തിരനോട്ടം
തിരനോട്ടം
“കംപ്യൂട്ടർ സ്ലോ ആണ് - നെറ്റ്‌വർക്ക് ഡൌൺ ആണെന്നാ ഹെഡ്ഓഫീസിൽ നിന്നുള്ള അറിയിപ്പ്.” ഓഫീസിൽ നിന്നും ക്ലാർക്ക് പുറത്തു വന്ന് അറിയിച്ചു.
ഒരു കാലത്തു ശ്രീധരൻ സാർ ആയിരുന്ന ഇപ്പോൾ വെറും ശ്രീധരനും മാഡം ജാനകിപൊതുവാൾ ആയിരുന്ന ജാനകിചേച്ചിയും അന്നും ഇന്നും വെറും സെബാൻ ആയിരുന്ന സെബാസ്റ്റ്യനും അറിയിപ്പ് കേട്ടു അൽപ്പം പരിഭ്രാന്തരായി. സാധാരണ ഇങ്ങനെ സംഭവിക്കാറുള്ളതല്ല. ഇതിപ്പോ എന്താണോ; മൂവരും മനസ്സിൽ മന്ത്രിച്ചു.
ശ്രീധരൻ സാറിന് അങ്ങനെ പ്രത്യേകിച്ച് പണത്തിനു ആവശ്യം ഒന്നുമില്ല. കണ്ണെത്താദൂരം വിളവുകിട്ടുന്ന തെങ്ങിൻപാടം. കെട്ടിച്ചുവിടാൻ പ്രായത്തിൽ പെണ്മക്കൾ ആരുമില്ല.
ജാനകി ചേച്ചി ഏറെ കോളിളക്കം സൃഷ്‌ടിച്ച ഒരു റിട്ടർമെൻറ് വിവാഹത്തിലെ നായികയാണ്. അറുപതാം വയസിൽ മകളുടെ ആഗ്രഹപ്രകാരം വിവാഹിതയായി. അമ്മയെ ഒറ്റയ്ക്ക് നിർത്തിയിട്ടു വാഷിംഗ്‌ടൺ പോകാൻ അവൾക്കു മനസ് വന്നില്ലപോലും.
സെബാന് അന്നും ഇന്നും ഒരുപോലെ ഉച്ചത്തിൽ സംസാരം അല്പം പുകവലി ഇടയ്ക്കൊന്നു മിനുങ്ങൾ, നാട്ടുവിശേഷങ്ങൾ അൽപ്പം പൊടിപ്പും തൊങ്ങലും ഒക്കെ ചേർത്ത് നിറം പിടിപ്പിച്ചു പറയൽ അങ്ങനെ.... മക്കളുടെയും മരുമക്കളുടെയും വീട്ടിൽ മാറി മാറി നിക്കൽ പരമസുഖം.
പെൻഷൻ ബാങ്കിലേക്ക് മാറ്റാനുള്ള വിമുഖതയുടെ കാരണം മാസത്തിൽ ഉള്ള ഈ കൂടിക്കാഴ്ചയാണ്; കണ്ടുമുട്ടുമ്പോൾ പഴയ പ്രതാപത്തിനു ഒട്ടും മങ്ങൽ ഏറ്റിട്ടില്ല എന്ന തെളിവുനിരത്തൽ ആണ്. തൂപ്പുകാരിയായിരുന്ന കോമളവറും പ്ലാനിംഗ് ഓഫീസർ ആയിരുന്ന വൈശാഖൻ സാറും ഒരേ ക്യുവിനെ നിരവധി നമ്പറുകൾ മാത്രമാണ് എന്നുള്ളതാണ് യാഥാർഥ്യം എങ്കിൽപ്പോലും.
ഇന്നിനി പെൻഷൻ കിട്ടില്ല എന്ന തിരിച്ചറിവിൽ തിരികെ ഇറങ്ങാൻ തുടങ്ങവേ അകത്തു നിന്നും വീണ്ടുമൊരറിയിപ്പ്; ഒരുമണിക്കൂർ കാലതാമസം മാത്രമേയുള്ളുവെന്നും എല്ലാവരും സഹകരിക്കാനുമായിരുന്നു.
ചിരിപ്പൂക്കൾ പൊഴിച്ച് മൂവരും കാണിച്ച കപടതയ്ക്കു ഒരു പിന്നാമ്പുറ കഥ കൂടിയുണ്ട്.
കണ്ണെത്താപ്പാടം ജപ്തിയുടെ വക്കിലാണ്; പെണ്മക്കളെ അത്യാർഭാടമായി കെട്ടിച്ചയച്ച വകയിൽ. ഭാര്യയുടെ അകാലവിയോഗം തീർത്ത ഏകാന്തന്തയിൽ. പൊളിഞ്ഞു തുടങ്ങിയ വീട്ടിൽ, ഭയന്ന് വിറച്ചൊരു വാർദ്ധക്യം. തിരിച്ചു പോകുന്ന വഴിയിൽ നീതിമെഡിക്കൽ ഷോപ്പിൽ കേറിയാൽ ഡോക്ടർ സൗകര്യാർത്ഥം എഴുതി നിറച്ചിരിക്കുന്ന നിരവധി രൂപത്തിലും തരത്തിലുമുള്ള ഗുളികകൾ വാങ്ങാം.
ഇന്ന് സുഭിക്ഷമായി ഭക്ഷണം കഴിക്കാം; ചേട്ടത്തി മനസ്സിൽ സന്തോഷിച്ചു. രണ്ടാം കെട്ടിലെ ഭർത്താവു എല്ലാം വിറ്റു തുലയ്ക്കുന്നു സർക്കാരിന്റെ കൈസഹായo കൊണ്ടൊന്നു മാത്രം ആ പാവം എങ്ങാനോ കഴിഞ്ഞു കൂടുന്നു..
ഇന്നൊരു ദിവസം എങ്കിലും വീട്ടിൽ ഒരു പരിഗണന കിട്ടും സെബാനും മനസ്സിൽ ആഹ്ളാദിച്ചു.
അങ്ങനെ ആ നാടകതിരശീല വീണു ഒരു മാസത്തേക്ക്.
