മുയലിന്റെ കൊമ്പ്
മുയലിന്റെ കൊമ്പ്


കുട്ടിക്കാലം മുതലിങ്ങോട്ട്
ആവർത്തിച്ചു കേട്ടൊരു ചൊല്ല്.
"താൻ പിടിച്ച മുയലിനു രണ്ടു കൊമ്പ്".
കുഞ്ഞുനാളുകളിൽ ഞാൻ പോറ്റിയ
വളർത്തുമൃഗങ്ങളിൽ ഒന്നായ
മുയലിന്റെ തലയിൽ ഒട്ടേറെ തവണ
പരതിനോക്കിയിട്ടുണ്ട്.
ആശയിൽ, ആ കൊമ്പൊന്നു
തൊടാനാവുമെന്ന ശുഭപ്രതീക്ഷയിൽ.
ക്ഷമ നശിച്ചും, നൈരാശ്യം പൂണ്ടുമാണ് ഞാൻ,
അമ്മയുടെ പക്കലെത്തി
പരാതിയുടെ കെട്ടഴിച്ചതും,
"എന്താണമ്മേ, അമ്മ പറയുന്ന മുയലിന്റെ കൊമ്പ്
എന്റെ മുയലിനു മാത്രം വരാത്തത്?
എപ്പോ വരും എന്റെ മുയലിന് കൊമ്പമ്മെ?"
ചിരിച്ചുകൊണ്ടോതിയമ്മ,
"അത് നീ കുട്ടിയായതു കൊണ്ടാണ്, മോനെ!
ഓരോന്നിനും അതിന്റെ പ്രായമുണ്ടല്ലോ, കുട്ടീ!
പ്രായപൂർത്തിയാകൂമ്പോൾ മാത്രമേ
നിനക്ക് മീശയും താടിയും വരൂ,
നിന്റെ ശബ്ദം കട്ടിയാവൂ.
പെൺകുട്ടികളോട് അടുപ്പം കൂടാൻ
തോന്നുന്നതും അതിനു ശേഷമാണ്.
വയസ്സേറെയാകുമ്പോൾ മാത്രം
കിട്ടുന്ന ഒന്നാണ് വിവേകവും, കുട്ടാ!
ചിലർക്കോ, മരണത്തിന്റെ വക്കത്തും!
പ്രായം തികയുമ്പോൾ,
പ്രായം തികയുമ്പോൾ മാത്രം,
നിനക്കാ കൊമ്പ് കാണാനും,
തൊട്ടറിയാനുമാവും.
അന്ന് നിന്റെ പക്കലീ മുയലുണ്ടാവണമെന്നില്ല.
എത്രയോ മുയലുകളെയും,
അവയെ നന്നായി വളർത്തുന്ന
മനുഷ്യരെയും, നീ കാണും,
അന്ന് മുയലിനു കൊമ്പുണ്ടെന്നു നീ തിരിച്ചറിയും."
അമ്മ ശരിയായിരുന്നു.
ഞാൻ കണ്ടറിഞ്ഞു.
ഞാൻ കൊണ്ടറിഞ്ഞു.
മുയലിനു കൊമ്പുണ്ട്.
അത് പണ്ടത്തെപ്പോലെ രണ്ടുമല്ല!
പലേ മുയലുകൾക്കും
കൊമ്പുകൾ രണ്ടുണ്ട്.
രണ്ടിൽക്കൂടുതൽ
കൊമ്പുകളുള്ള മുയലുകളെയും
ധാരാളം കാണാം!