STORYMIRROR

SUDHEESH DAMODAR

Romance Tragedy

4  

SUDHEESH DAMODAR

Romance Tragedy

എന്റെ പനിനീർ പൂവിനായ്

എന്റെ പനിനീർ പൂവിനായ്

1 min
457

നീ പോയതിൽ പിന്നെ ഒരിക്കൽ പോലും

എന്നെ നീ അന്വേഷിച്ചു കണ്ടതില്ല.

എന്തെന്ന് ചോദിച്ചുവെന്നിരുന്നാലും അതിനും

മൗനം മാത്രം ആയിരുന്നു നിന്റെ മറുപടി. 


ഒരിക്കൽ ഒന്നിച്ചിരുന്ന സായാഹ്നത്തിൽ നീ പറയുകയുണ്ടായി

ചുറ്റും മുൾപടർപ്പുകൾ കൊണ്ടു വേലി കെട്ടി സ്വന്തം ഇഷ്ടത്തിന്

വളരുവാൻ സമ്മതിക്കാതെ ദാഹ ജലം പോലും തന്നെന്നു

വരുത്തി സൂക്ഷിക്കുന്ന ഒരു പനിനീർ ആണ് നീയെന്ന്.

അതിലെ മുള്ളുകൾ കൊണ്ടെന്റെ ഹൃദയം മുറിക്കുവാൻ ആഗ്രഹമില്ലെന്നു. 


എന്നിട്ടും നീ ആ മുൾവേലികളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി..

നിനക്കായ്‌ ആ മുള്ളുകൾ സ്വയം ഞാനെൻ ഹൃദയത്തിൽ ചുറ്റി

ഹൃദയ രക്തം നിനക്കായ്‌ ഒഴുക്കി നിന്നെ സ്വതന്ത്രയാക്കി..

വീണ്ടും നീ പൂക്കാൻ തുടങ്ങി..

എനിക്കായ് എന്നു എന്നെ വിശ്വസിപ്പിച്ചു കൊണ്ടു..

നിന്നിലെ സുഗന്ധം എന്റെ ചുറ്റും നിറച്ചു കൊണ്ട്.. 


തലയുയർത്തി നീ വളർന്നപ്പോൾ നിന്നെ തഴുകാനായി വന്ന തെന്നലിലും..

ചുറ്റും നൃത്തം വെക്കുന്ന പൂമ്പാറ്റ ചിറകുകളിലും നീ ആനന്ദിക്കുന്നത്

കണ്ടു അന്നും മുള്ളുകൾ ഞെരിച്ചു കൊണ്ടിരുന്ന എന്റെ ഹൃദയം ആശ്വസിച്ചു. 


കാതങ്ങൾ കടന്നു പോകവേ വീണ്ടും ആകാശം കാർമേഘങ്ങളാൽ മൂടി..

ഇലകൾ കൊഴിഞ്ഞു വീഴുവാൻ തുടങ്ങി..

മഴ തുള്ളികൾ ഭൂമിയെ ചുംബനം കൊണ്ട് മൂടി..

ആ ചുംബനത്തിൻ തണുപ്പേറ്റ് നിന്റെ വേരുകൾ ഭൂമിയിൽ ആഴ്ന്നിറങ്ങി..


നിന്റെ സൗന്ദര്യം കണ്ടു ഇരെഴു ലോകവും കൊതിക്കവേ

പതിയെ നീ ഭൂമിയുടെ കാമുകിയായ്..

എനിക്കായ് പൂവിട്ട നിൻ ദളങ്ങൾ നൽകി

നിൻ പ്രണയം നീ അവനോട് ചൊല്ലി.

പതിയെ വേനലിൽ കൂടെ നിന്നെന്നെ നീ മറക്കുവാൻ തുടങ്ങി. 


ഒടുവിൽ ഒരു മൗനത്തിൽ എല്ലാമവസാനിപ്പിച്ചു

നീയെന്റെ ഹൃദയത്തെ ഇതേ മണ്ണിൽ തന്നെ മണ്ണിട്ടു താഴ്ത്തി..

മൗനം കൊണ്ടെന്റെ ഹൃദയം വീണ്ടും മുറിച്ചു..

ഉച്ചത്തിൽ നിലവിളിക്കുമ്പോഴെല്ലാം നീയെൻ മുറിവുകളിൽ മണ്ണിട്ടു. 


 ശ്വാസം മുട്ടുന്നു.. ചുറ്റും മുറിവിൽ നിന്നുതിർന്ന രക്ത കറ..

പതിയെ ഞാൻ കണ്ണുകൾ ഉയർത്തി നിന്നെ നോക്കി..

അന്നും നീ ചുവന്നു നിന്നിരുന്നു.. കാറ്റിന്റെ തഴുകലേറ്റ്..

മണ്ണിൻ പ്രണയം നുകർന്നു..


എങ്കിലും ഞാനന്നും ആശ്വസിച്ചു.

പകരക്കാരന്റെ വേഷമായിരുന്നെനിക്കെന്നാകിലും

എന്റെ രക്തമാണു നിൻ ദളങ്ങളിലെന്നാകിലും നീയിന്നും

സന്തോഷത്തോടെ പുഞ്ചിരിച്ചു നിൽക്കുന്നുണ്ടെന്നു.

അത് മതിയെനിക്കെന്നും…


ഇനിയും ഒഴുക്കാം ഞാനെൻ ചുടു നിണം നിനക്കായ്..

മതിവരുവോളം നീയത് വലിച്ചെടുത്തുകൊൾക.



Rate this content
Log in

Similar malayalam poem from Romance