Jitha Sharun

Inspirational

4  

Jitha Sharun

Inspirational

മായ

മായ

3 mins
416


മായ


“ഡോക്ടർ , നല്ല തൊണ്ട വേദന, പനി”

“അത് , ക്ലൈമറ്റ് ചേഞ്ച് ആകും , ഇപ്പോ കുറെ പേരായി വരുന്നു”


മായ ഇപ്പോഴാണ് മുൻപിലിരിക്കുന്ന രോഗിയെ നോക്കിയത്. ഏതാണ്ട് ഒരേ പ്രായം. മുഖത്ത് നല്ല ടെൻഷൻ . ഇവർക്ക് വേറെന്തോ പറയാൻ ഉണ്ട് എന്നു തോന്നുന്നു .

മായ കസേരയിൽ നിന്നു എണീറ്റ് ആ സ്ത്രീയെ പരിശോധിച്ചു.


“ആങ് , ചേച്ചി കഫകെട്ടുണ്ട് മരുന്ന് എഴുതാം. പിന്നെ ആവി പിടിക്കണം ചെറിയ ചൂട് വെള്ളത്തിൽ ഉപ്പിട്ട് ഗാർഗ്ഗിൾ ചെയ്യണം”


“ശരി , ഡോക്ടർ”


സാരിതലപ്പ് പിടിച്ചു അവർ ചുറ്റികൊണ്ടിരുന്നു.


“എന്താ , ചേച്ചി ഇനി എന്തെങ്കിലും വയ്യായ്ക ഉണ്ടോ”


മായ തന്റെ വെള്ള കോട്ട് വലിച്ചു മുൻപിലേക്ക് ഇരുന്നു .


“ഡോക്ടർ , എനിക്കു കുറച്ചു വണ്ണം വെക്കണം എന്തെങ്കിലും മരുന്ന്ത രുമോ ?”


“അതെന്തിനാ ചേച്ചി അത്യാവശ്യം വണ്ണം ഉണ്ടല്ലോ. മരുന്നിന്റെ ആവശ്യം ഒന്നുമില്ല”


“അതല്ല , ഡോക്ടർ”


അവരുടെ കണ്ണിൽ വെള്ളം നിറയുന്നതായി മായയ്ക്ക് തോന്നി .


“നിങ്ങൾ , വിഷമിക്കേണ്ട എന്തു പറ്റി”


“ഞാൻ അനുഭവിച്ച ബോഡി ഷെയ്മിങ് .. ഹോ മതിയായി ഡോക്ടർ”

അവരുടെ കണ്ണ് നിറഞ്ഞൊഴുകുണ്ടയിരുന്നു .

“ഞാൻ 167 സെൻറിമീറ്റർ ഉയരം ഉണ്ട് , പക്ഷേ ഈ മെലിഞ്ഞു ഇരിക്കുന്നതോണ്ട് എന്നെ എത്രെ പേരാ മുരിങ്ങാകോല് , പപ്പതണ്ടു എന്നൊക്കെ വിളിച്ചു കളിയാക്കിയത് എന്നറിയാമോ അത് കുട്ടിയായിരിക്കുമ്പോൾ”


മായ മാസ്ക് ശരിയാക്കി , ക്ലോക്ക് നോക്കി ഡ്യൂട്ടി കഴിയാറായി. ഇനി പേഷ്യൻസ് ഇല്ല . ചാരിയിരുന്നു നെടുവീർപ്പിട്ടു. ഈ അറുപത് വയസ്സിൽ ഇവർ എന്തിനാ ഇങ്ങനെ ചിന്തിക്കുന്നെ


മക്കളും പേരക്കുട്ടികളും ആയിക്കാണും ...


“ചേച്ചി , ഇപ്പോ എന്തിനാ ഇങ്ങനെ വിഷമിക്കുന്നേ അത് വർഷങ്ങൾക്ക്മു ന്പ് അല്ലെ , നോക്കുമ്പോൾ നമ്മൾ ഒരേ ഏജ് ഗ്രൂപ്പ് ആണ്

ഞാനും അൻപത് വയസ്സിന്റെ അടുത്തു , ചേച്ചി അറുപത് ..”


അവർ മാസ്ക് മാറ്റി മുഖം തുടച്ചു.

“പിന്നെ കല്യാണ ആലോചനകള് വന്ന സമയം , ഈ പെണ്ണിനെ കെട്ടാൻ ആര് വരാനാ എന്നായി ബന്ധുക്കള്, അന്നൊന്നും എനിക്കു ഇത്രേ വിഷമം

ഉണ്ടായില്ല, അപ്പോ ഞാൻ വിചാരിക്കും ഈ ഉയരം ഉള്ളോണ്ട് തെയ്യം കാണാലോ . എല്ലാരും തെയ്യം കാണാൻ ബുദ്ധിമുട്ടുമ്പോള് ഞാൻ സുഖായി

കാണും”

“സാരല്യാ , വിഷമം എല്ലാം പറഞ്ഞോളു” ഒരു ജെനറൽ ഫീസിഷനപ്പുറം സൈക്യാട്രിസ്റ്റ് ആയോന്നു മായയ്ക്ക് തോന്നി .


“ഇല്ല , ഡോക്ടർ ഞാൻ പോകാ”


എന്തോ അവർക്ക് ഞാൻ കേൾക്കാൻ താല്പര്യം ഇല്ലാതെ ഇരിക്കാണെന്ന്തോന്നി .


“ചേച്ചി, ഞാൻ ഒരു കാര്യം പറയട്ടെ .. എന്നെ നോക്കൂ, കാണുമ്പോൾ നല്ല തടി അല്ലേ .. എനിക്കു കിട്ടിയ ഇൻസൾട്ട് കേട്ടാൽ നിങ്ങൾക്ക് ഒരൽപ്പം ആശ്വാസം തോന്നും .. ഞാൻ ഡോക്ടർ ആണ്. എന്നിട്ടും പലപ്പോഴും പലരിൽ നിന്നും കേട്ട വാക്കുകളിൽ ഞാൻ പതറിപോയിട്ടുണ്ട് .”


മായ തന്റെ സീറ്റിൽ ചാഞ്ഞിരുന്നു. കേൾക്കാൻ അവരും കൌതുകത്തോടെ ...

“ഞാൻ ചെറുപ്പം മുതലേ തടിയുള്ള കുട്ടിയായിരുന്നു . പക്ഷേ ചെറുപ്പത്തിൽ അത് “ക്യൂട്ട്നസ്സ്” ആയി വ്യാഖ്യാനിച്ചു. ഇടയ്ക്ക് ഒരൽപ്പം

മെലിഞ്ഞു . പിന്നെ കുടുംബിനിയും , അമ്മയും ആയതോടെ ജോലി ഭാരം കൂടി. കൂടാതെ ശരീരത്തിൽ നീര് വരുന്ന അസുഖവും . ഇപ്പോൾ ഈ

ഇരുന്നുള്ള ജോലിയും ആയതോടെ കാണുന്നവർക്ക് കൊട്ടാനുള്ള ചെണ്ട ..”

മായ ചിരിച്ചു നിർത്തി .

“ഇല്ല ഡോക്ടർ അത്ര തടി ഒന്നുമില്ല”


“അത് ചേച്ചിക്ക് പറയാം”


“എന്റെ രൂപം , എന്നെക്കാൾ ഏറെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നു. കാണുന്നവർക്ക് ഡയറ്റ് പ്ലാൻ , എക്സർസൈസ് ഇതൊക്കെ ആണ്

എന്നോടു സംസാരിക്കാന് ഉള്ളത് . ഒന്നും ചെയ്യാതെ ഇരിക്കുന്നത് കൊണ്ടാണെന്നും, മടിയാണെന്നും അങ്ങനെ ഒരുപാട് പഴികൾ .. ഈ ചേമ്പിൻ തണ്ടു എന്താ തടിയ്ക്കാതെ ഇരിക്കുന്നേ എന്നതിന് ഉത്തരം ഒരുപാട് തടിച്ചാൽ മായയെ പോലെ ആകും എന്നു പറഞ്ഞവർ


പേറു കഴിഞ്ഞാൽ മായയെ പോലെ ആകാതെ തടി കുറയ്ക്കണം എന്നു പറയാൻ മറക്കാത്തവരും

പിന്നെ തടി കുറയ്ക്കണം എന്നു കുട്ടിയോട് പറയുന്നത് കുട്ടിക്ക് ഇഷ്ടമല്ല ലെ എന്നു ഓർമിപ്പിക്കുന്നവർ ..

ഇന്ന് നടക്കാൻ ഇറങ്ങിയപ്പോൾ , ഫ്ലാറ്റിൽ പുതിയ താമസക്കാരി ആന്റി മോള് “വാൽനട്ട്” കഴിക്ക് തടി കുറയാൻ എന്നൊരു ഫ്രീ ഉപദേശം ..


ആദ്യമായി കാണുന്ന ഒരാളെ പോലും മുറിപ്പെടുത്താതെ വിടാൻ സമൂഹത്തിന് ആവില്ല

എനിക്കു നീര് വരുന്ന അസുഖം ഉണ്ടെന്ന് ഈ ഭൂലോകത്ത് ആരും വിശ്വസിക്കാൻ പോകുന്നില്ല .

ലോകം അതാണ് മറ്റുള്ളവർ എങ്ങനെ , എന്തു അനുഭവിക്കുന്നു എന്നു മനസ്സിലാക്കാതെ അവരെ മുറിപ്പെടുത്തി ആഹ്ളാദം കണ്ടെത്തുന്നവർ ..

തടി കൂടുതൽ എന്നു പറഞ്ഞു ഭക്ഷണം തരാത്തവർ ..”


മായ പറഞ്ഞു നിർത്തിയപ്പോൾ അവർ കണ്ണ് തുടച്ചു ..


“ഡോക്ടർ , ഇപ്പോൾ എന്റെ പേരക്കുട്ടി എന്നെ പോലെ മെലിഞ്ഞിരിക്കുന്നു . അതിനും എനിക്കു തന്നെ ആണ് പഴി കേൾക്കുന്നത് .

മനസ്സ് നന്നാവാതോൻഡാ ശരീരത്തിൽ പിടിക്കാത്തെ ത്രെ .. അങ്ങനെ.... (കണ്ണ് തുടക്കുന്നു)

ഡോക്ടർ പറഞ്ഞത് എനിക്കു മനസ്സിലായി. പക്ഷേ എങ്ങനെ ഇതൊക്കെ ഹാൻഡിൽ ചെയ്യും?”


“ചേച്ചി , എല്ലാവർക്കും ഓരോ ഐഡെന്റിഫികേഷൻ ഉണ്ട് . ചിലർ തടിച്ചവർ , മെലിഞ്ഞവർ , കറുത്തവർ , വെളുത്തവർ , ഉയരം കൂടിയവർ

ഉയരം കുറഞ്ഞവർ അങ്ങനെ അങ്ങനെ ..തടിക്കാനും, മെലിയാനും ഓരോ കാരണങ്ങൾ ഉണ്ട്. ഞാൻ സെൻസിറ്റീവ് ആയിരുന്നു ഓരോ കമന്റിനും..

അത് കാര്യങ്ങൾ കൂടുതൽ വഷളാക്കി . എനിക്കു നീർക്കെട്ടും ,അസുഖവും കൂടി .


നിങ്ങളോട് ഒന്നേ പറയാൻ ഉള്ളൂ , മെലിഞ്ഞിരിക്കുന്നത് കൊണ്ട് നിങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ബാക്കി എല്ലാ കമന്റുകളും വിട്ടേക്ക്


നിങ്ങൾ നിങ്ങളെ സ്നേഹിക്കൂ .. മറ്റാരേക്കാളും കൂടുതൽ നിങ്ങൾ നിങ്ങളെ മനസ്സിലാക്കൂ”

“ഡോക്ടർ , ഒരു പേഷ്യന്റ് കൂടി വന്നിടുണ്ട് , അയക്കെട്ടേ” നഴ്സ് കതക് തുറന്നു ചോദിച്ചു .

മായ തലയാട്ടി .

“ഡോക്ടർ ഞാൻ ഇറങ്ങട്ടെ” അവർ നരച്ചമുടി ഒതുക്കി നിവർന്നു നടന്നു .


തലകുനിച്ചു സാരിതലപ്പ് പിടിച്ചു വന്ന അവർ ആത്മധൈര്യത്തോടെ പോകുന്നത് മായ കണ്ടു .


അവർ കുനിയാതെ തിരിഞ്ഞു നിന്നു . ബോർഡ് വായിച്ചു

“ഡോക്ടർ: മായ”

അവരുടെ ചെവിയിൽ ഡോക്ടറുടെ വാക്കുകൾ കേട്ടുകൊണ്ടേ ഇരുന്നു .

“നിങ്ങൾ നിങ്ങളെ സ്നേഹിക്കൂ .. മറ്റാരേക്കാളും കൂടുതൽ നിങ്ങൾ നിങ്ങളെ മനസ്സിലാക്കൂ”



Rate this content
Log in

Similar malayalam story from Inspirational