Sandra C George

Fantasy

4  

Sandra C George

Fantasy

കിനാവ്

കിനാവ്

2 mins
240


ആരും കാണാതെ,അല്ല അതങ്ങനെ അല്ല ആരാലും നോക്കപ്പെടാത്ത ദ്വീപിന്‍റെ വേദന അവിടെ വീശുന്ന കാറ്റിൽ ഏങ്ങലടിച്ചു കേൾക്കുന്നുണ്ട്. മേഘവും മഴയും പിരിയാനാവാത്ത വിധം അടുത്തിരുന്നു. മേഘത്തിന്‍റെ ഉയരത്തിൽ നിന്ന് താഴേക്ക് വരാൻ മഴ ഒരിക്കലും മുതിർന്നില്ല. മഴയും ദ്വീപും ഒരിക്കൽ പ്രണയത്തിലായിരുന്നു അത്രേ. ഉയരത്തിലെ മേഘത്തെ കണ്ടപ്പോൾ മഴ ദ്വീപിനെ അങ്ങ് മറന്നു. അതിപ്പോ ആരാ ഉയരത്തിൽ ഉള്ള ആ സുന്ദരിയെ കൊതിക്കാത്തത്.

ദ്വീപിൽ അങ്ങിങ്ങായി പച്ച നിറം കാണാം. മഴയെ കാത്തിരിക്കാൻ അവർക്കും അവരുടെ കാരണങ്ങളുണ്ട്. ഒറ്റയ്ക്കു നിന്നവരൊക്കെ വീണു. മിച്ചമായത് പരസ്പരം താങ്ങായി തണലായി നിൽക്കുന്ന ഇവർ മാത്രം. പുറമെ അവർ താങ്ങായി നിൽക്കുന്നു എന്ന് നമുക്ക് തോന്നും,അത്രതന്നെ! മഴ വരുംവരെ താങ്ങായി അഭിനയിച്ചു അവസരം കിട്ടുമ്പോൾ പരസ്പരം കുത്തിനോവിക്കുന്ന കുറേജന്മങ്ങൾ.

ദ്വീപിന്‍റെ ഒരു മൂലയിൽ, തിരവരുന്നതും കാത്ത് ഒരു മണൽത്തരി കണ്ണ് ചിമ്മാതെ ഇരിപ്പുണ്ട്. ഞണ്ടിന്‍റെ കാലിനടിയിൽ ഒട്ടി ഇരിക്കാനോ കിന്നരിക്കുന്ന മരങ്ങൾക്കിടയിൽ പോവാനോ മണൽത്തരി കൂട്ടാക്കിയില്ല. ഇടയ്ക്ക് കാറ്റുവന്നു ഉള്ളിലെരിയുന്ന തീ കെടുത്തും. രാത്രി ആയാൽ നക്ഷത്രങ്ങൾ വരും. നക്ഷത്രങ്ങൾ തമ്മിൽ കളി പറഞ്ഞു ചിരിക്കുന്നത് കാണാം. തന്നെപ്പറ്റി പറയുന്നതാണെന്നു അറിയാമെങ്കിലും മണൽത്തരിക്ക് നക്ഷത്രങ്ങളെ വല്യ ഇഷ്ടമാണ്. രാത്രി ഉറങ്ങാതെ അവരെ നോക്കി അങ്ങനെ ഇരിക്കും.

സൂര്യൻ വന്നാൽപ്പിന്നെ മണൽത്തരിക്ക് പൊള്ളാൻ തുടങ്ങും. ഉള്ളിലും നീറുന്നതുകൊണ്ട് പുറത്തെ നീറ്റൽ അത്ര അസ്സഹനീയമൊന്നുമല്ല. തിര എന്തേ മണൽത്തരി നോക്കി ഇരുന്നിട്ടും വരാത്തത് എന്നല്ലേ ഇപ്പോളത്തെ ചിന്ത? തിര വരുന്നുണ്ട്, തിരയ്ക്കും മണൽത്തരിക്കും നടുവിൽ ചെറിയൊരു ദൂരമുണ്ട്. തിര ആ ദൂരം താണ്ടാൻ കൂട്ടാക്കുന്നില്ല. മണൽത്തരിക്കാണെങ്കിലോ ഒറ്റയ്ക്കു ഈ ദൂരം കടക്കാനും വയ്യ.

കൊറേ നാളത്തെ കാത്തിരിപ്പിനൊടുവിൽ മണൽത്തരി കാറ്റിനോട് സഖ്യം ചേർന്നു. മണൽത്തരിയുടെ മോഹം സത്യമാണെന്നറിഞ്ഞപ്പോൾ കാറ്റ് സഹായിക്കാൻ സമ്മതിച്ചു. കാറ്റ് ആഞ്ഞു വീശി മണൽത്തരി ആ ദൂരം കടന്നു. ഇപ്പോൾ തിര വന്നു പോയ നനവുണ്ട്, മണൽത്തരിയുടെ കാലിനടയിൽ. കാത്തിരിപ്പിന് അവസാനം ആവുന്നു. പക്ഷേ തിര അന്ന് വന്നില്ല. കിളിപെണ്ണ് സംഭവം എന്താണെന്നറിയാൻ നോക്കി പോയി. മണൽത്തരി ചുട്ടുപൊള്ളാൻ തുടങ്ങി, തിര വരും എന്ന പ്രതീക്ഷ അവൾ കൈവിട്ടില്ല.

രാത്രി ആയപ്പോൾ കിളി പെണ്ണ് പേടിച്ച് പറന്നു വന്നു. തിര കൊറേ ദൂരെ പോയിരിക്കുന്നു പഴയത് പോലെ അല്ല കൂടുതൽ വലുപ്പത്തിൽ തിരിച്ചു പാഞ്ഞു അടുത്തെത്തിയിരിക്കുന്നു, കാത്തിരിപ്പിനു അവസാനം ആകുന്നു. ആടിയുലഞ്ഞു പാഞ്ഞെത്തി തിര മൺതരിയെ കൈകളിൽ കോരിയെടുത്തു. കിളിപ്പെണ്ണ് പറഞ്ഞ കഥകളിലെ എല്ലാവരെയും അവൾ കണ്ടു. പള്ളി ഗോപുരത്തിന്‍റെ ഉയരം കണ്ട് അവൾ കോരിത്തരിച്ചു. തിര അവളെ ഗോപുരത്തിന്‍റെ മുകളിലെ കുരിശിന്മേൽ ചുംബിപ്പിച്ചു. പള്ളിമണിയുടെ ശബ്ദം മുഴങ്ങി കേൾക്കുന്നുണ്ട്. രാത്രി ഇടയ്ക്ക് മിന്നിമാഞ്ഞു പോകുന്ന വെട്ടം ലൈറ്റ് ഹൗസിൽ നിന്നാണെന്നു കിളിപ്പെണ്ണ് പറഞ്ഞ അറിവേ ഉള്ളൂ. ലൈറ്റ്ഹൗസിന്‍റെ ഉയരത്തിൽ തിര അവളെയും ചേർത്തുവെച്ചു പറന്നു. തിരയുടെ കരങ്ങളിൽ അവൾ മെല്ലെ നിദ്രയെ പുൽകി.

മേലാകെ ചുട്ടുപോള്ളുന്നുണ്ടല്ലോ, ചൂടിന്‍റെ കാടിന്യത്താൽ അവൾ ഞെട്ടി എഴുന്നേറ്റു. കണ്ണ് തുറന്നതും അങ്ങുയരത്തിൽ പള്ളി ഗോപുരം കാണാം. തിരയുടെ വളരെ ചെറിയൊരു ശബ്ദം കേൾക്കുന്നുണ്ട്. അങ്ങ് ദൂരെ എവിടെ നിന്നോ ആണ്. കൂടെ കൊണ്ടുപോകാമായിരുന്നില്ലേ, അവൾ ഒരു നിമിഷം ചിന്തിച്ചു . മണൽത്തരിക്ക് എന്ത് യോഗ്യതയുണ്ട് കൂടെ കൊണ്ടുപോവാൻ, ശരിയാണ്‌ മരവിച്ച അവളുടെ മനസിന്‌ പിന്നീടൊന്നും ആലോചിക്കാൻ കഴിഞ്ഞില്ല. തിര ചന്ദ്രികയുമായി പ്രണയത്തിലായിരുന്നത്രെ കിളിപെണ്ണ് വന്നു പറഞ്ഞു. കേൾക്കാൻ സുഖമില്ലെങ്കിലും കാത് കൊട്ടി അടയ്ക്കാൻ പറ്റില്ലലോ. പറന്നു പോകുന്ന കിളിയെ സങ്കടത്തോടെ അവൾ നോക്കി നിന്നു. കിളി പോയി മരത്തിനോട് പറഞ്ഞു ചിരിച്ചു, മണൽത്തരിക്ക് തിരയോട് പ്രേമം, അവളുടെ ഒരു അഹങ്കാരം കണ്ടില്ലേ. നന്നായി, ഇനി ആ പള്ളി നടയിൽ കുറച്ചു നാൾ കിടക്കട്ടെ. കാറ്റ് വന്നു അവളുടെ കാതിൽ കേട്ടത് പറഞ്ഞുപോയി. മണൽത്തരി ഇത് കേട്ട് ചിരിച്ചു, മനസ് അപ്പോളും വിങ്ങുന്നുണ്ടായിരുന്നു.



Rate this content
Log in

Similar malayalam story from Fantasy