കലി
കലി
എരിവേനൽപക്ഷികൾ തെളിനീരൂതേടുന്ന
കരിമണ്ണിൻ കനലാഴിക്കാട്ടിൽ
ഉരുകുന്ന മനസ്സിലെ ഉമിനീരുമാത്രമായ്
അലയുന്നോരുയിർ വാടിയ വേഴാമ്പൽ ഞാൻ
ഉലകത്തിൽ ഉയിരോടുയർന്നു പാറുവാൻ
ചിറകുകുകൾ കരുത്തരായവർ മാത്രമായ്
ഉണ്ണാനു മുറങ്ങാനുമക്ഷരം നേടാനും
മടിയിൽ കനമുള്ള മേലാളർ മാത്രമായ്
ഇവിടെ തെരുവിൽ അലയുന്നായിരങ്ങൾ
പുറമ്പോക്കുഭൂവിലെ ചെറ്റക്കുടിലുകൾ
കാമത്തിൻ കഴുകൻ കണ്ണുകളിൽനിന്നും
കൗമാരത്തെ കാക്കുവാൻ പാടുപെടുന്നില്ലേ
തെരുവിൽ ചിന്തിയ ബാല്യങ്ങളും
നിങ്ങൾ വലിച്ചുകീറിയ കൗമാരങ്ങളും
നിലാവിനെ സ്വപ്നംകണ്ട കതിർ നാമ്പുകളല്ലേ?
സ്വപ്‌നങ്ങളിൽ തളിർത്ത മനസ്സുകളല്ലേ?
ടിച്ചു കളഞ്ഞൂനിങ്ങൾ മൊട്ടിട്ട കൗമാരങ്ങളെ
ഇറുത്തു കളഞ്ഞൂ നിങ്ങൾ വിടർന്ന പൂവുകളെ
ഇലപോലും ഇല്ലാതെ വെട്ടിക്കളഞ്ഞു നിങ്ങൾ
ഈ തെരുവിലെ ബാല്യങ്ങളെ
ഇവിടെ സ്വപ്നങ്ങൾക്ക് അതിരുകൾ വീണു
ഇതളിനു കരിവിഷം മരുന്നായി മാറ്റി
ഇതാണാ ഇരുണ്ട കാലം കിനാവിനെ
കത്തിച്ചുകളയുന്ന കലിയുടെ വിളയാട്ട കാലം
