മരവിച്ച വസന്തം
മരവിച്ച വസന്തം
ഒരിക്കലാ കുന്നിൻ ചരിവിലൂടെ
ഇലകളിളകുന്ന വഴികളിലേറെ ദൂരം
കരങ്ങൾ കവർന്നു നടന്ന കാലം
മനസ്സു പകർന്ന വസന്തകാലം
അവിടെയാ വഴികളിൽ
പ്രണയം തളിർത്തിരുന്നു
ഇലകൾ വിരിച്ച പ്രണയ വൃക്ഷം
തണലാക്കി നമ്മൾ കഥകൾ കൂട്ടി
കണ്ണുകൾ തമ്മിൽ സല്ലപിച്ചു
മനസ്സുകൾ തമ്മിൽ കഥപറഞ്ഞു
ഇരുകൈകളും കൊരുത്തു ചേർത്ത്
ദൂരേക്കു നോക്കി നടന്ന കാലം
ഒരിക്കലും തീരാത്തൊരാ കഥ പറയവേ
പൊടുന്നനെ വന്നൊര കൊടുങ്കാറ്റിലാ
മരത്തിലെ ചില്ലകൾ അടർന്നു വീണു
ഇലകൾ ഉതിർന്നു മണ്ണിലണഞ്ഞു
ഇലകൾ കൊഴിഞ്ഞു വീണ കൊമ്പിലെ
കിളികൾ കൂട്ടമായ് പറന്നു പോയ്
പ്രണയ വൃക്ഷത്തിന്റെ വേരുകളിൽ
ചിതലുകൾ മൺകൂടു കൂട്ടി വാണു
ഇനിയുമൊരിക്കലും തിരികെ
വരില്ലാ വസന്ത കാലം
ഇനിയുമീ വൃക്ഷം പൂക്കുകില്ല
തണലിനു പോലും തളിർക്കുകില്ല
ഉണങ്ങാതെ ഉള്ളിൽ ജീവനൊളിച്ച
പ്രണയ വ്യക്ഷം കാലങ്ങളായ്
ഒരിറ്റു ജീവന്റെ തുടിപ്പേറ്റുവാങ്ങുവാൻ
തെളിനീരു തേടി വേരോടിച്ചു
ഇനിയും കാലങ്ങൾ കൊഴിഞ്ഞുവീഴും
വരുമോ വസന്തം തളിരായെങ്കിലും
പച്ചപ്പു പുൽകുവാനാകുമോ ഈ
വൃക്ഷത്തിൻ വേരുകൾ ബലമേകുമോ

