അച്ചായത്തി
അച്ചായത്തി
പള്ളിയിൽ വെച്ചാന്നെ ആദ്യം കണ്ടത്. കഴുത്തേലൊരു കുരിശുമാലയും കട്ട താടിയും വെച്ചേച്ചു സ്ലോ മോഷനിൽ നടന്നു ഒരൊറ്റ വരവാ.
'ഏതാടി അന്നമ്മേ,ഈ കാട്ട്മാക്കാൻ, ഓശാനയ്ക്ക് ഓല മേടിക്കാൻ വന്നാന്ന് തോന്നുന്നു'.
'എടി റോസകൊച്ചേ, ഒന്ന് പതുക്കെ പറയടി പുള്ളി കേൾക്കൂന്നേ.'
'പിന്നെ കെട്ടേചാലെന്നെ പിടിച്ചങ്ങു വിഴുങ്ങും. ചിരി കൊള്ളാടി അന്നമ്മോ,എന്തോ ഒരു!..'
'മിണ്ടാതെ നിന്നോ റോസകൊച്ചേ ഇതു തന്നെയാ നീ കഴിഞ്ഞ ആഴ്ച ജോർജിനെ കണ്ടപ്പോ പറഞ്ഞേ.'
'ഇതങ്ങനല്ലഡി, ശെരിക്കും...'
'കുർബാന കഴിഞ്ഞു, വാടി റോസേ അങ്ങോട്ട് നോക്കി നിക്കാതെ.'
'എടി പതുക്കെ നടക്കെഡി അന്നേ. ദേ നോക്കിയെ,ഞാൻ ഒന്ന് പോയി മിണ്ടിയേച്ചിട്ടിപ്പോ വരാം.'
'റോസേ വേണ്ടാട്ടോ.'
'അച്ചായോ, ഇന്നെന്നാ പള്ളീലെക്ക് വരാന്നു വെച്ചേ? എന്നാണെലും നന്നായി, ഞാൻ റോസ പാലക്കുന്നേലെയാ, അടുത്ത ആഴ്ച വീട്ടുകരേം വിളിച്ചോണ്ട് വീട്ടിലോട്ടു ഒന്ന് വന്നേക്കണം പെണ്ണ് കാണാൻ.'
ആഹാ അത് ഇയാളങ്ങു തീരുമാനിച്ചെചാൽ മതിയോ, റോസേ?
ആഹ് മതി അച്ചായോ.
വണ്ടി കേറി ചാവണ്ടെങ്കിൽ മാറി നിക്ക് അച്ചായത്തി പെണ്ണേ.'
കുറച്ചു ദിവസങ്ങൾക്കു ശേഷം :
'അന്നമ്മോ,വാടി വേഗം, പെട്ടെന്ന് പോയി വരാനുള്ളതാ. ആദ്യതേം അവസാനതേം പെണ്ണുകാണലല്ലേ ഒന്ന് ഒരുങ്ങണ്ടേ. വന്നു കേറഡി അന്നാമ്മോ.'
'റോസേ നമുക്കാ മേരി ചേച്ചീടെ ബ്യൂട്ടി പാർലറിൽ കേറാം.'
അങ്ങനെങ്കിൽ അങ്ങനെ എന്റെ അന്നമ്മോ.'മേരി ചേച്ചിയേ എന്നാ ഒണ്ട്?'
'റോസ് മോളോ, എന്നാ മോളേ വിശേഷം?'
'കുറച്ച് പൗഡറും ഇട്ടേച്ചു കണ്ണുംകൂടെ അങ്ങ് ഒന്നെഴുതിയേരേ, ചെറിയൊരു പെണ്ണുകാണലുണ്ട്.'
'ആഹാ, ആരാ ചെക്കൻ?' 'ആഹ് നെടുമ്പള്ളിയിലെ ജോസഫാ മേരി ചേച്ചി.'
'അങ്ങനെ പറ, കൊള്ളാലോ അന്നേ നിന്റെ കൂട്ടുകാരത്തിയുടെ ചെക്കൻ.'
'പെട്ടന്നാട്ടെ മേരി ചേച്ചി അവര് വരാറായി.' 'ഒരു 5മിനിറ്റ് റോസ് മോളേ. മ്മ് കഴിഞ്ഞു.'
'ഇതു വെച്ചോ മേരി ചേച്ചിയേ, പോയേക്കുവാന്നേ.'
'റോസേ നിന്റെ ഫോൺ കൊറേ നേരായി അടിക്കുന്നു, ദേ നോക്ക്.'
'ആഹ് ഇതാരാ അച്ചായനോ? എന്നാണാവോ?'
'നീ വിളിച്ചു നോക്ക് റോസേ.'
'ആടി ഡയൽ ചെയ്യുവാ. ഹലോ അച്ചായോ.'
'ഹലോ റോസ് മോളാണോ ഞാൻ അവന്റെ അമ്മാവനാ. അവരങ്ങോട്ട് വരുന്ന വഴി ഒരു ആക്സിഡന്റ്. ജോസഫ് ജോ പോയി മോളേ...'
'റോസേ എന്നാടി, എന്നാ പറ്റിയേന്ന്?' 'അച്ചായൻ എന്റെ അച്ചായൻ പോയെടി...'
കുറേ നാളുകഴിഞ്ഞൊരു ഞായറാഴ്ച ദിവസം,
'അന്നേ എടി നീ നിക്ക്, ഞാൻ എന്റെ അച്ചായനെ കണ്ടേച്ചു വരാം.'
'റോസേ...'
'അച്ചായോ ദേ നോക്കിയേ ഈ റോസാപൂ ഇവിടിരിക്കട്ടെ, ഇടയ്‌ക്കേലും എന്നെ ഓർക്കൂല്ലോ? എങ്ങനാ അച്ചായാ ഇതിനകത്ത് ചൂടാണോ? വീട്ടിൽ ഞാൻ പറഞ്ഞു എനിക്ക് ഇനി കല്യാണം വേണ്ടാന്ന്. അതേ ഒരു ദിവസം ഞാനങ്ങ് വരും കേട്ടോ, സ്വർഗത്തിൽ മാലാഖമാരുടെ പുറകെ എങ്ങാനും നടന്നാൽ മാതാവാണെ ഞാൻ നല്ലത് വെച്ച് തരും. ഞാൻ പിന്നെ വരാവേ, അന്ന അവിടെ പോസ്റ്റാ.' റോസിന്റെ കാതുകൾ ഒരിക്കൽ കൂടി കാതോർത്തു അച്ചായത്തി എന്ന വിളി കേൾക്കാൻ, വെറുതെ നടക്കില്ലന്നറിഞ്ഞിട്ടും.