സ്ത്രീയേ മാപ്പ്
സ്ത്രീയേ മാപ്പ്


വന്യ വനാന്തരങ്ങളിൽ,
രാജാവല്ലെന്നാലും
ഫണമത് വിടർത്തി ഗർവ്വം
നടിച്ചിരുന്നൊരു നാഗം,
ഉഗ്രവിഷമുള്ളൊരു നാഗം.
മകുടിതൻ ഈണത്തിൽ
മയക്കി വശീകരിച്ചൂ,
നരൻ കുട്ടയിലടച്ച-
ടക്കി നാഗഗർവ്വത്തെ.
ഗാന്ധിയെ നോക്കി
കണ്ണുകൾ തള്ളി,
അയാൾക്ക് വിറ്റു
പാമ്പാട്ടി കരിമൂർഖനെ.
കാട്ടിലെ സാമ്രാജ്യം
അന്യമായെങ്കിലും,
അയാളുടെ കുപ്പി
ഇനി നാഗ സാമ്രാജ്യം.
ആദ്യമായി നാഗം
കണ്ടൊരാ കിടപ്പുമുറിയ-
തിൽ ഒന്നുമറിയാതെ
മയങ്ങുന്നൊരു സ്ത്രീ.
തുറന്ന് കിടക്കുന്നൊരാ
ജനാല കണ്ട്,
സ്വാതന്ത്ര്യം കൊതിച്ചു-
ഉഗ്രവിഷധാരി നാഗം.
ശ്വാസംമുട്ടി നിന്നൊരാ
നാഗത്തേ മെത്തമേൽ
ഇഴയാൻ വിട്ടു അയാൾ,
ഞെരിച്ചൂ അതിൻ കരിമേനീ,
ഗർവമെടുത്തു കൊത്തി
നാഗം വിഷമിറ്റിറങ്ങുവോളം.
വിരിഞ്ഞു പടർന്നു
പാമ്പിൻമേൽ കൊലച്ചിരി
തെറ്റി നാഗമേ, തെറ്റി
നീ ദ്രോഹിച്ചതു സ്ത്രീയേ,
ഒന്നുമറിയാത്ത സ്ത്രീയേ .
കുറ്റബോധം നിരസച്ചൂ,
നാഗമേ നിൻ സ്വാതന്ത്ര്യം.
അലമാരയ്ക്ക് പിന്നിൽ
പ്രതി പതുങ്ങി,
അർഹമായ വിധിയും കാത്ത്
സ്ത്രീയേ മാപ്പ്,
സ്ത്രീയേ മാപ്പ്,
നാഗം കാത്തിരിപ്പൂ,
തിളയ്ക്കുന്ന നിൻ
രക്തത്താലുള്ള മരണം.