സ്വപ്നമെന്ന ഭയം
സ്വപ്നമെന്ന ഭയം


അയാൾ ഉറങ്ങാൻ കിടന്നു. ഉറങ്ങാൻ അയാൾക്ക് ഭയമാണ്, വല്ലാത്തൊരു ഭയം... എന്താണെന്നറിയില്ല, ഉറക്കത്തിൽ അയാൾ കാണുന്നതെല്ലാം യാഥാർഥ്യങ്ങളാണ്. പച്ചയായ യാഥാർഥ്യങ്ങൾ... ആ യാഥാർഥ്യങ്ങളെ അയാൾ ഭയന്നു. രഘു എന്നാണ് അയാളുടെ പേര്. രഘു സ്വപ്നത്തിൽ കാണുന്ന യാഥാർഥ്യങ്ങളെ ഭയന്നു കൊണ്ടേയിരുന്നു. അവൻ ഉറങ്ങാൻ ഭയന്നു കാരണം അവന്റെ സ്വപ്നം വളരെ പേടിപ്പെടുത്തുന്നതായിരുന്നു. ആത്മാക്കൾ വേട്ടയാടുന്നതൊന്നുമായിരുന്നില്ല അവന്റെ സ്വപ്നം. പക്ഷേ മരണമായിരുന്നു, ആരുടൊക്കെയോ മരണങ്ങൾ! അതിൽ തന്റെയും പ്രിയപ്പെട്ടവരുണ്ട്! പ്രിയപ്പെട്ടവരുടെ ജീവിതം നഷ്ടപെടുന്നത് കാണുമ്പോൾ ഭയമാണ്. കാരണം അതെല്ലാം യാഥാർഥ്യമാവാറുണ്ട്. ഇത് വരെ കണ്ടതെല്ലാം യാഥാർഥ്യമായിട്ടുണ്ട്.
രഘു ഉറങ്ങാൻ കിടന്നു. അവൻ ഓർക്കാൻ തുടങ്ങി... അവന്റെ ആദ്യത്തെ സ്വപ്നം. സ്വപ്നത്തെ അവൻ ഭയന്നു തുടങ്ങിയ ആ ദിവസം!
പതിവുപോലെ അവൻ ഉറങ്ങാൻ കിടന്നതായിരുന്നു. അന്ന് രാത്രി അവനൊരു മനസ്സുഖമില്ലായിരുന്നു. എന്താ എന്നൊന്നും അറിയില്ല. അവൻ കിടന്നു. കണ്ണടച്ചു... ഉറക്കം വരുന്നില്ല... ദൈവമേ ഉറക്കം വരുന്നില്ലല്ലോ! കുറേ തിരിഞ്ഞും മറഞ്ഞും കിടന്നു നോക്കി, ഉറക്കം വന്നതേയില്ല. കുറേ നേരം കഴിഞ്ഞപ്പോൾ അവൻ കണ്ണടച്ചു... മയങ്ങിപോയി... രഘു ഇപ്പോൾ സ്വപ്നത്തിന്റെ ലോകത്താണ്..
അവൻ സ്വപ്നം കാണാൻ തുടങ്ങി. സ്വന്തം കാമുകിയുമൊത്തൊരു യാത്ര പോയി കൊണ്ടിരിക്കുകയാണ്. മായ എന്നാണവളുടെ പേര്. മായയുമൊത്തു അവൻ ട്രെയിനിൽ യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ്. അവർ വിനോദ യാത്ര പോവുകയാണ്. അടുത്താഴ്ച അവരുടെ വിവാഹമാണ്. അതിനു മുൻപ് മായയുടെ പിറന്നാൾ ആഘോഷിക്കാനാണ് ആ യാത്ര പോവുന്നത്. വളരെ സന്തോഷകരമായിരുന്ന നിമിഷമായിരുന്നത്. അങ്ങനെ അവർ കളിച്ചും ചിരിച്ചും ഉല്ലസിച്ചു യാത്ര പോയി കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് മായയെ ആരോ വെടിവെച്ചു. ആ നിമിഷം തന്നെ അവൾ അവിടെ മരിച്ചു അവന്റെ മടിയിലേക്ക് വീണു. രഘുവിന് അത് താങ്ങാൻ പറ്റിയില്ല... അവൻ ഉറക്കെ കരഞ്ഞു. ആ കമ്പാർട്മെന്റിൽ അവരെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. അപ്പോഴേക്കും ആ അജ്ഞാതൻ സ്ഥലം വിട്ടു കളഞ്ഞു.
രഘു പെട്ടെന്ന് സ്വപ്നത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റു. അവൻ വല്ലാതെ വിറച്ചു, ഭയന്നു. അല്പം വെള്ളമെടുത്തു കുടിച്ചു. സമയം 4:00. സ്വപ്നം അല്ലെ? എന്നാലും ഒരു ഭയം. അവന്റെ ഉള്ളിൽ ഭയമായിരുന്നു. കാരണം അവനറിയാം അവന്റെ കാമുകി മായയെ മറ്റൊരുത്തനും ഇഷ്ടമാണ്. ഒരു ചെക്കൻ! അവൻ കുറേ അവളുടെ പുറകെ നടന്നിട്ടുണ്ട്... പക്ഷേ അവൾക്ക് ഒട്ടും താല്പര്യമില്ല. രഘുവുമായിട്ട് അവളുടെ കല്യാണം ഉറപ്പിച്ച അന്നു മുതൽ അവൻ മായ്ക്കെതിരെ ഭീഷണിയുമായിട്ട് വന്നിട്ടുണ്ടായിരുന്നു. ആ ഒരിത് വെച്ചു നോക്കു
മ്പോൾ എന്തെങ്കിലും സംഭവിക്കുമോ എന്നോർത്തു രഘു ഭയന്നു. അവൻ ഉറങ്ങാൻ കിടന്നു. പക്ഷേ ഉറക്കം വന്നില്ല.
അങ്ങനെ സമയം രാവിലെ ആയി. അവൻ എഴുന്നേറ്റു. അന്ന് അവർക്ക് യാത്ര പോവേണ്ട ദിവസമായിരുന്നു. സ്വപ്നത്തിൽ കണ്ടപോലെ, ഒരു ട്രെയിൻ യാത്ര! രഘു ഒന്നും മനസ്സിൽ വെക്കാതെ പോവാനൊരുങ്ങി. മായയെ വിളിച്ചു. അവളും വന്നു. സ്വപ്നം കണ്ടതിനെ കുറിച്ച് രഘു അവളോട് പറഞ്ഞില്ല. അങ്ങനെ അവർ ആ യാത്ര പോകുവാൻ തുടങ്ങി. ട്രെയിനിൽ കയറി. അവർ പ്രവേശിച്ച കമ്പാർട്മെന്റിൽ ആരും ഇല്ലായിരുന്നു. അതു കണ്ടപ്പോൾ തന്നെ രഘു ഭയന്നു...
ഈശ്വരാ, സ്വപ്നത്തിൽ കണ്ടപോലെ ആളൊഴിഞ്ഞ കമ്പാർട്മെന്റോ?
അവൻ അപ്പോഴും അവളോടൊന്നും പറഞ്ഞില്ല. അവർ അവിടെയിരുന്നു..
ട്രെയിൻ നീങ്ങാൻ തുടങ്ങി. അവർ സംസാരിച്ചു, ചിരിച്ചു... അതിനിടയിൽ രഘു തന്റെ സ്വപ്നത്തെ കുറിച്ച് മറന്നു... അത്ഭുതം! ഒരു നിമിഷം കൊണ്ട് മായ വെടിയേറ്റ് അവന്റെ മടിയിലേക്ക് വീണു. അപ്പോൾ തന്നെ മരിച്ചു. അത് കണ്ട രഘു ഞെട്ടി... അവിടെ അവരെ സഹായിക്കാൻ ആരുമില്ല! സ്വപ്നത്തിൽ കണ്ടപോലെ തന്നെ... സ്വപ്നം യാഥാർഥ്യമാവുമോ എന്ന ചിന്തയുടെ ഉത്തരമാണ് അവിടെ ലഭിച്ചത്! സ്വപ്നം യാഥാർഥ്യമായി! വിശ്വസിക്കാൻ പറ്റിയില്ല... അവനു കരയാൻ പോലും പറ്റിയില്ല... അന്ന് രാത്രി ഉറങ്ങാൻ ഭയന്നു...
ഇനി വീണ്ടും ഇത് പോലെ പ്രിയപ്പെട്ടവർ മരണപ്പെടുന്നത് സ്വപ്നം കണ്ടാലോ? അന്ന് മുതൽ അവൻ സ്വപ്നത്തേയും യാഥാർഥ്യങ്ങളെയും ഭയന്നു. പക്ഷേ ഉറങ്ങാതിരിക്കാൻ പറ്റില്ലല്ലോ? ഒരു രാത്രി ഉറങ്ങിയില്ലേലും കുഴപ്പമില്ല! അന്ന് കൂടുതൽ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് തീരുമാനിച്ചത്.
നമ്മുടെ ചിന്താഗതിയും തോന്നാലുകളുമാണ് നാം സ്വപ്നത്തിൽ കാണാറുള്ളതെന്ന് പലരും പറയാറുണ്ടായിരുന്നു. നമ്മുടെ ഉള്ളിൽ എന്തൊക്കെയുണ്ടോ അല്ലെങ്കിൽ നമുക്ക് എന്തൊക്കെ തോന്നുന്നുവോ, നാം എന്തിനെക്കുറിച്ചു കൂടുതൽ ചിന്തിക്കുന്നുവോ അതെല്ലാം നമ്മുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടും ആ സ്വപ്നങ്ങളിൽ ചിലപ്പോൾ നമ്മൾ വരാനിരിക്കുന്ന കാര്യങ്ങളെ കുറിച്ചോ കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ചോ എന്തെങ്കിലും കാണും! ചിലപ്പോൾ അത് യാഥാർഥ്യമാവും...
ഇതെല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ രഘു വല്ലാതെ ഭയന്നു പക്ഷേ ഉറങ്ങാതിരിക്കാൻ പറ്റില്ലല്ലോ!
ഓരോ സ്വപ്നങ്ങളിലും അവൻ കണ്ട മരണങ്ങൾ എല്ലാം യാഥാർഥ്യമായി! എല്ലാം അവന്റെ പ്രിയപ്പെട്ടവർ! സ്വപ്നം കൊണ്ട് ഇങ്ങനെയും ദോഷമുണ്ടെന്നും, സ്വപ്നത്തിന് ഇങ്ങനെയുമൊരു ഭാഗമുണ്ടെന്നും അവൻ തിരിച്ചറിഞ്ഞു. സ്വപ്നങ്ങളുടെ ലോകം അവനെ നിരാശപ്പെടുത്തി, അവന്റെ മനസ്സിനെ കൊന്നൊടുക്കി... സ്വപ്‌നങ്ങൾ പ്രിയപ്പെട്ടവരുടെ ജീവനെടുത്തു.