Sandra C George

Horror Tragedy Children

4.6  

Sandra C George

Horror Tragedy Children

ഒറ്റയ്ക്ക്

ഒറ്റയ്ക്ക്

2 mins
370


റോമൻ നഗരം ഭയപ്പെടുത്തുന്ന ഒറ്റപ്പെടലില്ലാണ്, ഉച്ചകഴിഞ്ഞുള്ള ഉറക്കത്തിൽ നിന്നും ഞാൻ എഴുന്നേറ്റത് രാത്രി ഏഴുമണിയോടെയാണ്. കട്ടിലിനോട് ചേർന്നുള്ള ജനാല മെല്ലെ തുറന്നു, വല്ലാത്ത ദുർഗന്ധം ശരീരം ചത്തു ചീഞ്ഞതു പോലെ, ജനാലയിൽ കൈകൾ അമർന്നു...  വാതിലിൽ ആരോ മുട്ടുന്നുണ്ട്... 


"ആരാ? "

"ഞാനാ മോളെ... വാ കുരിശു വരയ്ക്കാം." 

"ആഹ്ഹ്.. വരുവാ അച്ഛാ..." 


മെല്ലെ റൂമിന്റെ വാതിൽ തുറന്നു പ്രാർത്ഥനക്കു വേണ്ടി തിരി തെളിച്ചു... 

അമ്മയുടെ മുറിയുടെ മുന്നിലെത്തി... മെല്ലെ വാതിൽ മുട്ടി... അനക്കമൊന്നും ഇല്ലാ... 

"അമ്മേ... കുരിശുവരയ്ക്കാൻ പോകുവാ..."

മറുപടിയില്ല... മെല്ലെ അടുത്ത വാതിലിലും മുട്ടി വിളിച്ചു... അനിയന്റെ മുറിയാണ്... 

"കുരിശുവരയ്ക്കാൻ പോകുവാ..."


അച്ഛനും, അപ്പച്ചനും പ്രാർത്ഥനക്കു വന്നിരുന്നു... ഞാൻ മുട്ടിൻമേൽ നിന്ന് പ്രാർത്ഥന തുടങ്ങി... അച്ഛന്റെ കണ്ണുനീർ തറയിൽ വീഴുന്നുണ്ട്... പ്രാർത്ഥനയുടെ മറുഭാഗങ്ങൾ അടച്ചിട്ട രണ്ടു വാതിലിനെ തുളച്ചു നേരിയ രീതിയിൽ കാതുകളിൽ പതിക്കുന്നുണ്ട്... ശ്വാസം മുട്ടിയുള്ള പ്രാർത്ഥനകൾ... 

കുരിശു വരക്കുശേഷം... എഴുന്നേറ്റ് വാതിലിന്റെ അരികിൽ എത്തി രണ്ടുപേർക്കും സ്തുതികൊടുത്തു... പതിവ് കുരിശു വരയ്ക്കു ശേഷമുള്ള അച്ഛന്റേയും അപ്പച്ചന്റെയും ഉമ്മകൾ ഇപ്പോൾ കിട്ടാറില്ല... 


അടുക്കളയിൽ കയറി കഞ്ഞിയും കൂട്ടാനും എടുത്തു മേശയിൽ വെച്ചു... രണ്ടുപേരും ഒന്നും മിണ്ടാതെ വന്നിരുന്നു കഴിച്ചുതുടങ്ങി... വേറെ രണ്ടു പാത്രത്തിൽ കഞ്ഞിയെടുത്തു അമ്മയുടെയും അനിയന്റെയും വാതിലിന്റെ അടിയിലെ വിടവിലൂടെ നിരക്കിവിട്ടു... ഞാനും വന്നിരുന്നു കഴിക്കാൻ തുടങ്ങി...  എന്റെ കണ്ണീർ കഞ്ഞിവെള്ളത്തിൽ കലർന്നു തുടങ്ങി... 

"കഴിക്കുമ്പോൾ കരയല്ലേ മോളെ, ദോഷമാണ്," അപ്പച്ചൻ പറഞ്ഞു നിർത്തി... 

ഇതിനപ്പുറം എന്ത് ദോഷം വരാനാണ് എന്ന രൂപേണ അച്ഛന്റെ നോട്ടം ഞാൻ കണ്ടു... 

"എന്താ അപ്പച്ചാ ഇങ്ങനെ...? ഇത് ആരുടെ തെറ്റാ...? "


അപ്പച്ചൻ കഞ്ഞികുടി നിർത്തി സ്പൂൺ താഴെ വെച്ചു... 

"നാല്പത് വർഷങ്ങൾക്ക് മുൻപ് രണ്ടാം ലോകമഹായുദ്ധകാലത്താണ് ഞാൻ ഈ അവസ്ഥ കണ്ടത്... അല്ല... അന്ന് ഇതിലും ഭേതമായിരുന്നു... അന്ന് മനുഷ്യർ പടവെട്ടി, ഇന്ന് കണ്ണിനുപോലും കാണാത്ത ഒരു കൃമി... എല്ലാത്തിനും കാരണം മനുഷ്യൻ തന്നെ... 

മോള് ചോദിച്ചില്ലേ ആരുടെ തെറ്റാണ്... ? തെറ്റും ശരിയും എല്ലാം മാറ്റി നിർത്തണം... അതിനപ്പുറം മനുഷ്യന്റെ അനുസരണകേടാണ് ഇതിനു കാരണം, ഇനി രക്ഷയില്ല... എല്ലാം പിടിവിട്ടുപോയി...അതിന്റെ ഉദാഹരണമാണ് ആ മുറിയിൽ അടഞ്ഞുകിടക്കുന്ന രണ്ടു ജീവനുകൾ... "

ഒന്നും പറയാതെ ഞാൻ കേട്ടിരുന്നു... ഞാൻ ഒന്ന് ചുമച്ചു... 


"നോക്കി കുടിക്കുമോളെ കഞ്ഞി നെറുകിൽ കേറും..." അച്ഛന്റെ വാക്കുകൾ... ഞാൻ തലയാട്ടി... 

അച്ഛൻ തുടർന്നു... 

"അമ്മയ്ക്കും അനിയനും അന്ത്യകൂദാശ നൽകാൻ പോലും ആരുമില്ല... പുറത്തേക്കു ഇറങ്ങിയാൽ ആകെയുള്ളത് എന്നെപോലെ കുറച്ചു പത്രപ്രവർത്തകരും... ഓരോ ചത്തു ചീഞ്ഞ ശവത്തിന്റെ ഫോട്ടോയെടുക്കുമ്പോൾ കൈ വിറക്കും... ഓക്കാനം വരും... നിന്നെയെങ്കിലും നാട്ടിലേക്ക് അയക്കാൻ പറ്റിയെങ്കിൽ ഞങ്ങൾക്ക് കുറച്ചു സമാധാനമായേനെ..."

 

ഒന്നും പറയാനാവാതെ ഞാൻ വീണ്ടും കഴിച്ചു തുടങ്ങി... ഒന്നുകൂടി ആഞ്ഞു ചുമച്ചു... 

അച്ഛന്റെ മുഖത്ത് പരിഭവം... "എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ മോളെ? "

"ഇല്ലച്ഛാ...കുഴപ്പമില്ല..." 

ഇപ്പൊ വെറുതെ ചുമച്ചാൽ പോലും പേടിയാ... എന്താണെന്നു അറിയില്ലല്ലോ... !

"അച്ഛാ... നോബിളിന്റെ കാര്യം എന്തായി?"

"അവന്റെ അമ്മ ഇപ്പഴും നിരീക്ഷണത്തിലാണ്... ബാക്കി എല്ലാവരും..!!"


നോബിൾ, എന്റെ ബെസ്റ്റ് ഫ്രഡ്. അവനെ ഒന്ന് കാണാൻ പോലും... അവന് രോഗമൊന്നുമില്ല... പക്ഷെ രോഗം കുടുബത്തിലെ ബാക്കി എല്ലാവരെയും കൊണ്ടുപോയി... ഇപ്പൊ ഏകാന്തത വാസമാണ്... 

ഞാൻ വീണ്ടും ചുമച്ചു... വീണ്ടും... വീണ്ടും... 


വീണ്ടും... വീണ്ടും... 

അച്ഛനും അപ്പച്ചനും മാറി മാറി നോക്കുന്നു... 

"മോള് പോയി വിശ്രമിക്ക്, ക്ഷീണം കാണും ."


ഞാൻ പരിഭ്രമത്തോടെ രണ്ടുപേരെയും നോക്കി, ഞാൻ മെല്ലെ എഴുന്നേറ്റു കൈ കഴുകി റൂമിലേക്ക് കയറി... നല്ല ക്ഷീണം... മെല്ലെ കട്ടിലിലേക്കു ചാഞ്ഞു... ശരീരം ശരിക്കും ചുട്ടു പഴുകുന്നതുപോലെ... മണിക്കൂറുകൾ പിന്നിട്ടു... കഴുത്തിലാരോ വലിഞ്ഞു മുറുകി ശ്വാസം വിടാൻ പറ്റാതായി... 


പാതി അടഞ്ഞ കണ്ണുകളിൽ എന്റെ മുന്നിൽ നിൽക്കുന്ന അച്ഛനും അപ്പാപ്പനും...രണ്ടുപേരും മാസ്ക് വെച്ചിട്ടുണ്ട്... മോളെ.. എന്ന വിളിക്ക് മറുപടികൊടുക്കാൻ പറ്റുന്നില്ല. ഞാൻ നന്നായി വിറക്കുന്നുണ്ട്... 


വാതിലുകളും ജനാലകളും കൊട്ടി അടഞ്ഞു...  ഇനി തുറക്കില്ല എന്ന് വിശ്വസിക്കാം... ഞാൻ മെല്ലെ ജനാല പാളിയിലൂടെ ആ ഗന്ധം മൂക്കിലേക്ക് വലിച്ചെടുത്തു... ഇപ്പൊ എന്നോട് വളരെ അടുത്ത് നിൽക്കുന്ന ഗന്ധം... ഇനി എത്ര നാൾ... അമ്മേ... അച്ഛാ... 


വാതിലിന്റെ അടിയിലെ വിടവിലൂടെ രണ്ടു പാത്രങ്ങൾ നിരങ്ങി എന്റെ കട്ടിലിന്റെ അടിയിലേക്ക് എത്തി... ഞാൻ മെല്ലെ താഴേക്ക് നോക്കി...വെറുതെ താഴേയ്ക്ക് നോക്കി... അങ്ങനെ നോക്കിയിരുന്നു.


Rate this content
Log in

Similar malayalam story from Horror