മുഖംമൂടിയില്‍ പതിഞ്ഞ രശ്മികള്‍
മുഖംമൂടിയില്‍ പതിഞ്ഞ രശ്മികള്‍
ചില്ല് കഷ്ണങ്ങള്‍ ,
തെറിച്ച് പുറത്ത് വന്ന് വീണു .........
കുറച്ചെണ്ണമേയുള്ളൂ
എന്നാലും,
ആ സ്ത്രീ പരിഭ്രമിച്ചാണ് ഓടി വരുന്നത്
മഴ പെയ്യാനൊരുങ്ങുന്ന പോലെയുണ്ട്
അപ്പോള്‍ ......
അവരെല്ലാം,
തങ്ങളെ കടന്ന് പോയ ,,,
എത്ര പരതിക്കഴിഞ്ഞിട്ടും പേടി മാറാത്ത ,,
ആ സ്ത്രീയെ നോക്കി
തിരിച്ച് ഓടി വരുകയാണ് ………
ഇല്ല
മഴ പെയ്യുന്നില്ല ........
എല്ലാവര്‍ക്കും ചേര്‍ത്തുള്ള ആശ്വാസമാണ് അയാളുടെ മുഖത്ത്
എന്നുറപ്പ്
അപ്പോള്‍ …..
അഴിച്ച് വെക്കും മുന്‍പ് അയാള്‍ ചെരുപ്പില്‍ നോക്കി
ഇല്ല
ചളിയായിട്ടില്ല
മറക്കുടയില്‍ നിന്നും
പുറത്ത് കണ്ട ,
തന്‍റെ അതേ പ്രായം മാത്രമുള്ള,
പെണ്‍കുട്ടിയോട്,
വെളിച്ചത്തിന് പുതിയ എന്തെങ്കിലും ഗന്ധമുണ്ടോ എന്ന്
ചോദിക്കണമായിരുന്നു അവള്‍ക്ക്,
അപ്പോള്‍
പതിറ്റാണ്ടുകള്‍ യൗവ്വനം നല്‍കിയ ആ ചിത്രത്തിന്‍റെ ആവരണം,
പ്രകാശത്തിലേയ്ക്ക് തുറന്നതായിരുന്നു ...
പ്രതിബിംബത്തില്‍,
ആ ചണത്തുണിയില്‍ ഒരു പാട് കടും നിറങ്ങള്‍ പടര്‍ന്ന പോലെ തോന്നി,
അവള്‍ക്ക്,
അപ്പോള്‍
ഇല്ല . .
സ്വതന്ത്രമായ എന്തിനോടും,
ഒരു പക്ഷെ തനിക്ക്,
കുറച്ച് കാലമായി.
വളരേ കുറച്ച് കാലമായി,
തോന്നാറുള്ള അതേ വികാരം,
വെളിച്ചം,
അത് അവളെ ജ്വലിപ്പിച്ചിരുന്നു
നിറങ്ങള്‍,
അവളെ കൊതിപ്പിച്ചിരുന്നു
അവള്‍ മുഖം തിരിച്ചു ...
കറുത്ത മേലങ്കി ശരീരത്തോട് വീണ്ടും ചേര്‍ത്തു...
മുന്നോട്ട് നടന്നു
മൂടിക്കെട്ടിയ ആകാശത്ത് നിന്നും ഇറ്റ് വീണത്
അവളുടെ മൂക്കില്‍ മെല്ലെയൊന്ന് തൊട്ടു ,,,,,
അപ്പോള്‍ ......
പ്രകൃതിയെ ചാലിച്ച ഇന്ദ്രചാപം,
പക്ഷെ,
അവള്‍ മുഖമുയര്‍ത്തും മുന്നേ മറഞ്ഞിരുന്നു,
എന്നത്തേയും പോലെ .............
അല്ല ...........
കുറച്ച് കാലമായി.
വളരേ കുറച്ച് കാലമായി
കവിളില്‍ തൊട്ടിരുന്ന
ചാറ്റല്‍ പോലെ ,,,,,
മന്ദസ്മിതം മടങ്ങിയെത്താന്നൊരുങ്ങുന്ന അന്തര്‍ജനത്തിന്‍റെ
ആ ആലേഖ്യം പോലെ ,,,,
അതും തന്നില്‍ നിന്നും അകലുന്നത്,
അവള്‍ അറിഞ്ഞിരുന്നു
നടത്തത്തിന് വേഗം കൂടുകയായിരുന്നു .......
കനം കൂടി വരുന്ന മഴത്തുള്ളികള്‍ക്ക്
തന്നെ നനയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ മുതല്‍ ,,,,
അവള്‍ ഇത് പോലെ ...........
ഇതേ വേഗത്തില്‍ ..................
നടക്കാറുണ്ട്
കുറച്ച് കാലമായി.
വളരേ കുറച്ച് കാലമായി
നെറ്റിയില്‍ നിന്ന്‍ ഒലിച്ചിറങ്ങുന്ന ചന്ദനക്കുറി തുടച്ച്
ഈറനണിഞ്ഞ തനുവിനായ് മാറ്റത്തുണി തിരയുന്ന കൂട്ടുകാരിയെ,
കാണാതിരിക്കാന്‍,
വീടിനോടടുത്തെത്തുമ്പോള്‍ ,,,,,,
അവള്‍ ഇതേ പോലെ വേഗം കൂട്ടും
കുറച്ച് കാലമായി.
വളരേ കുറച്ച് കാലമായി
ഒരുമിച്ചിരുന്നിരുന്ന ,,,,,,
താന്‍ പോലുമറിയാതെ തന്നെ വലിച്ചിറക്കി കൊണ്ട് വന്ന ,,,,
കലാലയത്തിലേക്ക്
അവള്‍ പോവാനിറങ്ങും വരെ
അവള്‍ തന്‍റെ മുറിക്കുള്ളിരിക്കും,
ജനാലകള്‍ അമര്‍ത്തിയടച്ച് ..................
കുറച്ച് കാലമായി,
വളരേ കുറച്ച് കാലമായി
ഇരുട്ടിനെ പരിണയിക്കാന്‍ അവള്‍ക്കധികാരമുണ്ട്
അവളുടെ വിശ്വാസപ്രമാണങ്ങളെ പുനര്‍വ്യാഖ്യാനിച്ചവര്‍,
അവള്‍ക്കായി മാത്രം അനുവദിച്ചത്
വസന്തത്തിന്‍റെ
അവസാനം
വിരിഞ്ഞ
പൂവില്‍
കുടഞ്ഞു
കളഞ്ഞ,
തന്‍റെ അവശേഷിച്ചിരുന്ന ഒരേയൊരു പേനയുടെ നിറമാണ്,
അപ്പോള്‍
തൊട്ടിലില്‍ കിടന്നിരുന്ന മകന്‍റെ കുപ്പായത്തിന്
അധികം ദൂരെയല്ലാതെ,
ആരോ ഉറക്കെ പ്രസംഗിക്കുന്നു ..............
അതയാളാണ് .................
ഒഴിഞ്ഞ വയറും, കറുത്ത സ്വപ്നങ്ങളും,
മാത്രം നല്കി .......
തീറെഴുതി വാങ്ങിയ അവകാശങ്ങളുടെ, പതിച്ച് നല്‍കിയ ഭൂമിയുടെ,
കണക്കുകള്‍,
നിര്‍മിച്ച് നിരത്തുന്ന ,,,,,
മനുഷ്യശക്തിയുടെ ആ ചുവന്ന അപ്പോസ്തലന്‍
അവള്‍ ചിരിച്ചില്ല
ദൈവത്തിന്‍റെ പേരില്‍,
വിളക്ക്മാടങ്ങള്‍ തല്ലിതകര്‍ത്തവര്‍ക്ക് വേണ്ടി ,,
തനിച്ച് പോകരുതെന്ന്,
തന്നോട് അവര്‍ കല്പിച്ച വഴികളിലെല്ലാം ,,
അയാളും
അയാളുടെ കൂട്ടാളികളും,
എന്നും വരാറുണ്ടെന്ന് ,
അവള്‍ക്കറിയാം
അവര്‍ക്ക് വേണ്ടി
അവര്‍ക്ക് വേണ്ടി മാത്രം
സിദ്ധാന്തങ്ങളും,സങ്കല്പങ്ങളും,
കാല്‍പനികതയും,സത്യവും
അവളില്‍ നിന്നുത്ഭവിച്ച്, അവളിലൂടെ, അവളിലെത്തുന്നൂ
എന്ന്‍ പറയാന്‍ വേണ്ടി ....
അതിന് വേണ്ടി ...
അതിന് വേണ്ടി മാത്രം ......
അരിവാളിന്‍റെ തുരുമ്പ് അക്ഷരങ്ങളെ വികൃതമാക്കിയ
തന്‍റെ അമ്മയുടെ പഴയ പുസ്തകത്താളിലൊന്നില്‍,
അവളുടെ കൈ തട്ടി
അപ്പോള്‍ ....
"സംഘട്ടനങ്ങളും, സംഘര്‍ഷങ്ങളും
അവകാശങ്ങള്‍ക്ക് വേണ്ടി അല്ലാതെയാകുമ്പോള്‍,
അറിയാന്‍ വരുന്നവരോട് ഇറങ്ങാന്‍ ............."
പുസ്തകം അവിടെ വെച്ച് കീറിയിരുന്നു.
പുസ്തകങ്ങള്‍ മാത്രമല്ല ...
ഇരുട്ടിന്‍റെ
വെട്ടത്തില്‍
നാട്ടിയ
ചുവന്ന കൊടി
എന്നും,
വെറുപ്പിന്‍റെ കോട്ടയുടെ മുകളിലായിരുന്നു എന്ന്,
അവളോട് ആരൊക്കെയോ പറഞ്ഞിട്ടുണ്ട്
അവര്‍ കമാനത്തിന്‍റെ വശങ്ങളിലുള്ളവരായിരുന്നു
മൂടിക്കെട്ടിയ വായ തുറന്ന്‍ തങ്ങളെ മോചിപ്പിച്ചവരോട്,
അവര്‍ പലപ്പോഴായി സൂചിപ്പിച്ചത്
രക്തക്കുഴലുകളില്‍ പതുക്കെ നൂണ്ട് കയറി
സമഞ്ജസത്തെ ശയ്യാവലംബിയാക്കുന്ന സൂക്ഷ്മകണങ്ങളെ
അയാള്‍ സ്വന്തമായ് സൃഷ്ട്ടിച്ചിരുന്നുവെന്ന്
അവര്‍ തെളിവ് നല്കി
സൂര്യനസ്തമിക്കുമ്പോള്‍,
ഭിന്നിപ്പിന്‍റെ കീടങ്ങളെ,
പലയിടത്തായി വിതറാനെത്തുന്ന അയാളെ
ഒളിഞ്ഞു നിന്ന്‍ കാണേണ്ടി വന്നിരുന്നത്
അവര്‍,
ഓര്‍മകളില്‍ നിന്നും കൃത്യമായി പരതിയെടുത്തു
വളഞ്ഞ നട്ടെല്ലും,
വില്‍പനക്ക് വച്ച വ്യക്തിത്വവും,
അസത്യം മാത്രം പുലമ്പുന്ന നാവുമായി,
പതുങ്ങി പതുങ്ങി നടക്കുന്ന ഒരാള്‍
പിന്നെ അയാള്‍ വരിക കാലം കുറേ കഴിഞ്ഞാണ്
അയാളുടെ അപൂര്‍വമായ രാവിലെ നേരങ്ങളിലൊന്നില്‍
മനസ്സും ശരീരവും മരവിച്ച്,
പരസ്പരം അവിശ്വസിക്കുന്നവരുടെ മുന്‍പില്‍,
വ്യക്തിപൂജയുടെ, പ്രകോപനത്തിന്‍റെ, ധാര്‍ഷ്ട്യത്തിന്‍റെ,
തത്വസംഹിതയുമായി
അയാള്‍
അന്ന് അവതരിക്കും
വിശ്വാസങ്ങളോട് നിര്‍മമത്വമുള്ള പുരോഗമനോന്‍മുഖനല്ല
അയാള്‍
വികാരങ്ങളെ മാനഭംഗപ്പെടുത്തുന്ന,
അതി തീവ്ര വികാരങ്ങളുടെ നിലനില്‍പ്പിലൂടെ,
ഉപജീവനം തേടുന്ന
ഒരാള്‍......
]എന്നും എവിടേയും
അയാള്‍ക്കൊരേ മുഖം
പ്രബുദ്ധരാവുന്ന നിമിഷം,
തന്നെ അവര്‍ തീരസ്ക്കരിക്കുമെന്ന തിരിച്ചറിവില്‍,
പുറമ്പോക്കിലെ,
അടുത്തെങ്കിലും,
പെട്ടെന്ന് കണ്ണില്‍പ്പെടാത്ത ഒരിടത്തിരുന്ന്,
അയാള്‍,
സ്വസ്ഥമായ ലോകത്തെ അസ്വസ്ഥനായി നോക്കും
ജിജ്ഞാസയെ
അഭിവാഞ്ഛയെ
താഴിട്ട് പൂട്ടുന്ന,
ഭീതിയുടെ താക്കോല്‍ക്കൂട്ടങ്ങളിലെല്ലാം
ഒരു ചുവന്ന പിടിയുണ്ടായിരുന്നു എന്ന് ,
അവള്‍ക്ക് തോന്നാറുണ്ട്
കുപിതമായ ഇന്നലെകളിലെല്ലാം,
ജ്ഞാനദീപ്‌തമായ കാലത്തിന് മേല്‍,
ആ നിറം,
പടര്‍ന്ന് കട്ടിയായിപ്പോയിട്ടുണ്ട്
എതിര്‍ക്കപ്പെടരുതെന്ന് നിര്‍ബന്ധമുള്ളവരുടെ വിലക്ഷണമായ വദനങ്ങളില്‍,
പിന്നെയത് നിറയാറുണ്ട്,
വല്ലാത്തൊരു ചേര്‍ച്ചയോടെ
ഇപ്പോള്‍ അതില്‍ കുങ്കുമ നിറം കൂടി കലരുന്നു
അതിവേഗത്തില്‍ നടക്കുന്ന,
വണ്ണമുള്ള കാവിനൂലുകളുള്ള തലപ്പാവ് ധരിച്ച,
കുറേ ആളുകള്‍
അവര്‍,
ഇപ്പോള്‍ എവിടെ നിന്നെന്നറിയാതെ,
പലയിടത്തേക്കും വരുന്നു
ആള്‍ക്കൂട്ടങ്ങളില്‍ തലയുയര്‍ത്തി,
വശങ്ങളിലേക്ക് കണ്ണയക്കാതെ
രാവും പകലും അറിയാത്ത,
മഴയും വെയിലും കാണാത്ത,
മതിഭ്രമം വന്നവര്‍
തങ്ങള്‍ കാവല്‍ നില്‍ക്കുന്ന ഗോശാലകളെ,
അവര്‍,
മനുഷ്യരക്തം കൊണ്ട് മെഴുകുന്നു
അധിനിവേശങ്ങളെ താണ്ടി,
പ്രകൃതിയുടെ,കാലത്തിന്‍റെ വ്യതിയാനങ്ങളിലൂടെ
മനുഷ്യകുലത്തെ വഴി നടത്തിച്ച മൂല്യശേഖരത്തിന്,
മനുഷ്യന്‍റെ സംരക്ഷണം,
അവര്‍,
സ്വയം ഏറ്റെടുത്ത് നല്‍കുന്നു
കുറച്ച് കാലമായി.
വളരേ കുറച്ച് കാലമായി
അവളെഴുന്നേല്‍ക്കാനൊരുങ്ങി ..................
വരാനൊരുങ്ങുന്ന ശിശിരത്തോട്
ബഹുവര്‍ണ്ണ പുതപ്പ് ചോദിക്കാനെന്ന പോലെ
അതോ ,,,,, ???
ആ മഷിപ്പേനയെപ്പറ്റി
വസന്തകാലത്തോട് ഓര്‍മിപ്പിക്കാന്‍ പറയാനോ ???
അവളെഴുന്നേല്‍ക്കും മുന്നേ ഇടി മിന്നി .................
തൊട്ടിലിലേക്ക് പോയ കണ്ണുകള്‍ ഉടക്കിയത്
ചുമരിലായിരുന്നു ...........
അവിടെ ,,,,
ആ മുറിക്ക് പുറത്തേക്ക് ,,,,
അവളുടെ ആ പഴയ രൂപം ,,,,
നടന്ന് നീങ്ങുന്നു .............
ആരും തടയുന്നില്ല അവളെ .......
അപ്പോള്‍
ദൈര്‍ഖ്യമേറിയ ആ മിന്നലൊളി മടങ്ങി ..................
അവള്‍ ജനാലകള്‍ തുറന്നു ...............
കൂട്ടുകാരിയോട് കൈ വീശാനൊരുങ്ങി .......
മതത്തില്‍ നിന്നും മുഖാവരണത്തിലേക്കുള്ള ,,,,
വളരേ ദൂരം കുറഞ്ഞ, വീതി കുറഞ്ഞ
പാതയില്‍ നിന്ന്‍ കൊണ്ട്
അന്നാദ്യമായ്,
അവള്‍ ഉയരങ്ങളിലേക്ക് കണ്ണുയര്‍ത്തി ........
സ്വന്തം കുഞ്ഞിലേയ്ക്ക് ചുരുങ്ങുന്നവരുടെ
സ്നേഹത്തിന്‍റെ ഇടുങ്ങിയ മുറിയില്‍ നിന്ന്‍,
പുറത്തേക്ക്,
അനാഥനെ സനാഥനാക്കാന്‍ നീളാറുള്ള
ആ കൈകള്‍ ,
വിശപ്പില്‍ നിന്നും ഉയിര്‍ക്കൊള്ളുന്ന സഹനം,
അന്നം അന്യമായവളുടെ,
ശ്വാസതാളത്തിന്‍റെ മാപിനിയാണെന്ന്,
ആദ്യം പറഞ്ഞ
ആ ഭിഷഗ്വരന്‍
സ്നേഹവും, ഊര്‍ജവുമാകുന്ന,
വിമോചനത്തിന്‍റെ മഹാ രശ്മികള്‍
ഒരു തെരുവ് മുഴുവന്‍ തനിക്ക് വേണ്ടി മാത്രമായി ചിതറിച്ച്,
തന്നെ,
കാത്തു നില്‍ക്കുന്നു
എല്ലാവരെയും തിരിച്ചു കിട്ടിയവര്‍
ആയുധങ്ങള്‍ വലിച്ചെറിഞ്ഞവര്‍
ശാസ്ത്രവും സംഗീതവും അറിവുമാകുന്ന
ആരാധനയുടെ വലിയ വിഹായസ്സില്‍ പറന്നതിന്,
ആരൊക്കെയോ
ചിറകു മുറിച്ചു കളഞ്ഞവര്‍ .......
അങ്ങനെ പലരുമുണ്ട്
അദ്ദേഹത്തിന്‍റെ കൂടെ
ആ കൂട്ടത്തില്‍,
മാറി നില്‍ക്കുന്ന ഒരാള്‍,
അവളെ ഇടയ്ക്കിടെ നോക്കുന്നു ...
എന്നിട്ട്,
അദ്ദേഹത്തിന്‍റെ പിന്നിലേക്ക് പതുങ്ങുന്നു
ആണിനും പെണ്ണിനുമായി രണ്ട് നിയമാവലികള്‍
സ്വപ്നം കണ്ടതിലെ ജാള്യം മറക്കാനുള്ള
അയാളുടെ വ്യഗ്രത,
അവളെ ചിരിപ്പിച്ചു
തനിയെ ചിരിക്കുന്നവര്‍ ഭ്രാന്തില്ലാത്തവരാണ് .........
അവള്‍ക്ക് മുഖം മറക്കണമെന്ന് തോന്നി
അപ്പോള്‍ ...
വെളിച്ചം,
കണ്ണ് തുളയ്ക്കുന്നു .....
അവള്‍
വളരെ വളരെ സാവകാശമാണ് നടക്കുന്നത്
ദേഹത്ത് ഒട്ടിപ്പിടിച്ച പുഴുവിനെ,
വളരെ പതുക്കെയാണ്,
അവള്‍ തട്ടി മാറ്റിയത്
പുറത്ത് മഴ തുടങ്ങിയിരുന്നു
അപ്പോള്‍ ...................
