കൃത്യതകളുടെ ബന്ധനങ്ങൾ.
കൃത്യതകളുടെ ബന്ധനങ്ങൾ.
കൃത്യതകൾ എന്നെ പാടെ ബന്ധിച്ചിരിക്കുന്നു.
കൃത്യ സമയത്തുള്ള ഉണരൽ, കൃത്യ സമയത്തുള്ള ഓഫീസിലേക്കുള്ള
തയാറെടുപ്പുകളും യാത്രയും, കൃത്യ സമയത്തുള്ള ഓഫീസ് ജോലി,
കൃത്യ സമയത്തുള്ള മടക്കയാത്ര, കൃത്യ സമയത്തുള്ള രാത്രി ഭക്ഷണം, ഉറക്കം.
ഈ കൃത്യതകൾ എൻറെ ജീവിതത്തിൻറെ ഒരു ഭാഗമായി കഴിഞ്ഞു,
ഈ ടൈംടേബിൾ ദിവസങ്ങൾ എൻറെ ജീവിതത്തിൻറെ
സത്തയെയാണ് ഇല്ലാതെയാക്കുന്നതു.
ഈ ഓട്ടം ജീവിതത്തിൻറെ നന്മകളെയാണ് എന്നിൽ നിന്നും കവർന്നെടുക്കുന്നത്.
ഒന്ന് വൈകി ഉറങ്ങാൻ, അലാറങ്ങളുടെ വിളിച്ചുണർത്തുകളില്ലാതെ
മതിവരുവോളം ഒന്നു കിടന്നുറങ്ങാൻ മനസ് കൊതിക്കുന്നു.
ചിട്ടകളില്ലാത്ത, സങ്കീർണതകളില്ലാത്ത, കെട്ടുപാടുകളില്ലാത്ത
ഒരു ദിവസം ഞാൻ സ്വപ്നം കാണുന്നുണ്ട്.
ഈ കൃത്യതകൾ എന്നെ കണ്ണുകൾ ഇരുവശത്തു നിന്നും
മൂടപ്പെട്ട ഒരു കുതിരയെ പോലെ ആക്കി തീർക്കുന്നു.
ഇരു വശങ്ങളിലെയും വശ്യസുന്ദരങ്ങളായ ദൃശ്യങ്ങൾ
എനിക്ക് നിഷേധിച്ചു കൊണ്ട്, ഓടുക, ലക്ഷ്യത്തിലെത്തുക
എന്നത് മാത്രമാണ് എൻറെ ദൗത്യം എന്ന
തളച്ചിടലിലേക്കു എന്നെ വരിഞ്ഞു മുറുക്കിയിരിക്കുന്നു
.
ഒരു പൂവിൻറെ സൗന്ദര്യവും, സുഗന്ധവും എനിക്ക്
എന്നേ അന്യമായി കഴിഞ്ഞു. പുൽമേടുകളുടെ ദൃശ്യഭംഗിയും,
ചക്രവാളങ്ങളുടെ വർണരാജികളും എനിക്ക് നഷ്ടപ്പെട്ട് കഴിഞ്ഞു.
മലമുകളിൽ നിന്നും ഒഴുകി വരുന്ന അരുവിയുടെ
ആരവങ്ങൾ ഞാൻ മറന്നേ പോയി.
ഉരുളൻ കല്ലുകളെ തഴുകി ഒഴുകുന്ന അരുവിയുടെ തീരത്തെ
തണുത്ത കാറ്റിൻറെ തഴുകലും എൻറെ നഷ്ടങ്ങളായി കഴിഞ്ഞു.
പച്ചപ്പ് നിറഞ്ഞ വൃക്ഷ കൂട്ടങ്ങളും, അവയുടെ കാറ്റിലുലയുന്ന
മർമ്മരങ്ങളു
ം എന്നെ വിട്ടകന്നു കഴിഞ്ഞു.
പക്ഷികളുടെ ചിലയ്ക്കലുകളും അവയുടെ പാട്ടും
എൻറെ കാതുകളിൽ നിന്നും അന്യം നിന്ന് പോയിരിക്കുന്നു.
ഈ യാന്ത്രികമായ ദിവസങ്ങൾക്കിടയിലും വല്ലപ്പോഴും വീണുകിട്ടുന്ന
ചില നിമിഷങ്ങളിൽ ഞാൻ സ്വപ്നം കാണാറുണ്ട്,
എൻറെ സ്വപ്‌നങ്ങൾ ഈ കൃത്യതകളുടെ കെട്ടുപാടുകൾ തകർത്തുകൊണ്ട്,
എല്ലാ വിലങ്ങുകളെയും ഭേദിച്ചുകൊണ്ട്,
പ്രകൃതിയുടെ വശ്യഭാവങ്ങളിലേക്കു യാത്ര പോകാറുണ്ട്.
ഒരു റോസാപ്പൂവിൻറെ സൗന്ദര്യം നുകർന്ന് പറക്കുന്നതും,
മുല്ലപൂക്കളുടെ ഗന്ധത്തിൽ ലയിച്ചലിയുന്നതും
എൻറെ സ്വപ്നങ്ങളിൽ നിറയുന്നുണ്ട്. ചുവപ്പു കലർന്ന
ഉദയാസ്തമയങ്ങളുടെയും, വെയിൽ പരന്ന പകലുകളിൽ
തിമർത്താടുന്ന പുൽക്കൊടിത്തുമ്പുകളുടെയും ചിത്രങ്ങൾ
എൻറെ കിനാവിൻറെ അഭ്രപാളിയെ വർണാഭമാക്കുന്നുണ്ട്.
അരുവിതീരത്തെ നനഞ്ഞ മണ്ണിൽ, ഒഴുക്കിൻറെ ശബ്‌ദഘോഷങ്ങളും
കാറ്റിൻറെ മർമ്മരങ്ങളും നുകർന്ന്, ഒഴുകിപോകുന്ന
അരുവിയിലൂടെ നീന്തിത്തുടിച്ചു പോകുന്ന കുഞ്ഞു മീനുകളോട്
യാത്രപറഞ്ഞുകൊണ്ടുള്ള ഇരിപ്പും എൻറെ സ്വപ്‌നങ്ങളെ സമ്പന്നമാക്കുന്നുണ്ട്.
ഒരു വൃക്ഷത്തണലിലേയ്ക്ക് കിളികളുടെ കലമ്പലുകൾ
കേട്ടുള്ള ഉണർന്നെണീയ്ക്കലും, കൈകൾ മേല്പോട്ടുയർത്തി,
വായ് മലർക്കെ തുറന്നു ഉറക്കെ കോട്ടുവായിട്ടു,
ശുദ്ധവായു ആഞ്ഞു വലിച്ചുകൊണ്ടുള്ള നിവർന്നിരിപ്പും ഞാൻ സ്വപ്നം കാണുന്നുണ്ട്.
എൻറെയീ സ്വപ്നങ്ങളെ ഒരു ശലഭകോശത്തിനുള്ളിൽ കുടിയിരുത്തി
ഞാൻ കാത്തിരിക്കട്ടെ, അവ ചിറകു വിടർത്തി വർണശലഭങ്ങളായി മാറുന്ന കാലവും കാത്തു.
അതുവരെ ഈ കൃത്യതകളുടെ ബന്ധനങ്ങളിൽ കുരുങ്ങി മുന്നോട്ടുള്ള യാത്ര തുടരുക തന്നെ...