ഓർമ്മച്ചെപ്പ്
ഓർമ്മച്ചെപ്പ്


ഓർമ്മതൻ മച്ചിലെ മാറാല തട്ടുമ്പോൾ
കണ്ടു ഞാൻ വീണ്ടുമാ പുസ്തകസഞ്ചി.
തുടിക്കും ഹൃത്തിനാൽ തുറന്നൊരാ സഞ്ചിയിൽ
കണ്ടു ഞാൻ ഭദ്രമായി കുഞ്ചുവും മക്കളും,
റാകിപ്പറക്കുന്ന ചെമ്പരുന്തും, പിന്നെ മേരിക്കുണ്ടൊരു കുഞ്ഞാടും.
പുസ്തകത്താളിൽ മയങ്ങിക്കിടക്കവേ
കേട്ടുഞാൻ നിന്റെ പൊട്ടിച്ചിരികളും,
പേറ്റു നോവാൽ കരയുന്ന മയിൽപീലി ,
ചെടിയായ് വളർന്നൊരാ മഷിത്തണ്ടിന്നിലകളും,
കടലാസു പെൻസിലിൻ കുഞ്ഞുങ്ങളും, പിന്നെ പൊട്ടിപ്പൊളിഞ്ഞൊരാ സ്ലേറ്റിൻ കഷണവും.
വട്ടയിലയിലെ ഉപ്പുമാവിൻ മണവും,
ഉച്ചക്കഞ്ഞി തൻ ചൂടുള്ള രുചിയും
അറിയാതെൻ ഓർമ്മയിൽ ഓടിയെത്തി;
രസമുകുളങ്ങൾക്ക് നനവുണർത്തി.
കോട്ടി കളി, പിന്നെ കക്കു കളിയും,
കൊത്തങ്കൽകളിയിലെ കിട്ടാക്കടവും
മാധൂര്യമേറുന്നോരോർമ്മകളായ്
മനസ്സിൻ ചെപ്പിൽ നോവുണർത്തി.
മാറാല തട്ടി മിനുക്കി ഞാൻ ഓർമകൾ
താഴിട്ടു പൂട്ടി മനസ്സിൻ മച്ചകത്തിൽ.