സ്ത്രീ
സ്ത്രീ


തൊട്ടതിനൊക്കെ പഴിയേറെ കേൾക്കുന്ന
നാരീജനം വെറും പാഴ്വസ്തുവോ
നരന്റെ ബീജം വഹിക്കുവാനായി
പിറന്നിതോ നാരി പാരിടത്തിൽ
അലകടൽ പോലെ പ്രക്ഷുബ്ധയാണവൾ
വെള്ളാമ്പൽപ്പൂ പോലെ നിർമ്മലയും
മകളായി പ്രണയിനിയായി ഭാര്യയായി
മനുജകുലം പിറന്ന നാൾമുതൽ
വിഭിന്ന വേഷങ്ങളിൽ അവളെത്തുന്നു
നാരിയില്ലെങ്കിൽ നരനീ ക്ഷിതി വെറും
മരുസ്ഥലി സമമെന്നോർക്കണം നാം
പുരുഷന്റെ ശയ്യ പങ്കിടുന്ന നാരിയിന്നിതാ
ഒരുപിടി നോവിനാൽ വെന്തുനീറുന്നു
പൂജനീയ നാരിയിന്നു മനുജന്
കേവലമൊരു കളിപ്പാട്ടം മാതിരി
എത്രയോ യുദ്ധങ്ങൾ കാമിനിക്കായി ചെയ്തു
എത്രയോ നരജന്മം മണ്ണടിഞ്ഞു
ചഞ്ചലയല്ലിന്നു നാരിയെന്നോർക്കണം
ആത്മാഭിമാനത്തിൻ സത്സ്വരൂപം
കാമാന്ധതയുടെ ദുർഭൂതങ്ങൾ വാഴുന്ന നാട്ടിൽ
പുനർജ്ജനിക്കട്ടെ സ്ത്രീ സംഹാര രുദ്രയായി
അവളുടെ അശ്രുകണങ്ങൾ അഗ്നിയായി മാറട്ടെ
ദുഷ്ടകുല ജാതരതിൽ എരിഞ്ഞടങ്ങട്ടെ...