ഇരു നദികൾ
ഇരു നദികൾ


നിദ്രയെന്നൊരു നദിയുണ്ട്!
നിനവിന്റെ നീലത്തോണികൾ
നീളെയൊഴുകുന്ന നദി!
എത്ര സ്വപ്നങ്ങൾ മുറിഞ്ഞ
ചിത്രങ്ങളാണവ്യക്തമവിടെ!
എത്ര ചിത്രത്തോണികൾ മറിഞ്ഞ
കുത്തൊഴുക്കുകളാണവിടെ!
മുറിഞ്ഞ സ്വപ്നങ്ങൾക്കുമപ്പുറം
മറഞ്ഞ യാനങ്ങളുയിർക്കുന്നു!
ഉയിർത്ത യാനങ്ങൾ പിന്നെയും
മറഞ്ഞിരുളിലാണ്ടു പോകുന്നു!
അതുപോലെത്ര ചിത്രങ്ങൾ
മങ്ങിത്തെളിഞ്ഞ സുവർണ്ണ
നദിയാണുണർവ്വുകളേ നിങ്ങളും!
പിറവി തൊട്ടേ മുറിഞ്ഞു പോയ
കനവിൻ നീരൊഴുക്കുകൾ!
ഇരു നദികളുമൊഴുകിയണയും
മഹാനദിയെവിടെന്നറിയുമോ?
അകലെയല്ലതെങ്കിലും ചെത്തം
കേൾക്കുകില്ലിരു നദികളും!