സ്വർണം
സ്വർണം


പണക്കാരൻ പവനായി അളക്കുന്നു
ഇല്ലാത്തവനോ ഒരു തരി പൊന്നാലും
കൊടുത്തും വാങ്ങിയും വായ്പ നൽകിയും
മനുഷ്യനെ മഞ്ഞളിപ്പിക്കുന്നു മഞ്ഞ ലോഹം
ജനിക്കുമ്പോൾ തന്നെ വേണമി പൊന്ന്
തേനിലുരച്ചൊന്നു നാവിലെഴുതാൻ
അപ്പോഴേ അറിയുന്നു പൊന്നിൻ മഹത്വം
പൊന്നായി വളരാൻ വേണമി ലോകത്തിൽ
പിന്നെ പതുക്കെ ചടങ്ങുകൾ ഓരോന്നും
മാമോദിസയായി നൂലുകെട്ടലായി
പെൺകുട്ടിയെങ്കിൽ ചൊല്ക വേണ്ട
കാതുകൂത്തും ബഹളമായി
തീർന്നില്ല പൊന്നിൻ വിശേഷങ്ങൾ
നീളുന്നിതിൻ കഥയേറെ വേറെ
സ്ത്രീധനം എന്നൊരു പെണ്ണിൻ വിലപേശൽ
തുകയായ് നൽകണം പൊന്നിൽ കുളിക്കണം
വെട്ടിക്കുറച്ചും മുണ്ട് മുറുക്കിയും
സമ്പാദിച്ചീടുന്നു ഒരു കൂട്ടർ ലോകത്തിൽ
മറ്റൊരു കൂട്ടർ വെട്ടിപിടിക്കുന്നു
കള്ളക്കടത്തിലും കയ്‌ക്കൂലി വാങ്ങിയും
എത്ര പറഞ്ഞാലും തീരില്ലിതിൻ കഥ
വാർത്തയിൽ തൂക്കം കിലോകണക്കിനായി
പാമ്പായും അതിലേറെ വിഷമായും
ജീവനെടുക്കുന്നു ലോകത്തിലീ ലോഹം