തിരികെ
തിരികെ
നീലാകാശം മേഘക്കുഞ്ഞുങ്ങൾക്ക് നൃത്തവേദിയാകുന്നത് പോലെ അയാൾക്കു തോന്നി. പതിയെ പതിയെ മേഘക്കുഞ്ഞുങ്ങൾ പല ദിശയിലേക്ക് പോയി.
“വേണൂ , വരൂ നമുക്ക് ഇറങ്ങാറായി”
ചില സ്വപ്നങ്ങൾ നന്മയുടെ പ്രകാശം വരിവിതറുക തന്നെ ചെയ്യും. മുറ്റത്തെ നെല്ലിമരം മാത്രമാണ് പ്രായത്തെ തോൽപ്പിച്ചത്. വേണുവിന്റെ സ്വപ്നം ഒളിപ്പിച്ചതും.
“മാഷെ നമുക്ക് ചിലങ്ക എപ്പോഴാ പൂജിക്കേണ്ടെ?”
“കാലത്ത് പത്തു മണിക്ക് മുന്പ് വേണു
ഒന്നും ആവലാതി വേണ്ട നമുക്ക് എല്ലാം ശരിയാക്കാം”
ഗുരു പറഞ്ഞു നിർത്തിയതും വേണുവിന്റെ മക്കൾ വന്നു. അച്ഛന്റെ ജീവിതാഭിലാഷം നിറവേറ്റാൻ ചുക്കാൻ പിടിച്ചവർ. രാജിയും,രാധയും അച്ഛന്റെ ഏത് ആഗ്രഹത്തിനും ഒപ്പം ഉണ്ട്. ചെറുപ്പത്തിലേ നൃത്തം അഭ്യസിക്കാൻ വേണുവിന് വലിയ ആഗ്രഹമായിരുന്നു.
പക്ഷേ മാതാപിതാക്കൾ അയാളെ വിലക്കി. പഠിപ്പ് , ജോലി ഇവയല്ലാതെ വേറെ ഒന്നും മനസ്സിൽ വേണ്ടന്ന് അവർ പറഞ്ഞപ്പോൾ അയാൾ അംഗീകരിച്ചു ഉദ്യോഗസ്ഥനായി.
പിന്നെ വിവാഹം, മക്കൾ, ജീവിതം ആഗ്രഹങ്ങൾക്ക് വഴി മാറികൊടുത്തതെയില്ല.
“എന്താ, വേണു നെല്ലിമരത്തിനോട് പറയണേ” ഗുരു നാണുആശാന് എഴുപതു വയസ്സിന്റെ തിളക്കം .
“ആശാന് ഈ നെല്ലിമരത്തിന്റെ കഥ അറിയൊ,ഞാൻ ആറുവയസ്സില് അമ്മ കാണാതെ ചിലങ്ക ഒളിപ്പിച്ചു വച്ചത് ഇതിന്റെ പൊത്തിലാ, ഇപ്പോ അറുപതിലാ യോഗം”
ആശാനും ശിഷ്യനും ഒരുമിച്ച് ചിരിച്ചു.
ഭാര്യയുടെ വിയോഗം അയാളെ ഏകനാക്കി തുടങ്ങിയത് തിരിച്ചറിഞ്ഞ മക്കളാണ് വേണുവിനെ നൃത്തം പഠിക്കാൻ പ്രോൽസാഹിപ്പിച്ചത് . ജീവിതസായാഹ്നത്തിൽ വിരസത എന്തെന്നു അറിയിക്കാതെ മക്കൾ അയാളെ സ്വന്തം ആഗ്രങ്ങളിലേക്ക് തിരികെ നടത്തി .... .
ഇന്ന് വേണുവിന്റെ അരങ്ങേറ്റം ആണ്, നാണു ആശാന്റെ ശിഷ്യരുടെ ഒപ്പം.
ജീവിതത്തിന് റിവേഴ്സ് ഗിയർ ഇല്ല എന്നത് ശരിതന്നെ. എന്നാലും നാം നമ്മുടെ ആഗ്രഹങ്ങൾ പ്രിയപ്പെട്ടവർക്ക് വേണ്ടി ഉപേക്ഷിക്കുമ്പോൾ, വിരളമായെങ്കിലും മനസ്സിൽ തീക്കനൽ ആയിരുന്ന പല സ്വപ്നങ്ങളും നമ്മെ തേടിവരാറുണ്ട്.
“തെയ്, തെയ് , ദിത്തി തെയ്”
വേണുവിന്റെ നൃത്താഭ്യാസത്തിനൊപ്പം ആ വലിയ നെല്ലിമരം കൊമ്പുകുലുക്കി ആടിയുലഞ്ഞു.
“അറുപത് കുട്ടികളുടെ അരങ്ങേറ്റത്തിന്റെ എല്ലാ ചെലവും ഏറ്റെടുത്ത നമ്മുടെ വേണുസാറിന് എല്ലാ നന്മകളും ആശംസിക്കുന്നു.” നാണു ആശാൻ ആശംസാപ്രസംഗം പറഞ്ഞു നിർത്തിയപ്പോൾ വേണുവിന്റെ കണ്ണുകൾ നിറഞ്ഞു. തിരശ്ശീല ഉയർന്നപ്പോൾ ആകാശത്തിലെ ഉദിച്ച സൂര്യനെ പോലെ അയാൾ നിറഞ്ഞാടി. സ്വന്തം ആഗ്രഹങ്ങൾ, കഴിവുകൾ എല്ലാം ആരുടെയൊക്കെയോ മുമ്പിൽ അടിയറവ് വെയ്ക്കപ്പെടുമ്പോൾ നമ്മൾ തന്നെ ഇല്ലാതാവുകയല്ലേ. ഒരിക്കലെങ്കിലും ജീവിതത്തിൽ റിവേർസ് ഗിയർ ഉണ്ടെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ ആരാണ് ഉള്ളത്?
അറുപതിൽ, ആറ് വയസ്സുകാരന്റെ സ്വപ്നം സാക്ഷാൽക്കരിച്ച വേണു, ജീവിതപാതയിൽ ആഗ്രഹങ്ങൾക്ക് റിവേഴ്സ് ഗിയർ
ഇട്ടിരിക്കയാണ്, ഒരു പക്ഷേ ജീവിതത്തിലും ........
