മുഖം മൂടികൾ
മുഖം മൂടികൾ


കോവിഡേ, നിനക്കൊരു പ്രണാമം.
ന്യൂ-ജെൻ വാക്കുകളിൽ,
നീ "ചിമിട്ടൻ".
നീ "മരണമാസ്സ്".
അല്ലെങ്കിലും നീ ന്യു ജെൻ മാല് തന്നെ.
നിന്റെ മുന്നിൽ, ബാക്കി എല്ലാം 'പുയു' ആയിരുന്നില്ലേ?
സോറി ഡാ, ആയിരുന്നില്ലേ എന്നല്ല.
ആണ്. ശരിക്കും.
നീ ഡോൺ.
ബാക്കി എല്ലാം നിന്റെ മുൻപിൽ വെറും 'പുയു' തന്നെ.
എത്ര പെട്ടെന്നാണ് നീ
ഞങ്ങളെ, എന്ന് വെച്ചാൽ ഈ തലക്കനം കൊണ്ട്
ഞെളിഞ്ഞു നടന്ന മാനുഷ ജാതിയിൽപ്പെട്ട
എല്ലാവരെയും, മാറ്റിയെടുത്തത്.
മുഖം മൂടാതെ മുഖം മൂടികൾ വെച്ച് നടക്കുന്ന
ഞങ്ങളെ നീ സത്യസന്ധരാക്കി.
നറുചിരിയുടെ മറയിൽ വൻചതി ഒളിപ്പിച്ചും,
ഊറും ദയവിൻ തുള്ളികളിൽ
കൊടിയ വിഷം കലർത്തിയും,
നേരിൻ മുഖപടം പരിചയാക്കിയും,
കാപട്യം കൂർപ്പിച്ച വാൾ പേറിയും നടന്ന ഞങ്ങൾക്ക്
ഇപ്പോൾ നീ നൽകുന്നത് തീർത്താൽ തീരാത്തത്ര
സന്തോഷവും സമാധാനവും.
ആശ്വാസം, ഇനി ഞങ്ങൾക്ക് ഞങ്ങളുടെ
സാക്ഷാലുള്ള മുഖം ഒളിപ്പിക്കാതെ
സത്യസന്ധരായി നടക്കാം.
യാഥാർത്ഥമുഖത്തിന്റെ വൈകൃതം മറച്ചുപിടിക്കാൻ
നീ ഞങ്ങൾക്ക് ഒരു നിർവ്യാജമായ കാരണം തന്നിട്ടുണ്ടല്ലോ.
അങ്ങിനെ ഞങ്ങളെ നെറിയുള്ളവരാക്കി മാറ്റിയതിന്റെ
ബഹുമതിയും നിനക്ക് തന്നെ.
കോവിഡേ, പ്രണാമം.
ന്യൂ-ജെൻ വാക്കുകളിൽ,
നീ "ചിമിട്ടൻ".
നീ "മരണമാസ്സ്" തന്നെ!