STORYMIRROR

Sasidharan K

Inspirational

5  

Sasidharan K

Inspirational

അമ്മ

അമ്മ

1 min
27

ഇന്നലെയും ഞാനമ്മയെ നോവിച്ചു.

മുള്ളുകള്‍ പോല്‍ തറഞ്ഞൊരെന്‍ വാക്കുകള്‍,

കൊണ്ടുകീറി മുറിഞ്ഞ മനസ്സുമായ്

കമ്പിതയായ് മരവിച്ചിരുന്നുപോയ്.

കണ്ടതില്ല ഞാനാ മുറിപ്പാടുകള്‍,

കണ്ണുനീരുറവ വറ്റിയ മിഴികളും,

കണ്ണുനീര്‍ച്ചാലുണങ്ങിയ മിഴിയിണ

ഇന്നുമിത്തിരി നീരിനായ് ദാഹിപ്പൂ.

ഒന്നുമൊന്നുമുരിയാടിടാതമ്മ

എങ്ങോ മിഴികള്‍ തറഞ്ഞു നിന്നീടവേ,

ഒന്നുപോലും തിരിഞ്ഞുനോക്കാതെ ഞാന്‍,

മുന്നിലൂടെ ചവിട്ടിക്കടന്നുപോയ്.

ധാര്‍ഷ്ട്യഭരിതമെന്‍ പദനിസ്വനങ്ങളാ

തപ്തമാനസം മുനയില്‍ കൊരുക്കവേ,

നഷ്ടസ്വപ്നങ്ങള്‍ തന്‍ ശരശയ്യമേല്‍

ഇറ്റു ഗംഗാജലത്തിനായ് കേഴുന്നു.


ഇന്നു നേരം വെളുത്തനേരം മൂതല്‍

അമ്മയെത്തേടി ഞാനലഞ്ഞീടുന്നു.

ഇന്നലെ ഞാന്‍ കൊളുത്തിയ ചിതയിലെ-

ന്നമ്മതന്‍ മേനി കത്തിയമരവേ,

ഇന്നലെയാതലയ്ക്കല്‍ ഉടച്ചോരാ

മണ്‍കുടം ബന്ധമറ്റുവീഴ്ത്തീടവേ,

ഇന്നു വീണ്ടും കൊതിയ്ക്കുന്നു ഞാനെന്റെ

അമ്മയൊന്നു തിരിച്ചുവന്നീടുകില്‍.


പത്തുമാസം ചുമന്നു നടന്നതും,

ചുട്ടുനീറുന്ന വേദന തിന്നതും,

നെഞ്ചില്‍നിന്നും ചുരത്തിയ പാല്‍പ്പുഴ

എന്‍ടെ സിരകളില്‍ ജീവന്‍ പകര്‍ന്നതും,

എന്‍ടെ നിടിലം പനിച്ചുപൊള്ളീടുകില്‍

ബാഷ്പവര്‍ഷണശൈത്യം നുണഞ്ഞതും,

എന്‍ടെ മേനി കുളിര്‍ന്നു വിറയ്ക്കുകില്‍

തന്‍ടെ മാറിലെ ചൂടു പകര്‍ന്നതും

ഛാത്രികന്‍ ഞാന്‍ ദിനാന്ത്യത്തില്‍ പുസ്തക-

കെട്ടുകള്‍ താങ്ങി മുറ്റത്തണയവേ,

പുസ്തക സഞ്ചി കൈക്കലാക്കീട്ടമ്മ

വേര്‍പ്പു വസ്ത്രാഞ്ചലത്താല്‍ തുടച്ചതും,

ഇഷ്ടഭോജ്യങ്ങള്‍ ചാരത്തിരുന്നമ്മ

തുഷ്ടിയോടെന്നെയൂട്ടുന്നതും, പിന്നെ

അത്രയേറെ കഠിനമാം പാഠങ്ങള്‍

എത്ര സ്പഷ്ടമായ് ചൊല്ലിത്തരുന്നതും

വിദ്യയില്‍ ഞാന്‍ ബിരുദമെടുത്തപ്പോ-

ളെത്ര ആനന്ദതുന്ദിലയായതും,

ആദ്യമായ് ഞാനൊരുദ്യോഗമേല്‍ക്കുവാന്‍

യാത്രയായ് നില്‍ക്കെയെന്നരികത്തെത്തി,

മൂര്‍ദ്ധാവില്‍ തന്റെ കൈത്തലം വച്ചമ്മ

മൗനമായെന്നെയാശീര്‍വ്വദിച്ചതും,

ഒക്കെയൊക്കെ ഞാനോര്‍ക്കുന്നതിപ്പൊഴും,

ചുട്ടുനീറും നെരിപ്പോടു മാനസം.


അമ്മയെന്നെപ്പിരിഞ്ഞിട്ടു വത്സരം

മുന്നിലേയ്ക്കു കുതിച്ചു പാഞ്ഞീടവേ,

ഇന്നലത്തേതുപോലെയാ ഓര്‍മ്മകള്‍

എന്നില്‍ ചുറ്റിപ്പിണഞ്ഞുപടരവേ,

ഇന്നുമാമനം കുത്തിനോവിച്ചൊരാ

മുള്‍മുനയെന്നെത്തേടിയെത്തീടുന്നു.

എന്‍ടെയുള്ളിലാ വേദനക്കനലുകള്‍

വെന്തുനീറും ചുടലക്കളം തീര്‍ക്കേ,

അച്ചിതാഗ്നിതന്നായിരം നാവുകള്‍

നക്കിനക്കിയെന്നാത്മാവു പൊള്ളിയ്ക്കേ,

മാപ്പിനര്‍ത്ഥിച്ചു നില്‍പ്പൂ ജനനിത-

ന്നാത്മാവിന്‍മുന്നില്‍ ബാഷ്പവര്‍ഷം തൂകി.



Rate this content
Log in

Similar malayalam poem from Inspirational