ഒരു ചിക്കൻ പെരട്ടു കഥ
ഒരു ചിക്കൻ പെരട്ടു കഥ
ഹോ..... മോഹനചന്ദ്രൻ സർ അന്നേ പറഞ്ഞതാ എംഫിൽ നു ചേരാൻ.
കുട്ടൻ മാഷിൻറെ മോൾ ഉണ്ടല്ലോ ഭയങ്കര മിടുക്കിയാ കണ്ടില്ലേ... പിജി കഴിഞ്ഞപ്പോ തന്നെ ജോലി ആയി. അഭിമാന പുരസ്സരം തുടുത്തു നടക്കുന്ന കുട്ടൻ മാഷിനെ ഓർത്തപ്പോൾ എന്ത് എംഫിൽ…. ചാടി വീണില്ലേ ആ NGO ഓഫർ ലെറ്റർ വാങ്ങാൻ.
പിന്നെ കൊറേ വർഷങ്ങൾ കടന്നു പോയി. ഗൾഫുകാരനെ തന്നെ കെട്ടി ഗൾഫുകാരിയായി അങ്ങനെ വർഷങ്ങൾ പിന്നിട്ടു.
“ക്ലാസ്സ്മേറ്റ്” സിനിമ ആണെന്ന് തോന്നുന്നു LKG ഒന്നിച്ചു പഠിച്ചവരെ വരെ ഒത്തുചേരലിനും വാട്സപ്പ് കൂട്ടായ്മയ്ക്കും പ്രേരിപ്പിച്ചത്. ഇന്നിപ്പോ വെറും ഗുഡ്മോർണിംഗ്, ഹാപ്പി ബിർത്തഡേ, ഗുഡ് നൈറ്റ്, ഹാപ്പി വെഡിങ് അണിവേഴ്സറി എന്നൊക്കെ മാത്രം വരുന്ന കാലം അല്ല കേട്ടോ ഞങ്ങടെ ചെങ്ങായീസിന്റ്റെ പ്രതാപകാലം.
അങ്ങനെ ആണ് ഞങ്ങൾ പ്രവാസികൾ ആയ ഒന്ന് രണ്ടു പേർക്ക് ഒരു പൂതി age over ആവുന്ന മുൻപ് PSC ടെസ്റ്റ് എഴുതി നോക്കാൻ.... കാരണം മറ്റൊന്നും അല്ല ...ക്ലാസ്സിൽ അത്ര ശ്രദ്ധിക്കപ്പെടാതെ പോയ പലരും govt ജോലിക്കാരായി… Govt ജോലി കിട്ടിയാൽ രണ്ടു ഉണ്ട് ഗുണം പെൻഷൻ കിട്ടും 5 -10 വർഷത്തേക്ക് ലീവ് എടുത്തു വന്നു ഇവിടെ ജോലി തുടരാം നാട്ടുകാരുടേം ബന്ധുക്കാരുടേം ശല്യവും ഇല്ല. എന്തിനു പറയുന്നു അങ്ങനെ ആവേശകുമാർ ആയി തീർന്ന ഞങ്ങൾ ചുട്ടു പൊള്ളുന്ന വിലക്ക് ടിക്കറ്റ് എടുത്ത് PSC ടെസ്റ്റ് എഴുതാൻ നാട്ടിൽ എത്തി.
Question പേപ്പർ കിട്ടിയപ്പോൾ ആണ് ആ വസ്തുത ഞാൻ മനസിലാക്കുന്നത്. Young generation കുട്ടികൾ prepared ആയിട്ടാണ് വരുന്നത്. എന്തായാലും വന്നതല്ലേ.. ഗ്രുപ്പിലെ കിടുതാപ്പിക്കളെ കണ്ടിട്ട് പോകാം. എക്സാം തീരുന്ന വരെ അതിന്റെ ചിന്ത ആരുന്നു മനസിൽ.
ഏതോ സിനിയിൽ കണ്ടപോലെ…താങ്കൾ വളരെ അധികം മുന്നോട്ടു പോയിരിക്കുന്നു…
പിനീട് ഞങ്ങൾ ഗ്രൂപ്പിലെ പുലികൾ പെട്ടെന്ന് ഒരു തട്ടിക്കൂട്ട് ഗെറ്റ് together വിളിച്ചു ഗ്രൂപ്പ് എന്ന് പറയുമ്പോൾ അങ്ങനെ വല്യ ആൾക്കൂട്ടം ഒന്നും ഇല്ല. ഞാനും അപ്പനും പിന്നെ …അതാണ് അവസ്ഥ. എന്തായാലും ഓരോത്തർ ഓരോ ഐറ്റംസ് കൊണ്ട് വരും പിന്നെ ധന്യേടെ വീട്ടിൽ വച്ചു മീറ്റ്. എന്തായാലും എല്ലാരും ഒന്നിച്ചു കൂടി.. ഏറ്റവും കിടിലം ആയതു എന്റെ ചിക്കൻ പെരട്ട് ആരുന്നു.
ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും പച്ചമുളകും ഒക്കെ നല്ല നാടൻ വെളിച്ചെണ്ണയിൽ വഴറ്റി ഇടിച്ചു എടുത്ത കേരള മസാലയിൽ ചിക്കൻ ഇളക്കി ഒന്നുടെ വഴറ്റി കുരുമുളകും കറിവേപ്പിലയും തേങ്ങാ കൊത്തും ഒക്കെ ഇട്ടു തേങ്ങാ പാലിൽ കുറുക്കി കൊറച്ചു പച്ച വെളിച്ചെണ്ണയും മസാല കൂട്ടും ചെറിയ ഉള്ളിയും ഒക്കെ ഇട്ടു മൂപ്പിച്ച ചിക്കൻ പെരട്ട്. നല്ല ചൂട് പൊറാട്ടയും ഒക്കെ ആയി വയർ പൊട്ടുന്ന വരെ കഴിച്ചു. ഇവിടുത്തെ diet പ്ലാൻ ഒക്കെ കാറ്റിൽ പറന്നു നടന്നു. എന്റെ കൂടെ പോരുന്നോ എന്ന് മാത്രം ആരും ചോദിച്ചില്ല. പിന്നീട് ഗ്രൂപ്പിലെ പല കുക്കറി ചർച്ചകളിലും എൻ്റെ ചിക്കൻ പെരട്ട് ഇടിയപ്പം ഒക്കെ സ്റ്റാർ വാല്യൂ ഉണ്ടായി. എൻ്റെ പ്രതാപം ഒന്നുടെ അങ്ങനെ കൂടി. ഷെഫ് സുരേഷ് സർ, നൗഷാദ് സർ ഒക്കെ നിസ്സാരം എന്ന് വരെ ആയി എൻ്റെ കൂട്ടുകാർ...
ഈ പ്രാവശ്യം ഞങ്ങൾ തുഷാരയുടെ വീട്ടിൽ കൂടാം എന്ന് തീരുമാനിച്ചു. ബാക്കി പതിവുപോലെ…. എൻ്റെ ചിക്കൻ പെരട്ട് ആരുന്നു എല്ലാര്ക്കും പ്രിയം പക്ഷെ ഒറ്റ കണ്ടിഷൻ മാത്രം… കഴിഞ്ഞ പ്രാവശ്യത്തെ പോലെ റൂബി restaurant ന്നു വേണ്ട. പുതിയ നാട്ടുരുചി restaurant ന്നു മതി എന്ന്...കോറസ് ….എന്തൊരു ഒത്തൊരുമ …
ആരേലും ഒറ്റിയതാണോ അതോ ഇവന്മാരും അവിടുന്നാണോ വാങ്ങിയത്…...അങ്ങനെ ഒരായിരം ചോദ്യ ശരങ്ങൾ … എൻ്റെ കുക്കറി ഭഗവതീ എൻ്റെ പൊൻതൂവൽ ...കഴിഞ്ഞു എല്ലാം തരിപ്പണം ആയി.
എന്തായാലും എൻ്റെ സാറേ ……..റൂബിയിലെ ചിക്കൻ പെരട്ട് …
