"കുഴിവേലിൽ കാവ് "
"കുഴിവേലിൽ കാവ് "
അതാണ് ഓണാട്ടുകരക്കാർ...എവിടെ കൊട്ട് കേട്ടാലും ഉളിൽ ഒരു തുടിതാളം ഉണരും...
ഇടയൊടിക്കാവ് ഭഗവതീടെ ഓരം ചേർന്ന് ഒഴുകുന്ന തോടിൻറ്റെ വടക്കേ കരയിൽ നിന്ന് വേലിപ്പരത്തിപൊന്ത വകഞ്ഞു നീക്കിയാൽ ദൂരെ കാണാം കുഴിവേലിൽ കാവ്.
ഭൂപ്രകൃതി അനുസരിച്ചു ഊഷരഭൂമി ആയതു കൊണ്ടാകാം ഉരഗങ്ങൾ ഇത്രേം നാട് വാണത്. മണ്ണാറശ്ശാലയും വെട്ടിക്കോടും ഒക്കെ അതിനാലാവാം ഇങ്ങനെ ആരാധനാ മൂർത്തികൾ ആയതും. ഭയപ്പാടിൽ നിന്നാണെന്നു തോന്നുന്നു ഭക്തി ആർജവം പ്രാപിക്കുന്നത്…
ഇരുട്ട് വീണു തുടങ്ങി-സമയം വൈകി എന്ന് ചീവീടുകൾ അറിയിച്ചു കൊണ്ടേയിരുന്നു. ദൂരെ പുള്ളുവൻ പാട്ടു കാറ്റിനെ കവച്ചു വച്ച് ഓളത്തിൽ നിമ്നോന്നതമായി താളം തട്ടുന്നു....
നേരത്തും കാലത്തും ഇറങ്ങില്ലല്ലോ മാധവിഅപ്പച്ചിയുടെ ശകാരം അനുപല്ലവിയും കടന്നു ചരണത്തിൽ എത്തുന്ന മുൻപ് ഇറങ്ങി ഓടുകയല്ലാതെ വേറെ നിവർത്തി ഇല്ലാരുന്നു സുപ്രിയയും മണിയും സുഭദ്ര ഇച്ചേയിയും ഹിമയും കൂടിയ നാൽവർ സംഘത്തിന്. ചെല്ലപ്പൻ നായരുടെ ചായക്കടക്ക് എതിരെ അമ്പലത്തിന്റെ കാണിക്കകുറ്റി ചേർന്ന് ഒരു തടിപാലം ഉണ്ട് . പാലം എന്ന് പറയുമ്പോൾ ഒരാൾക്ക് ഒരു സമയം കഷ്ടി കടക്കാം. താഴെ അങ്ങനെ വെള്ളം കുത്തൊലിച്ചു പോക്കൊന്നും ഇല്ല. ചെറിയ ഒരു നൂൽചാട്ടം എന്ന് വേണേൽ പറയാം. എന്നാലും അതിന്റെ മേലെ കൂടെ പോകുന്നത് ഒരു സർക്കസ് ആണ്.
പോരാത്തതിന് സന്ധ്യയായാൽ അവിടെ 'ഉത്സാഹകമ്മറ്റിക്കാരുടെ' ഒത്തുചേരൽ ആണ്. വിശേഷം മുഴുവൻ പറയാതെ പോരാൻ ഒക്കില്ല- പെരുമഴയുടെ അന്താക്ഷരിയാണ് പിന്നെ. അല്ലേലും വർഷങ്ങൾ കൂടുമ്പോൾ നാട്ടിൽ തലകാണിക്കുന്നവരുടെ വിശേഷം അറിയണമല്ലോ.
ഓര്മ വച്ച കാലം മുൻപേ സായിപ്പിന്റെ നാട് തീണ്ടിയവരെ സർപ്പം പാട്ടും നാഗത്തറയും പുള്ളോർവീണയും കളമെഴുത്തും ഒക്കെ കാണിച്ചു കൊടുക്കൽ ആയിരുന്നു സുപ്രിയയുടെ ഉദ്ദേശം.
മഞ്ഞൾപ്പൊടിയുടെയും തെങ്ങിൻപൂക്കുലയുടേയും വന്യ ഗന്ധവും കർപ്പൂരവും രജനീഗന്ധി പുഷ്പം സമ്മാനിച്ച നവഗന്ധവും നസ്യാരന്ദ്രങ്ങൾക്കു ഊഷ്മളത നൽകി. മുന്നിലെ കളത്തിൽ കെട്ടിപ്പിണഞ്ഞു കിടക്കുന്ന സങ്കീർണ്ണമായ കോലങ്ങൾ കണ്ണിലെ നിറദീപങ്ങളെ മങ്ങിപ്പിച്ചു …മാത്രമല്ല ഹിമയുടെ പദചലനവും തെറ്റിച്ചു ..എന്തോ ഒന്ന് ചുറ്റി പിടയുന്ന പോലെ......പുള്ളുവൻ വീണയുടെ വല്ലാത്ത ഈണം ഒരു മാന്ത്രികത സൃഷ്ടിച്ചു.
പൊടുന്നനെ എട്ടുദിക്കുംപൊട്ടുമാറ് ഒരു അലർച്ച...”വ്രതം എടുക്കാത്ത ആരും കളത്തിൽ തൊടരുത് - തുള്ളരുത്. ഒരു ദേശത്തെ അപമാനിക്കുന്നോ” ആക്രോശിക്കുകയാരുന്നു കാര്യക്കാരൻ.
..തനിക്കു എന്ത് സംഭവിച്ചു എന്ന് പോലും തിരിച്ചറിയാനാവാതെ അമ്പരന്നു നിൽക്കുന്ന ഹിമയെ നോക്കി നിന്നു മണിയും കൂട്ടരും.
ഫിനാലെകളുടെ കളർ കൂട്ടുകളും പബ്ബിലെ കണ്ണ് ചിമ്മുന്ന പ്രകാശ പ്രതിഭാസങ്ങളും ഒക്കെ വളരെ പോസിറ്റിവിറ്റി തരുന്നു എന്ന് വീമ്പു പറയാറുള്ള ഹിമയാണ് ഇങ്ങനെ അഹം നഷ്ടപ്പെട്ടു മുന്നിൽ ഇരിക്കുന്നത് എന്ന് വിശ്വസിക്കാൻ അവർ പാട്പെട്ടു.
“കാവ് തീണ്ടല്ലേ കുടിവെള്ളം വറ്റും” എന്ന ടീച്ചറിന്റെ ആത്മരോദനത്തിന്റെ ആഴം അളക്കാൻ ശ്രമിക്കുകയായിരുന്നു അപ്പോൾ അവൾ….. ഹിമ ...ഹിമബിന്ദു.
