Nibras Shameem

Drama Children

3  

Nibras Shameem

Drama Children

തൊഴിൽ

തൊഴിൽ

2 mins
334


അവൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. പഠിക്കാൻ മിടുക്കിയാണ്. രെഞ്ചു എന്നാണ് ഈ കൊച്ചു മിടുക്കിയുടെ പേര്. രെഞ്ചു സ്കൂളിലെ തന്നെ ഒന്നാം റാങ്ക് കാരിയാണ്. സ്കൂളിന്റെ പ്രിയപ്പെട്ടവൾ. അധ്യാപകർക്കും കൂട്ടുകാരികൾക്കുമൊക്കെ അവളെ ഭയങ്കര ഇഷ്ടമാണ്. കാണാനും സുന്ദരിയാണ്.


പഠിച്ച് പഠിച്ചു ഡോക്ടർ ആകണമെന്നാണ് അവളുടെ ഏറ്റവും വലിയ ആഗ്രഹം. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതലേ അവൾ പറയാൻ തുടങ്ങിയ ആഗ്രഹമായിരുന്നു അത്, അവൾക്ക് ഡോക്ടർ ആകണമെന്ന്. അത് കേൾക്കുമ്പോൾ അവളുടെ അച്ഛനും അമ്മയ്ക്കും ഭയങ്കര സന്തോഷമാണ്. മകളെ ഡോക്ടർ ആക്കണമെന്ന് അവരും ആഗ്രഹിച്ചു.


അവൾ വളർന്നു വരും തോറും അവളോട് അമ്മയും അച്ഛനും എപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കും: " മോളെ നീ നന്നായി പഠിക്ക്, നീ എന്തായാലും ഡോക്ടർ ആവും. നിന്നെ ഞങ്ങൾ ഡോക്ടർ ആക്കും." അത് കേൾക്കുമ്പോ തന്നെ അവൾക്ക് സന്തോഷമാണ്, സമാധാനമാണ്. ആ വാക്കുകൾ തന്നെ അവളെ കൂടുതൽ പഠിക്കാൻ പ്രേരിപ്പിക്കാറുണ്ട്. ഓരോ വർഷവും ജയിക്കുമ്പോഴും രെഞ്ചുവായിരിക്കും സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനത്ത്. മറ്റാർക്കും അവളെ മറികടക്കാൻ സാധിച്ചില്ല.


അവൾ എല്ലാത്തിലും മിടുക്കിയായിരുന്നു, പഠനത്തിൽ മാത്രമായിരുന്നില്ല. നന്നായി സംസാരിക്കും. പരിപാടികളില്ലെല്ലാം പങ്കെടുക്കും, പാട്ടുപാടും. അവൾക്ക് ലോകത്തോട് എന്തെല്ലാമോ പറയാനുണ്ടായിരുന്നു. സ്കൂൾ പരിപാടികളിലൊക്കെ അവൾ സ്റ്റേജിൽ കയറി ഒരുപാട് സംസാരിക്കും. അവളുടെ വാക്കുകൾ എല്ലാവർക്കും ഒരു മോട്ടിവേഷൻ ആയിരുന്നു.


രെഞ്ചു പലപ്പ്പോഴും പറയുമായിരുന്നു. ഒരു പെണ്ണ് എന്നാൽ നാല് ചുമരിനുള്ളിൽ ഒതുങ്ങി കൂടി ജീവിക്കേണ്ടവളല്ല, പാത്രങ്ങൾ കഴുകി വീടിനുള്ളിൽ തങ്ങാനും അടുക്കള ഭരിക്കാനും മാത്രമുള്ള ജന്മമല്ല പെണ്ണുങ്ങളുടേതു. അവർക്കുമുണ്ട് ആഗ്രഹങ്ങൾ. ആ ആഗ്രഹങ്ങൾ പൂട്ടി വെക്കാനുള്ളതല്ല. അവരെ ചിറകു വിരിച്ചു പറന്നു പോവാൻ അനുവദിക്കണം. അവരുടെ സ്വപ്‌നങ്ങൾ, അവരുടെ ലക്ഷ്യങ്ങൾ... ആ ലക്ഷ്യങ്ങളിലേക്കുള്ള വഴി തുറക്കപ്പെട്ടിരിക്കണം. അവളുടെ വാക്കുകൾക്ക് വല്ലാത്ത മൂർച്ചയായയിരുന്നു, ആ മൂർച്ച അവൾ ജീവിതത്തിൽ സൂക്ഷിച്ചു. അവളുടെ പ്രവർത്തിയിലും.


അവൾ വളർന്നു വലുതായി. പന്ത്രണ്ടാം ക്ലാസും പാസ്സായി. പക്ഷേ പിന്നീടുള്ള അവളുടെ പഠനത്തിന് ആവശ്യമായ പണം അവളുടെ വീട്ടുകാരുടെ കൈയ്യിൽ ഉണ്ടായിരുന്നില്ല. വളരെ ബുദ്ധിമുട്ടി ജീവിച്ചുപോയവരായിരുന്നു അവളുടെ കുടുംബം. ചെറുപ്പം മുതലേ ഡോക്ടർ ആക്കുമെന്ന് മകൾക്ക് കൊടുത്ത വാഗ്ദാനം അവിടെ പൊളിഞ്ഞു. അവളുടെ ഹൃദയം തകർന്നു. പക്ഷേ വീട്ടുകാർക്കൊന്നും ചെയ്യാൻ പറ്റിയില്ല.


വിധി!


ആഗ്രഹങ്ങളെ ചിറകു വിരിച്ചുകൊണ്ട് നേരിടണമെന്ന അവളുടെ വാക്കുകളാൽ പലരും അവരുടെ ലക്ഷ്യത്തിലെത്തി,

അവൾ ഒഴികെ!


Rate this content
Log in

Similar malayalam story from Drama