മഹാബലി ചരിതം
മഹാബലി ചരിതം
പണ്ടൊരു കാലത്തു മാമല നാടിങ്കൽ
മാബലി മന്നൻ ഭരിച്ചിരുന്നു
കള്ളവും പൊള്ളത്തരവും ചതികളും
എള്ളോളമില്ലാത്ത നല്ല കാലം
ആധികൾ വ്യാധികൾ ഒന്നുമേയില്ലാത്ത
മാബലി മന്നന്റെ സത്ഭരണം
കാഞ്ചന വർണ്ണം കലർന്ന വയലുകൾ
സമ്പന്നതയുടെ കേദാരമായ്
തുമ്പയും മുക്കുറ്റി ചേമന്തിയും സദാ
പുഞ്ചിരി തൂകിയ പൊൻ ദിനങ്ങൾ
അല്ലലും വ്യാധിയും കേട്ടറിവില്ലാത്ത
കേരങ്ങൾ തിങ്ങുന്ന വൃന്ദാവനം
ഉള്ളവർ ഇല്ലാത്തോർ എല്ലാവരും തുല്യർ
മാമല നാട്ടിൽ പൊന്നോണമാണേ
ഇന്ദ്രാദി ദേവൻ ഭയപ്പെട്ടു മെല്ലവേ
മാബലി മന്നന്റെ സത്കീർത്തിയാൽ
ദാനശീലത്തിനു പര്യായമാകിയ
മാബലി മന്നന്റെ ഖ്യാതിയേറെ
ദേവലോകത്തിനു ഭീഷണിയാകിയ
മാനവ
ൻ വേണ്ടിനി പാരിടത്തിൽ
ഇന്ദ്രന്റെ അർത്ഥന കേട്ട മഹാവിഷ്ണു
ക്ഷിപ്രേണ വാമന വേഷം പൂണ്ടു
വിശ്വജിത് യാഗം നടത്തീന മാബലി
കണ്ടിതോ കൺമുന്നിൽ വാമനനെ
അല്ലയോ മന്നവാ മൂന്നടി മണ്ണു ഞാൻ
യാചിക്കുന്നു കൃപയുണ്ടാകണം
മാബലി മന്നൻ ക്ഷിപ്രേണ ചൊന്നീടുന്നു
സ്വീകരിച്ചാലുമെൻ ദാന വസ്തു
ക്ഷണാൽ വളർന്നു വലുതായി വാമനൻ
അംബര ചുംബിയായ് മാറിയല്ലോ
രണ്ടടി വച്ചപ്പോൾ ഭൂമിയും സ്വർഗ്ഗവും
മൂന്നാം ചുവടിനാൽ പാതാളവും
പിന്നയോ നൽകുവാൻ മാബലി മന്നനു
സ്വന്തമായുള്ള ശിരസ്സു മാത്രം
വാമനൻ അന്നേരം തൃപ്പാദ സൂനത്താൽ
മാബലി മന്നനെ താഴ്ത്തി മെല്ലേ
ശ്രാവണ ചന്ദ്രിക പൂത്തുലഞ്ഞീടുന്നു
മാബലി മന്നൻ വരുന്നീടുന്നു