പണമെന്ന ലക്ഷ്യം
പണമെന്ന ലക്ഷ്യം


അവർ 4 പേരും എപ്പോഴും ഒരുമിച്ചാണ്. ഉറ്റ സുഹൃത്തുക്കൾ. അവരുടെ ഏറ്റവും വലിയ ആഗ്രഹം ഒരു ടൂർ പോവണമെന്നാണ്. ആ ആഗ്രഹം മനസ്സിൽ കൊണ്ടു നടക്കാൻ തുടങ്ങീട്ട് വർഷങ്ങളായി. അഞ്ചു, ചിഞ്ചു, കുഞ്ചു, ചിക്കു ഇതാണ് ഇവരുടെ പേരുകൾ. എല്ലാവരും പ്ലസ്ടു അവസാന വർഷ വിദ്യാർഥികൾ!
സ്കൂളിൽ നിന്ന് ടൂർ പോയിരുന്നു. ആ യാത്ര അടിപൊളിയായിരുന്നോ എന്ന് ചോദിച്ചാൽ ഭയങ്കര അടിപൊളിയൊന്നുമായിരുന്നില്ല. കാരണം ചിഞ്ചുവിന്റെ വീട്ടുകാർ അല്പം സ്ട്രോങ്ങ് ആണ്. അവർ അവളെ ടൂറിനു പോവാൻ സമ്മതിച്ചില്ല. അഞ്ചുവിനും കുഞ്ചുവിനും ചിക്കുവിനും ഈ കാര്യത്തിൽ നല്ല വിഷമമായിരുന്നു. അവർ ചിഞ്ചു ഇല്ലാതെ ആ യാത്ര പോവേണ്ട എന്നൊക്കെ വിചാരിച്ചിരുന്നു. പക്ഷേ പിന്നീട് അവർ പോയി... പക്ഷേ ആ യാത്ര അത്രയ്ക്ക് മനോഹരമായില്ല! അവരിൽ ഒരാൾ ഇല്ലാതെ ഒന്നും രസകരമാവില്ലായിരുന്നു. നാല് പേരും ഒത്തു ചേർന്നാൽ ഭയങ്കര രസമാണ് എല്ലാത്തിനും!
അങ്ങനെയിരിക്കെ അവർ നാല് പേരും ഒരു യാത്ര പോവണമെന്ന് തീരുമാനിച്ചു. ഈ പ്രാവശ്യവും ചിഞ്ചുവിന്റെ വീട്ടുകാർക്കാണ് കുഴപ്പം. ബാക്കിയെല്ലാവരും റെഡി ആണ്. അവർ മൂന്നുപേരും കൂടെ ചിഞ്ചുവിന്റെ വീട്ടുകാരെ കൊണ്ട് സമ്മതിപ്പിക്കാൻ നോക്കി. എവടെ? ഒരു രക്ഷയുമില്ല. എന്തെങ്കിലും വഴി കണ്ടേ പറ്റു, ഈ യാത്രയില്ലെങ്കിലും 4 പേരും ഉണ്ടായിരിക്കണമെന്നായിരുന്നു എല്ലാവരുടെയും മനസ്സിൽ. എന്തു വന്നാൽ പോലും എല്ലാം ഒരുമിച്ചു നേരിട്ട് ചിഞ്ചുവിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനാണ് 3 പേരും വിചാരിച്ചത്.
അങ്ങനെ അവർ പല അടവുകളും കണ്ടെത്തി നോക്കി. ചിഞ്ചുവിനെ വീട്ടുകാർ പോകുവാൻ സമ്മതിച്ചില്ല. പിന്നെ എല്ലാവരുടെയും ചിന്ത മറ്റൊരു കാര്യത്തിലേക്ക് നീങ്ങി. എന്തു കൊണ്ടായിരിക്കും അവളെ വിടാത്തത്? എന്തായിരിക്കും കാരണം?
ആ
ചിന്ത ചിഞ്ചുവുമായിട്ട് പങ്കു വെച്ചപ്പോൾ അവൾ പറഞ്ഞു പണമാണ് ഇതിനു പിന്നിലെ കാരണമെന്ന്. സാമ്പത്തികമായി ഒരുപാട് പ്രശ്നമുള്ള കുടുംബമാണ് ചിഞ്ചുവിന്റേത്. വളരെ കഷ്ടപെട്ടാണ് ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്. ഭക്ഷണം പോലും ആവശ്യത്തിന് കഴിക്കാൻ പറ്റാത്ത അവസ്ഥയിൽ അടിച്ചുപൊളിച്ചു സന്തോഷിക്കാൻ എവിടുന്നാണ് പണം കിട്ടുക? എന്ന ചിഞ്ചുവിന്റെ ചോദ്യത്തിന് ആർക്കും മറുപടി ഇല്ലായിരുന്നു. അപ്പോൾ പിന്നെ എല്ലാവരുടെയും മനസ്സിൽ ഒരു ചിന്ത മാത്രമേ വന്നുള്ളൂ.
നമുക്ക് 4 പേർക്കും കൂടെ പണം ഉണ്ടാക്കിയാലോ? ആ പണം കൊണ്ടു മാത്രം യാത്ര പോയാൽ മതി, ആരും വീട്ടിൽ നിന്ന് പണം ചോദിക്കണ്ട. ഇതൊരു നല്ല തീരുമാനമാണെന്ന് മാതാപിതാക്കൾക്കും തോന്നും. ഇങ്ങനെയൊരു തുടക്കമിട്ടാൽ നമ്മുടെ എന്ത് അത്യാവശ്യ കാര്യത്തിനും നമ്മൾ പണമുണ്ടാക്കും എന്ന വിശ്വാസം വീട്ടുകാർക്കും ഉണ്ടാവും എന്ന
ചിക്കുവിന്റെ വാക്കുകൾ കേട്ട് എല്ലാവർക്കും താല്പര്യം തോന്നി. അവർ 4 പേരും ഒരുമിച്ച് ഈ കാര്യത്തിനിറങ്ങി.
' പണം ' അതാണ് ലക്ഷ്യം! പണമില്ലാതെ ഒന്നും നടക്കില്ലല്ലോ. ശരിയാ, പക്ഷേ ഈ പണം മരത്തിൽ നിന്ന് പറിച്ചെടുക്കാൻ കിട്ടുമോ? ഒരിക്കലുമില്ല. കിട്ടിയാൽ കൊള്ളായിരുന്നു ലെ? പണം സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയെടുക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. പക്ഷേ എത്ര ബുദ്ധിമുട്ടിയാലും എത്ര കഷ്ടപ്പെട്ടാലും അത് നമ്മൾ ഉണ്ടാക്കിയതാണെന്ന് ആലോചിക്കുമ്പോൾ ഒരു സന്തോഷമാണ്.
അങ്ങനെ അവർ 4 പേരും 4 വഴിക്ക് പോയി. പണമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ. ഒരു യാത്ര പോവണമെന്ന ആഗ്രഹം അവരിൽ എന്തും ചെയ്യാനുള്ള ബോധം ഉണ്ടാക്കി. അത്രമേൽ ഒരു കാര്യം ആഗ്രഹിച്ചാൽ അത് നിറവേറ്റാൻ ആരായാലും ഏതൊരറ്റം വരെയും പോവും എന്നൊരു കാഴ്ചയാണ് ഇവിടെ നമുക്ക് കാണാൻ കഴിഞ്ഞത്.