Kadal vilikkumbol
Kadal vilikkumbol


എത്രമേൽ വേണ്ടെന്നുവെച്ചാലും
പിന്നെയും പിന്നേയും
നിന്നിലേക്കുതന്നെ
വീണുപോകുന്ന
പ്രലോഭനങ്ങളുടെ
അദൃശ്യമായൊരിന്ദ്രജാലങ്ങൾ..
പിന്തിരിഞ്ഞു നടക്കാൻ
ശ്രമിക്കുമ്പോഴൊക്കെയും
നിന്നിലേക്കു മാത്രം നീളുന്ന
അതേ വഴികളുടെ
അറ്റമില്ലാത്ത കാത്തിരിപ്പുകൾ..
നിന്നിലേയ്ക്കു മാത്രം
തുളുമ്പാൻ കൊതിയ്ക്കുന്ന
അതേ പുഴയുടെ
അടങ്ങാത്ത വെമ്പലുകൾ..
ഒന്നു തൊട്ടാൽ
കെട്ടഴിഞ്ഞു പോയേക്കാവുന്ന
എന്‍റെ ഉന്മാദങ്ങളുടെ
കൊടുങ്കാറ്റിനെ
നിന്നിൽ മാത്രം അവസാനിക്കുന്ന
എന്‍റെ സ്വപ്നങ്ങളെ
തീവ്രാനുരാഗത്തിന്റെ
അനിർവചനീയമായ
ആനന്ദത്തിരകളിലൂടെ
അനന്തമായ് തുടരുന്ന
എന്റെയീ യാത്രകളെ
നെഞ്ചിൽ ചേർത്തുവെയ്ക്കുമോ
നിനക്കു മാത്രം സ്വന്തമെന്ന
ഒറ്റവാക്കിലൂടെയെങ്കിലും..