മ രി പ്പ്
മ രി പ്പ്


ഞാന്‍ മരിച്ചാല്‍..,
എനിക്കറിയാം, അതു നീ അറിയണമെന്നില്ല.
അറിഞ്ഞാല്‍ കൂടെ,
എന്നെ ഒന്നവസാനമായി കാണാന്‍ കൂടെ,
നിന്റെ തിരക്കൊഴിഞ്ഞു, നീ എത്തണമെന്നില്ല.
ഇനി, എത്തിയാല്‍ തന്നെ,
നിനക്കെന്നെ ഒന്ന് തൊടാന്‍ പോലും കഴിയാതെ,
ഒരു ഫ്രീസറിന്നുള്ളില്‍ ഞാന്‍
മലര്‍ന്നു കിടക്കുന്നുണ്ടാവും.
തണുത്ത്. മരവിച്ച്.
ഒരു നോക്ക് നീ നോക്കി ദൂരത്തെവിടെയോ
മിഴികള്‍ പായിച്ചു,
ഒരു നിശ്വാസത്തിലൂടെ, ഒരു നെടുവീര്‍പ്പിലൂടെ
ഒരുപാട് കാര്യങ്ങള്‍
നീ പറയാന്‍ ശ്രമിക്കുമ്പോള്‍,
ഞാന്‍ നിന്റെ കാതില്‍ മന്ത്രിക്കും,
“ഒരിത്തിരി, ഒരിത്തിരികൂടെ നേരത്തെ,
നിനക്ക് വരാമായിരുന്നില്ലേ?
ഒരിത്തിരി കൂടെ ആര്‍ദ്രത നിനക്ക്
കാണിക്കാമായിരുന്നില്ലേ?
ജീവനോടിരിക്കുമ്പോള്‍ പറയാന്‍
ആവാത്തതതെന്താണ്
ശാസം നിലച്ച ഈ ശരീരത്തോട്
ഇപ്പോള്‍ നീ പറയാനായി വന്നത്?”
ഒരു ചെറുകാറ്റായി
നിന്റെകവിളില്‍തലോടി
ഞാന്‍ തുടര്‍ന്നു പറയും,
“നീ, നീയെങ്കിലും പറയണേ,
നിന്നെ ഇഷ്ടപ്പെടുന്നവരോട് –
മരിക്കുന്നതിനു മുന്‍പേ തന്നെ,
കാതുകള്‍ പ്രവര്‍ത്തനരഹിതമാവുന്നതിനു
മുന്‍പേ തന്നെ,
കണ്ണുകളില്‍ ഇരുട്ടടയുന്നതിനു
മുന്‍പേ തന്നെ,
വാ തുറന്നു നിന്നോട് പറയാനായി,
എല്ലാമെല്ലാം, ഇഷ്ടമുള്ളതെല്ലാം.
അത് കഴിഞ്ഞാല്‍
എല്ലാം അര്‍ത്ഥശൂന്യമാണ്.
ഈ മരണം പോലെ.
ഇക്കഴിഞ്ഞ ജീവിതം പോലെ.”