ഒരു കിനാവ്
ഒരു കിനാവ്
ബാല്യത്തിലേക്കൊരുവട്ടംകൂടി,
ഇനിയൊരിക്കലെങ്കിലുമൊന്നു
മടങ്ങിപ്പോകാൻ കഴിഞ്ഞെങ്കിൽ,
ചെരിപ്പിട്ടുകൊണ്ട്
കല്ലുവെട്ടാൻകുഴിയിലെ
കപ്പലുമാവിൽ
ഒന്നോടിക്കയറുവാനായി മാത്രം!
ഒരിക്കലെങ്കിലുമെനിക്കൊന്നു
ബാല്യത്തിലേക്കുമടങ്ങിപ്പോകാൻ
കഴിഞ്ഞെങ്കിൽ,
മരത്തിൽനിന്നും മരത്തിലേക്കുപാറുന്ന
മലയണ്ണാനെ ഒന്നെറിഞ്ഞുവീഴ്ത്തുവാൻ
കഴിഞ്ഞേനെ..!
ഒരിക്കൽക്കൂടിയെനിക്കൊന്നു
ബാല്യത്തിലേക്കുമടങ്ങാൻ
കഴിഞ്ഞിരുന്നെങ്കിൽ,
കപ്പക്കായയിൽഈർക്കിൽ
കുത്തിയവണ്ടിയുണ്ടാക്കി
കമ്മ്യുണിസ്റ്റുപച്ചയുടെ
കവരക്കമ്പിനാലോടിച്ചുകൊണ്ട്
കൂട്ടിന്റെ വട്ടിനെ തോൽപ്പിക്കാമായിരുന്നു!
ഒരിക്കൽക്കൂടിയെനിക്കൊന്നു
ബാല്യത്തിലേക്കുമടങ്ങുവാൻ
കഴിഞ്ഞെങ്കിൽ,ചൂണ്ടലിടുന്ന
മൂന്നാളാഴമുള്ളകുളത്തി-
ന്നടുവിൽ വിലങ്ങനേകിടക്കുന്ന
മരപോസ്റ്റിലൂടെ അക്കരെയിക്കരെ-
യൊന്നു നടക്കാമായിരുന്നു!
ഇനിയൊരിക്കലെങ്കിലും
എന
ിക്കുബാല്യത്തിലേക്കൊരു മടക്കയാത്രക്കിടമുണ്ടെങ്കിൽ
അക്കരെനിക്കണതെങ്ങിന്റെ
മണ്ടേലെ ഒറ്റക്കണ്ണൻ കാക്കേടെ
മറ്റേക്കണ്ണും വായുതോക്കിനാൽ
വെടിവച്ചുപൊട്ടിക്കാമായിരുന്നു!
ബാല്യത്തിലേക്കിനിയുമൊരു
മടക്കയാത്ര ഒരിക്കലെങ്കിലും സംഭവിച്ചെങ്കിൽ,എന്റേ ഏറിൽ നിന്നും
രക്ഷപ്പെട്ടു കൂവിയാർത്ത പൂവങ്കോഴിയെ
ഒറ്റയേറിനുകഴുത്തൊടിച്ചു
വീഴ്ത്തിയൊന്നു രസിക്കാമായിരുന്നു!
ബാല്യത്തിലേക്കുവീണ്ടുമൊന്നു
മടങ്ങിപ്പോകുവാൻ കഴിഞ്ഞെങ്കിൽ,
ഒരിക്കലൊരുപാതിരാത്രിയിൽ
രക്തംപോലും തണുക്കും വേളയിൽ
ഡ്രാക്കുളനോവലും വായിച്ചർദ്ധരാത്രിയിൽ
മടവീണ ഓലമേഞ്ഞ ശാലയിൽ
ഡ്രാക്കുള സിനിമയും കണ്ടൊറ്റക്ക്
സെമിത്തേരിതൻ അരികിലൂടെ
നടന്നുവരുവാൻ, കൊതിക്കുന്നു!
ബാല്യത്തിന്റെ പടിവാതിലിലൂടൊന്നു
തിരിഞ്ഞു മറിഞ്ഞാസ്വദിച്ചൊന്നുകൂടി
വരുവാൻ തലയും നരച്ച ഞാനിപ്പോഴും
കൊതിക്കുന്നുണ്ടെകിൽ, പറയുവാനെളുതരമൊന്നുമേയില്ലയാ
കൗതുകത്തിന്നിറകുടം,ഇപ്പോഴും തുളുമ്പിക്കൊണ്ടേയിരിക്കുന്നു!