STORYMIRROR

Ajayakumar K

Drama Children

4  

Ajayakumar K

Drama Children

കടലാസുതോണി (വൃത്തം:കേക)

കടലാസുതോണി (വൃത്തം:കേക)

1 min
338

മാമക മനതാരിൽ തേൻമഴ പെയ്‌തീടുന്നു

ലാവണ്യം നിറഞ്ഞൊരു ബാല്യത്തെ നിനയ്ക്കുമ്പോൾ

മോഹങ്ങൾ കഴലായി മാറിയ ബാല്യകാലം

കാലം കവർന്നെടുത്തു വാസര സുമങ്ങളെ


ആകാശ പൂർണ്ണകുംഭം മാരി ചൊരിഞ്ഞ നാളിൽ

മാമക വിരലുകൾ ചമച്ചു കളിവള്ളം

മുട്ടോളം വാരിയിങ്കൽ മെച്ചത്തിൽ ഞാനിറക്കി

തൂവെള്ള കടലാസിൽ തീർത്തൊരു കളിവള്ളം


ശക്തമാം കാറ്റുവീശി കളിയോടം തകർന്നു

മാമക കിനാവുകൾ തകർന്നു പളുങ്കുപോൽ

ഒട്ടേറെ കരഞ്ഞു ഞാൻ സങ്കട വാരിധിയാൽ

അമ്മതൻ സ്നേഹ കടൽ സങ്കടം മെല്ലെ നീക്കി


യാതൊന്നുമറിയാതെ വർഷങ്ങൾ കൊഴിഞ്ഞുപോയ്‌

വർഷവും ശിശിരവും ക്രമത്താൽ വന്നണഞ്ഞു

ജീവിത കൊടും ചൂടിൽ പൊള്ളുന്ന വേളയിലും

കുളിർ തെന്നലായ് വന്നു മാമക ബാല്യകാലം


ചങ്ങാതിമാരുമായി കാടുകാട്ടിയ കാലം

മാനുഷ്യ ജന്മത്തിന്റെ സൗവർണ്ണ കനിയല്ലോ

നിഷ്കളങ്കതയുടെ മരന്ദം നുണയുവാൻ

യാതന തിന്നു വീർത്ത മാനസം കൊതിക്കുന്നു


പ്രാപ്യമല്ലെന്നറിയാം എങ്കിലും ആശിക്കുന്നു

ആരാമ തുല്യമായ ബാല്യത്തെ മുകരുവാൻ

നീലമാം വാനിലൂടെ പറക്കും പറവപോൽ

എന്നുടെ മോഹങ്ങൾക്കു ചിറകു മുളയ്ക്കുന്നു


Rate this content
Log in

Similar malayalam poem from Drama