ഭൂമി
ഭൂമി


പ്രകൃതിയെ സ്നേഹിച്ചിട്ടുണ്ടോ നിങ്ങൾ? ഈ ഭൂമി നമ്മുടെ മാതാവാണ്. നമ്മുടെ സ്വന്തം മാതാവ്. നാം ചവിട്ടുന്ന ഓരോ പിടി മണ്ണിനേയും നമ്മൾ സ്നേഹിക്കേണ്ടതാണ്. ഈ ഭൂമി നമ്മളാൽ സ്നേഹിക്കപ്പെടേണ്ടതാണ്. വൃക്ഷങ്ങൾ മുറിച്ചു മാറ്റപെടുമ്പോൾ മറ്റൊരു തൈ നട്ടു പിടിപ്പിക്കണമെന്ന് പറയാറില്ലേ? സ്നേഹിക്കണം, ചെടികളെയും മരങ്ങളെയും. പ്രകൃതി ഇല്ലാതെ എന്ത് ഭൂമി? എന്ത് ജീവിതം?
ഇവിടെ നിങ്ങൾ കാണാൻ പോവുന്നതും പ്രകൃതി സ്നേഹിയായ ഒരു പെൺകുട്ടിയെക്കുറിച്ചാണ്. അനശ്വര എന്ന പെൺകുട്ടി. പ്രകൃതിയെ സ്നേഹിച്ചിരുന്നവൾ. ഈ മണ്ണിനെ സ്വന്തം മാതാവിനെ പോലെ സ്നേഹിച്ചവൾ. പ്രകൃതിയെ അവൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അവളുടെ ഏറ്റവുമടുത്ത ചങ്ങാതിമാരാണ് ചെടികളും മരങ്ങളും. എന്നും രാവിലെ എഴുന്നേറ്റ് അവൾ പ്രകൃതിയിലേക്കിറങ്ങും. അവിടെ അവളെ നോക്കി പുഞ്ചിരിക്കാനും അവളെ വരവേൽക്കാനും ഒത്തിരിപ്പേരുണ്ടെന്ന് അവൾക്കറിയാം. അവരെ കണ്ടില്ലെങ്കിലും അവരോട് സംസാരിച്ചില്ലെങ്കിലും ദിവസം ശരിയാവില്ല.
കാരണം അതായിരുന്നു അവളുടെ ലോകം. അവരായിരുന്നു അവളുടെ ലോകം!
ഏതോ ഒരു കാട്ടിലായാലും ശരി
, വൃക്ഷങ്ങൾ മുറിച്ചു ഇല്ലാതാക്കുന്നു എന്ന് കേട്ടാൽ ഉള്ളൊന്ന് നീറും! എന്തിനാണ് വൃക്ഷങ്ങളെ മുറിക്കുന്നത്? അവൾ എപ്പോഴും ചോദിക്കും.
വൃക്ഷങ്ങൾ മുറിച്ചേ പറ്റൂ, പല ആവശ്യങ്ങളും ഉണ്ടാവും. പക്ഷേ ആ സമയം എന്തുകൊണ്ട് പകരമായി ഒരു തൈ നട്ടുകൂടാ?
മുറിക്കുന്നതിന്റെ പകുതി താല്പര്യം പോലുമില്ലല്ലോ ആർക്കും ഒരു തൈ നട്ടു പിടിപ്പിക്കാൻ. ഭൂമി എന്ന അമ്മയിൽ നിന്നും മക്കളായ വൃക്ഷങ്ങളെ മുറിച്ചു മാറ്റുമ്പോൾ അവർക്ക് എത്രമാത്രം വേദനിക്കും?
അനശ്വരയുടെ മനസ്സിനെ എല്ലാവരും പുകഴ്ത്തി. അവൾ നല്ലൊരു മനസ്സിന്റെ ഉടമയാണ്. ലോക പരിസ്ഥിതി ദിനത്തിൽ അവൾ എന്തെല്ലോ നട്ടുപിടിപ്പിക്കും. അവരെയൊക്കെ സ്വന്തം സുഹൃത്തുക്കളെ പോലെ വളർത്തും. വളർന്നു വലുതായി പിന്നീട് അതിനെ മുറിച്ചു മാറ്റുന്നത് കാണുമ്പോൾ വല്ലാത്തൊരു വേദനയാണ്. പറഞ്ഞറിയിക്കാൻ പറ്റാത്ത വേദന...
നിങ്ങൾ ഓർക്കുക, ഈ കഥയിലെ അനശ്വരയുടെ മനസ്സാവണം നിങ്ങൾക്കും. പ്രകൃതിയെ സ്നേഹിക്കുക, ഭൂമിയെ സ്നേഹിക്കുക. നിങ്ങൾ ജീവിക്കുന്ന, നിങ്ങൾ ചവിട്ടുന്ന ഒരു പിടി മണ്ണ് നിറഞ്ഞ ഈ ഭൂമിയെ സ്നേഹിക്കുക!