്തിനീ
നീർച്ചാലുകളെന്നറിയെ, ഞാനോ
അമ്പലമൈതാനിയിലെ ആൽമരച്ചോട്ടിൽ
സ്തംബ്ദനായി നിന്നതോർക്കുന്നു;
വേർപ്പെട്ടുപോയ നിൻ കരങ്ങൾ
ചേർത്തുപിടിക്കാൻ വെമ്പുന്നൊരീയെന്റെ
ഹൃത്തടമോ ശൂന്യമെന്നതറിയുന്നു ഞാൻ;
കിനിഞ്ഞിറങ്ങിയൊരാ മഴത്തുള്ളി-
കളിലന്നാദ്യമായി നീയെൻ കരങ്ങളിലേയ്ക്കു
ചാഞ്ഞതോർക്കുന്നുവോ നീ?
കോരിച്ചൊരിഞ്ഞൊരാ വൃഷ്ടിയിൽ
ചേമ്പിലത്താളിനുള്ളിൽ നാമിരുപേരും
നടന്നുനീങ്ങിയൊരാ പാതകൾ
നമുക്കിന്നന്യമായതറിയുന്നുവോ നീ?
കൽവിളക്കിൽ നീ തെളിച്ചൊരാ
തിരിവെളിച്ചത്തിൽ സന്ധ്യതൻ
തെളിമയോ നിന്നിലറിഞ്ഞു ഞാൻ;
ഈ സന്ധ്യയിൽ ഞാനോ!
യാത്രാമൊഴി ചൊല്ലുവാൻ
നീയെന്നരികിലെത്തുന്ന നേരത്തിങ്കൽ
വിറങ്ങലിച്ചൊരെന്റെ ചുണ്ടുകൾ
അക്ഷരമറിയാതുഴറുന്നുവോ?
വിട നൽകുവാനാവില്ലെനിക്കെങ്കിലും
'പോയി വരൂ' അത്രമാത്രം!
പിന്തിരിഞ്ഞൊന്നു നോക്കാതെ നീ
നടന്നകലുമ്പോൾ നമുക്കായി
പെയ്തൊരാ മഴത്തുള്ളിയോരോന്നും
ഇന്നെന്റെ മിഴിയിൽ പതിയുന്നുവോ?
ഇനിയുമൊരു വർഷകാലം
നമുക്കൊന്നായില്ലെങ്കിലും നാമൊന്നായി
നനഞ്ഞ നീർതുള്ളികളെന്റെ
യാത്രയിൽ പാതിയാകുന്നു...

