അത്ഭുത വിളക്ക്
അത്ഭുത വിളക്ക്


നിഷ ഉറങ്ങാൻ കിടന്നു... കണ്ണടച്ചു. പക്ഷേ ഉറക്കം വന്നില്ല... അവൾക്ക് ഉറങ്ങാൻ ഇഷ്ടമാണ്, സ്വപ്നം കാണാൻ ഇഷ്ടമാണ്... സ്വപ്‌നങ്ങൾ ചിലപ്പോഴെങ്കിലും യാഥാർഥ്യമാവുമെന്നവൾ വിശ്വസിച്ചിട്ടുണ്ട്. സ്വപ്നങ്ങളെ അവൾ അത്രയ്ക്കും സ്നേഹിച്ചിരുന്നു. ഓരോന്നും ആലോചിച്ചു കിടന്ന് മയങ്ങിപ്പോയി... സ്വപ്നം കാണാൻ തുടങ്ങി.
ഒരു ലോകം. ഈ ഭൂമിയിലൊന്നുമല്ല, ഏതോ ഒരു ഗ്രഹം. ഈ ഭൂമിയെക്കാളും അതി മനോഹരം! അവിടെ മാലാഖമാർ മാത്രമേ ജീവിച്ചിരുന്നുള്ളു... അതി സുന്ദരികളായ മാലാഖമാർ. അവളും ഒരു മാലാഖയാണ്. മാലാഖമാരോടൊപ്പം ഒരു ദൈവവുമുണ്ട്. ദൈവം അവർക്കെല്ലാം സാധിപ്പിച്ചു കൊടുക്കും. അവിടെ അവർക്കിഷ്ടമുള്ളത് ചെയ്യാം, അവരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാവും, അവിടെ സന്തോഷം മാത്രമേയുള്ളു...
എന്തു മനോഹരമാണ് ആ ലോകവും മാലാഖമാരും ദൈവവുമൊത്തുള്ള ജീവിതവും... അങ്ങനെയിരിക്കെ ഓരോ മാലാഖമാരും അവരുടെ ആഗ്രഹങ്ങൾ ഓരോരുത്തരായി ദൈവത്തിന്റെ അടുത്ത് പോയിട്ട് പറയാൻ തുടങ്ങി. എല്ലാം ദൈവം സാധിപ്പിച്ചു കൊടുത്തു. നിഷ മാത്രം ദൈവത്തിന്റെ അടുത്ത് പോയില്ല, ആഗ്രഹം പറഞ്ഞില്ല. മറ്റു മാലാഖമാർ അത് ശ്രദ്ധിച്ചു. അവർ ചോദിച്ചപ്പോഴൊന്നും അവൾ മറുപടി കൊടുത്തില്ല.
ഒടുവിൽ ദൈവം അത് ശ്രദ്ധിച്ചു. ഒരു ദിവസം ദൈവം നിഷയുടെ അടുത്ത് വന്നിട്ട് അവളോട് ചോദിച്ചു:
" എന്താ നിനക്കൊരു ആഗ്രഹവുമില്ലേ? "
ദൈവത്തിന്റെ ചോദ്യം കേട്ട് അവൾ ഒന്നും മിണ്ടിയില്ല... അല്പം ചിന്തിച്ചതിന് ശേഷം പറഞ്ഞു:
"ദൈവമേ, എന്റെ ആഗ്രഹം ഒരു ചെറിയ ആഗ്രഹമല്ല... എനിക്ക് അങ്ങയുടെ അത്ഭുത വിളക്ക് കാണണം, കാണിച്ചു തരുമോ?"
ആ ചോദ്യം കേട്ട ദൈവം ഒന്ന
് ഞെട്ടി. ആരും കാണാൻ പാടില്ലാത്ത അത്ഭുത വിളക്ക് കാണാൻ ചോദിക്കുന്നുവോ?
കുറേ ചിന്തിച്ചതിന് ശേഷം ദൈവം പറഞ്ഞു:
" ആരും കാണാൻ പറ്റാത്ത ഒരു നിധി കാണിച്ചു തരാൻ ചോദിച്ചത് ശരിയായില്ല, ഇത് മറ്റാരും അറിയരുത്. ഞാൻ നിനക്ക് കാണിച്ചു തരാം പക്ഷേ എന്റെ കല്പന നീ അനുസരിച്ചേ മതിയാവു."
ദൈവത്തിന്റെ വാക്കുകൾ കേട്ട നിഷ മറുപടി കൊടുത്തു, " ദൈവത്തിന്റെ കല്പന പോലെ."
അപ്പോൾ ദൈവം തുടർന്നു: "ഞാൻ അത് ഒരു തവണയേ കാണിക്കുള്ളു. പക്ഷേ എന്ന് ഞാൻ നിന്നെ കാണിക്കുന്നുവോ അന്ന് വരെ നീ ഇ ത്പോലെ ഉണ്ടാവും. അത്ഭുത വിളക്ക് കണ്ടു കഴിഞ്ഞാൽ പിന്നീടുള്ള നിന്റെ ജീവിതം അത്ഭുതവിളക്കിനുള്ളിലായിരിക്കും, വെറും പുകയായിട്ട്... അത്ഭുത വിളക്കിലെ പുക!"
ആ വാക്കുകൾ കേട്ടപ്പോൾ നിഷയ്ക്ക് മാറ്റമൊന്നും വന്നില്ല. അവൾ സമ്മതം കൊടുത്തു. അത്ഭുത വിളക്ക് കാണാൻ അവൾ അത്രയ്ക്കും ആഗ്രഹിച്ചിരുന്നു. സ്വന്തം ജീവൻ പോലും കെണിയിലാക്കി അവൾ പറഞ്ഞു: " ഈ ലോകത്തു ജീവിച്ചത് മതി, എനിക്കതിപ്പോൾ തന്നെ കാണണം."
" കണ്ണടയ്ക്കൂ, ഞാൻ പറയുമ്പോൾ തുറന്നാൽ മതി," എന്ന് പറഞ്ഞു ദൈവം പോയി. അവൾ കണ്ണടച്ചു... ആ സ്വർണത്തിന്റെ അത്ഭുത വിളക്ക് ആദ്യമായും അവസാനമായും കാണാൻ വേണ്ടി ഏറെ കൊതിയോടെ കാത്തു നിന്നു. ഒടുവിൽ ദൈവം വരുന്ന ശബ്ദം കേട്ടു:
"ആ ഇനി കണ്ണ് തുറന്നോളൂ," ദൈവം പറഞ്ഞു
അവൾ കണ്ണ് തുറന്നു, സ്വപ്നത്തിൽ നിന്ന്.
' ച്ചെ, ആ അത്ഭുത വിളക്ക് സ്വപ്നത്തിൽ പോലും കാണാൻ സാധിച്ചില്ലല്ലോ, സ്വപ്നം യാഥാർഥ്യമാവുമോ?' അവൾ വല്ലാതെ നിരാശപെട്ടു... വീണ്ടും കണ്ണടച്ചുനോക്കി... ബാക്കി സ്വപ്നം കാണുമോ?