Sandra C George

Romance Tragedy

4.1  

Sandra C George

Romance Tragedy

ചിറകില്ലാത്ത ശലഭം പുഴുവാണ്

ചിറകില്ലാത്ത ശലഭം പുഴുവാണ്

2 mins
332


ചിറകറ്റ് കിടക്കുന്ന ചിത്രശലഭം, എങ്ങു നിന്നോ ഒരു തേങ്ങൽ കേൾക്കാം. മത്തായി ചിത്രശലഭങ്ങളെ സ്നേഹിച്ചവൻ. ഓർമ്മ വെച്ച നാൾ മുതൽ അപ്പന്റേം അമ്മയുടേം അടിയും വഴക്കും മാത്രം കാണാൻ വിധിക്കപ്പെട്ടവൻ. നീണ്ട പത്ത് വർഷത്തെ പ്രണയത്തിന് ശേഷം ഒന്നായവർ. ആ പ്രണയം ഒരിക്കലും വിവാഹ ശേഷം ഉണ്ടായിട്ടില്ല. വാശിയുടേം വിദ്വേഷത്തിന്റേം ഒടുവിൽ അവർ പിരിയാൻ തീരുമാനിച്ചു. മത്തായിക്ക് ഇത് സഹിക്കാനാവുന്നതിലും അപ്പുറം ആയിരുന്നു.


കോടതി മുറിയിലെ കീറി മുറിക്കലുക്കൾക്കൊടുവിൽ അമ്മയും അപ്പനും രണ്ട് വഴിക്ക്. മത്തായി അന്ന് മനസ്സിൽ കുറിച്ചിട്ടു, പ്രണയം നിറമില്ലാത്ത കോമാളിയെന്ന്. ഏറെ വടംവലികൾക്കൊടുവിൽ അമ്മയോടൊപ്പം മത്തായിക്ക് പോകേണ്ട വന്നു. ജീവിത സുഖം തേടി പോകുന്നതിനിടയിൽ അവർ തന്റെ മകനെ മറന്നു.


മത്തായിയുടെ ജീവിതം പിന്നെ ഒരു ബോർഡിങ് സ്കൂളിൽ. ആരോടും മിണ്ടാതെ തന്റെ കാര്യം നോക്കി പോകുന്ന സ്വഭാവക്കാരൻ. എങ്ങനെയോ അവിടെ കഴിച്ചുക്കൂട്ടിയ എട്ട് വർഷങ്ങൾ. പഠിക്കാൻ മിടുക്കനായതു കൊണ്ട് എഞ്ചിനീയറിംഗിന് ചേരാൻ അവസരം ലഭിച്ചു.


മത്തായി കോളേജിൽ എത്തി. ആദ്യ ദിവസമായതു കൊണ്ട് സീനിയേറ്സ് റാഗ് ചെയ്യുമോ എന്നൊരു ഭയം അവനിലുണ്ടായിരുന്നു. കോളേജ് ഗേറ്റിനു മുന്നിലെത്തിയപ്പോൾ മത്തായിയുടെ കണ്ണ് ചിത്രശലഭത്തെ പിന്തുടർന്നു. ഏറെ വർഷങ്ങൾക്ക് ശേഷമാണു മത്തായി ചിത്രശലഭത്തെ പിന്തുടരുന്നത്. സീനിയേർസിനെ കടന്നു പോയ മത്തായിയെ അവർ ശ്രദ്ധിച്ചു പോലുമില്ല. എന്തോ അയാളെ ആരും ശ്രദ്ധിക്കാറില്ല. ക്ലാസ്സിൽ പോയി ഒരു സൈഡിൽ മൂലയിൽ ആരെയും ശ്രദ്ധിക്കാതെ അവനിരുന്നു. ആരുമായും മിണ്ടുകയുമില്ല, ആരുമായും സൗഹൃദവുമില്ല.


കുറെ നാളുകൾക്കു ശേഷം മത്തായി കോളേജിലെ വരാന്തയിലൂടെ നടന്നു നീങ്ങുമ്പോൾ പിന്നെയും അയാളുടെ കണ്ണ് ഒരു ചിത്രശലഭത്തിൽ ഉടക്കി. ചിത്രശലഭത്തെ പിടിക്കാനായി പിന്നിലായി ഒരു കയ്യും, തട്ടമിട്ട ഒരു സുന്ദരി. ആദ്യ കാഴ്ച്ചയിൽ തന്നെ മത്തായിയുടെ മനസ്സിൽ പ്രണയം ഉണർന്നെങ്കിലും മത്തായി അത് മനഃപൂർവം വേണ്ടെന്നു വെച്ചു. പ്രണയം വെറും കുപ്പത്തൊട്ടി. ഒരു നിമിഷം അയാളുടെ മുന്നിൽ അമ്മയുടെ ആക്രോശങ്ങളും അപ്പന്റെ ക്രൂരതയും മിന്നിമാഞ്ഞു. മത്തായി ക്ലാസ്സിലേക്കോടി. മുഖത്തെ വിയർപ്പുത്തുള്ളികൾ മഴ പോലെ പെയ്തൊഴിഞ്ഞു.


മത്തായിയുടെ മുന്നിൽ പിന്നെയും ചിത്രശലഭം പറന്നു കൊണ്ടേ ഇരുന്നു. അവയ്ക്കു പിന്നാലെ ഓടുന്ന റസിയയും കൂടുതൽ ഹൃദയത്തോട് അടുത്തു.

 

ഒരു വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു മടങ്ങുമ്പോൾ മത്തായിയുടെ സൈക്കിൾ ലോറിയുമായി കൂട്ടി ഇടിച്ചു. ചോര വാർന്നൊലിച്ചു നിശ്ചലനായി അയാളങ്ങനെ കിടന്നു. കണ്ണടയുമ്പോൾ തട്ടമിട്ട ഒരു പെൺകുട്ടിയുടെ രൂപം കണ്ടു, കൂടെ പറന്നുയരുന്ന ഒരു ചിത്രശലഭവും.


കണ്ണുതുറക്കുമ്പോൾ കണ്ടത് ഒരു ഇരുണ്ട മുറിയാണ്. പെട്ടെന്ന് മുറിയിലെ ലൈറ്റ് ഓൺ ആക്കി ഒരു നേഴ്സ് കടന്നു വന്നു. ഉണ്ടായ കാര്യങ്ങൾ തിരക്കി. കുറച്ച് സമയത്തിന് ശേഷം നേഴ്സ് ഒരു കത്ത് കൊണ്ടു വന്നു കൊടുത്തു. മത്തായി ആകാംഷയോടെ വായിച്ചു.


'ഞാനാടോ റസിയ, ഇയാളെന്നെ ഇടയ്ക്കിടക്ക് നോക്കുന്നതും എന്നെ പിന്തുടരുന്നതും എനിക്കറിയാം, തന്നോടിഷ്ടമാണെന്ന് പറയാൻ വന്ന വഴി തന്നെ ചോരയിൽ കുളിച്ചു കാണുമെന്നു ഞാൻ വിചാരിച്ചില്ല. നേരിൽ കാണും വരെ പ്രാർത്ഥനയോടെ കാത്തിരിക്കും.'


മത്തായി വായിച്ച ഉടൻ ആ കത്ത് വലിച്ച് കീറി. പ്രണയം, ഹ്മ്മ് പ്രണയം വെറും കുപ്പത്തൊട്ടി. മത്തായി വേഗം സുഖം പ്രാപിച്ചു.


കോളേജിൽ തിരിച്ചെത്തിയപ്പോൾ ഓടി വരുന്ന റസിയയോട് മത്തായി മുഖം തിരിച്ചു. റസിയയ്ക്കു അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും റസിയ അവനെ പിന്തുടർന്നു കൊണ്ടേ ഇരുന്നു. മത്തായി ചിത്രശലഭത്തെ നോക്കി നിൽക്കുമ്പോളെല്ലാം റസിയയുടെ കൈ അവയ്ക്കു പിറകെ ഉണ്ടായിരുന്നു. ഒരു നിമിഷം ചിത്രശലഭത്തിൽ നിന്നും കണ്ണുകൾ അവളില്ലേക്കും പായുമായിരുന്നു.


അങ്ങനെ അവസാന വർഷത്തിൽ എത്തി. പതിയെ ചിത്രശലഭത്തെ സ്വന്തമാക്കാൻ നടക്കുന്ന റസിയയോട് ചിത്രശലഭത്തെ പ്രണയിച്ച മത്തായിക്ക് പ്രണയം മോട്ടിട്ടു. ഇനിയും വൈകിക്കണ്ട. അവളോട് പറയണം എന്ന് തന്നെ തീരുമാനിച്ചു. എന്നും തന്നെ പിന്തുടർന്ന് വരുന്ന റസിയയെ അന്ന് മത്തായി പിന്തുടരാൻ തീരുമാനിച്ചു. അവൾ കാണാതെ അവളുടെ പിന്നിൽ.


രണ്ട് ചിത്രശലഭങ്ങൾ മത്തായിയെ കടന്നുപോയി. അവയെ കണ്ടതും മത്തായി ഒന്ന് ചിരിച്ചു.ഒരു നിമിഷം അവയെ നോക്കി നിന്നു. പെട്ടെന്നെന്തോ ഒരു ശബ്ദം കേട്ട് ഞെട്ടി നോക്കിയ മത്തായി തന്റെ മുന്നിലേക്ക്‌ തെറിച്ചു വീഴുന്ന റസിയയെ ആണ് കണ്ടത്. മത്തായിയുടെ തൊണ്ട ഇടറി. കയ്യിൽ മുറുകെ പിടിച്ചു. അവൾ ഈ ലോകം വിട്ടു പോയി കഴിഞ്ഞിരുന്നു. അവൾക്കരികെ ചിറകറ്റ് കിടക്കുന്ന ശലഭത്തെ നോക്കി അയാൾ അലറി കരഞ്ഞു. പ്രണയം കുപ്പത്തൊട്ടി ആയിരുന്നില്ല സുന്ദരമായൊരു ചിത്രശലഭം ആയിരുന്നു.


Rate this content
Log in

Similar malayalam story from Romance