Sasi Kurup

Comedy Romance Classics

4  

Sasi Kurup

Comedy Romance Classics

ഒന്നാം ക്ലാസ്സ്

ഒന്നാം ക്ലാസ്സ്

2 mins
409



ആദ്യമായി അക്ഷരം പഠിച്ചത് നിലത്തെഴുത്ത് ആശാന്റെ കളരിയിൽ .

ഓലയിൽ നാരായം കൊണ്ട് എഴുതിയിരിക്കുന്ന അക്ഷരങ്ങൾ തെളിഞ്ഞു കാണുന്നതിന് ഒരു സൂത്രവിദ്യയുണ്ട്. ചെമ്പരത്തിപൂവ് അക്ഷരങ്ങളുടെ മേൽ ഉരക്കുമ്പോൾ അക്ഷരങ്ങളുടെ തിമിരം മാറും.

"കേറ, ഇക്കേറ, ങ്ങേറ, " നിലത്തെഴുത്തിലെ ഫൈനൽ ഇയർ വിദ്യാർത്ഥികളും , ", ആ, ഇ, " ഈ താഴത്തെ കുട്ടികളും ഉച്ചത്തിൽ വിളിച്ചു പറയുമ്പോൾ അന്ന് അക്കാലത്ത് അതൊരു ആശാൻ പള്ളിക്കുടമാണെന്ന് പറങ്കാണ്ടിയും കുരുമുളകും ചമ്പൻ പാക്കും ചേളാവു കച്ചവടക്കാർക് കൊടുത്ത് ചന്തയിൽ നിന്ന് 50 പൈസയുടെ മത്തിയും 50 പൈസയുടെ പലചരക്കും വാങ്ങുന്ന ഗ്രാമീണർ മുതൽ ഉച്ചക്കുളിക്ക് വല്യ ചന്തിയും മുലകളും കാട്ടി പോകുന്ന തടിച്ചികൾക്ക് വരെ അറിയാമായിരുന്നു. അത് രണ്ടും വലുതായി വളരാത്ത ചെല്ലമ്മച്ചായി മുങ്ങിക്കുളിക്കുമ്പോൾ മൂത്രമൊഴിക്കും.ആ പഞ്ചായത്ത് കുളത്തിൽ ഞാൻ കുളിച്ചിട്ടില്ല.

നിലത്തെഴുത്ത് കളരിയിൽ മണലിൽ വിരൽ കൊണ്ട് എഴുതിയ "ക ഇക്ക " ,ഒന്നാം ക്ലാസ്സിൽ ഗോപാല പിള്ള സാർ ബോർഡിൽ ഓരോരുത്തരെയും വിളിച്ച് ചോക്ക് കൊണ്ട് എഴുതിച്ചു.

ഗോപാലകൃഷ്ണനെ വിളിച്ച് ബോർഡിൽ എഴുതിച്ചപ്പോൾ അവൻ ഉച്ചത്തിൽ നിലവിളിച്ചു നിക്കറിൽ മുള്ളി.

ക്ലാസ്സിൽ ഞങ്ങളാരും മുള്ളിയിട്ടില്ല.

വത്സലയും രാധാമണിയും എല്ലാവരേയും കാട്ടി ഇരുന്നു പെടുക്കുമ്പോൾ അവരോടൊപ്പം മാധവനും സതീശനും നിന്ന് നീളത്തിൽ മുള്ളും. അന്ന് പെൺകുട്ടികൾക്ക് ജട്ടി ആവശ്യമില്ലായിരുന്നു.

കുളത്തിന് സമീപത്തു കൂടി കൊച്ചു ഹൃദയവയലുകളുടെ ചാരെ സമൃദ്ധമായ വെള്ളമൊഴുക്ക് തോട് ഒഴുകുന്നുണ്ട്. ഒരു തൂമ്പയുടെ വീതിയുള്ള വരമ്പുകള്‍ കൊണ്ട് സ്നേഹത്തിന്റെ തണ്ണീർ കെട്ടി നിർത്തി അവിടെ അരിക്കിരായി, ഉമ , മുണ്ടകൻ , ഐആർ എട്ടു നെല്ലുകൾ ഗർഭം ധരിച്ചു പ്രസവത്തിനായി , വേതിട്ടു കുളി കഴിഞ്ഞ പെൺമണികളെ പോലെ നില്ക്കുന്നു. 

ഒഴുക്കുതോട്ടിൽ ആരഗനും മാനത്താൻ കണ്ണിയും കാവിലുത്സവത്തിന് വെടിക്കെട്ട് നടത്തുമ്പോൾ മാനത്ത് പൊട്ടി ചിതറുന്ന വർണ്ണപൊട്ടുകളെ പോലെ മേപ്പോട്ടും കീപ്പോട്ടും കുത്തിമറിഞ്ഞ് സഞ്ചരിക്കും. ചോറ്റുപാത്രത്തിലെ വെള്ളത്തിൽ മാനത്താൻ കണ്ണിയെ പിടിച്ചിടും. ബെല്ലടിക്കുമ്പോൾ തിരികെ തോട്ടിലെ വെള്ളത്തിലും.


കുഞ്ഞുങ്ങളെ തിരികെ കിട്ടിയ സന്തോഷം കൊണ്ട് അമ്മ മീനുകൾ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചിട്ടുന്നാവും. കൂടുതൽ അനുഗ്രഹങ്ങൾ കിട്ടിയ മാധവൻ ക്രമേണ ചീഫ് സെക്രട്ടറിയും, വത്സല ഗൈനക്കോളജിസ്റ്റും,

ചെറിയ അനുഗ്രഹങ്ങൾ കിട്ടിയ ഞാനും ഉത്തമനും പ്യൂണും ക്ലാർക്കുമായി. ഇരുപത് ശതമാനം അനുഗ്രഹങ്ങൾ കിട്ടിയ വനജയും അംബുജാക്ഷിയും പതിനാറാമത്തെ വയസ്സിൽ കല്യാണം കഴിച്ച് ഇടവപ്പാതിയും തുലാവർഷവും കുറെ പെയ്തു കഴിഞ്ഞ ഇടവേളകളിൽ അഞ്ചാറു പെറ്റു.

അനുഗ്രഹങ്ങൾ കിട്ടാത്ത അലക്സ് പാസ്റ്ററും കൃഷ്ണൻ പോറ്റി അമ്പലത്തിലെ ശാന്തിക്കാരനുമായി.

ക്ലാസ്സിലിരുന്ന് കരഞ്ഞ വത്സലയെ ഗോപാല പിള്ള സാർ ഒക്കത്തിരുത്തി മുറ്റമാകെ കൊണ്ടു നടന്നു. ശാന്ത ടീച്ചറെ കണ്ടപ്പോൾ തന്നെ എടുക്കാൻ പറഞ്ഞ് അവൾ വീണ്ടും കരഞ്ഞു.

വത്സലയെ ടീച്ചർക്കു കൈമാറുമ്പോൾ

" ഗോപാല പിള്ള സാറിന് ഈയിടെയായി മുട്ട് ഇത്തിരി കൂടുതലാ " എന്ന് ശാന്ത ടീച്ചർ.

ഒരു ചില്ലപോലും ഉണങ്ങാതെ വസന്തകാലത്തെ പ്രണയിച്ച് നിറവയറുമായി പൂവിട്ടു നില്ക്കുന്ന മാവിൽ ഇര കിട്ടില്ലെന്നറിഞ്ഞിട്ടും മരംകൊത്തി ആഞ്ഞു കൊത്തി ശബ്ദമുണ്ടാക്കി..

" അതിന് ഞാൻ എനിക്ക് ഭൂമിയിൽ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ശാന്തയെ അല്ലേ മുട്ടന്നത് " ഗോപാല പിള്ള സാർ .

അമ്പോറ്റി പല്ലുകൾ കാട്ടി ശാന്തമ്മ ടീച്ചർ മന്ദഹസിച്ചു

മരംകൊത്തി ഇര കിട്ടാത്ത നിരാശയോടെ പറന്നു പോയി.

ശാന്തമ്മ ടീച്ചർക്ക് ഗോപാല പിള്ള സാർ ഭർത്താവാകുന്നത് ഇഷ്ടമല്ലായിരുന്നു. മരം വെട്ടുകാരൻ പാച്ചുപിള്ളയുടെ മകനായതിനാൽ ടീച്ചറുടെ അഛന് ഗോപാലപിള്ള സാറിനോട് അതൃപ്തിയും.

സ്ത്രീധനം കൊടുക്കാൻ പാങ്ങില്ലാത്തതിനാൽ നിത്യ പട്ടിണി സ്ഥിര താമസമാക്കിയ എന്റെ വീട്ടിലെ വധുവായി ഒന്നാം ക്ലാസ്സു മുതൽ കൂടെ പഠിച്ച രാധാമണിക്ക് കടന്നുവരാൻ കടമ്പകൾ ഒന്നുമില്ലായിരുന്നു.

"ഗോപാല പിള്ള സാറിനെ എന്തേ കല്യാണം കഴിക്കാഞ്ഞത്?"

ശാന്ത ടീച്ചറോട് ഞാൻ ചോദിച്ചു.

ഭയങ്കര വായ്നാറ്റമാണ് സാറിന് . ഓക്കാനം വരും.

അകത്തു പോയി ഒരു കടലാസ് കൊണ്ടുവന്നു.

നീ വായിച്ചു നോക്കിക്കോ

"എനിക്ക് സാറിനെ കല്യാണം കഴിക്കാൻ ഇഷ്ടമല്ല. ഒത്തിരി ആശിച്ചതല്ലേ ? ഒരു ദിവസം വരൂ "

ഞാനീകത്ത് കൊടുത്തില്ല.

പൂമുഖത്ത് പുസ്തകം വായിച്ചിരിക്കുന്ന ടീച്ചറുടെ ഭർത്താവിനോടും യാത്ര പറഞ്ഞ് ഞാൻ ഗേറ്റ് കടന്നു.

ഗോപാല പിള്ള സാറ് പണിക്കാരി ജാനകിയെ കല്യാണം കഴിച്ചില്ലെങ്കിലും രണ്ടു മക്കൾക്കൊപ്പം ഒരുമിച്ചാണ് താമസം.

ബഹുജത്മാർജ്ജിത കർമ്മങ്ങൾ ഒക്കെ തിരുമുൽ കാഴ്ച വെയ്ക്കാൻ അദ്ദേഹം ജീവിത സായാഹ്നത്തിലെ കിടക്കയിൽ മയങ്ങുമ്പോഴാണ് ഞാൻ ചെന്നു കാണുന്നത്.

ശാന്ത ടീച്ചറുടെ കത്തും കയ്യിൽ കരുതി.

പറഞ്ഞതൊക്കെ ശാന്തതയോടെ അദ്ദേഹം കേട്ടു.

കൈകൾ കൂപ്പി ഞാൻ നമസ്ക്കരിച്ചു.

അദ്ദേഹം ചുണ്ടുകൾ ചലിപ്പിച്ചു.



Rate this content
Log in

Similar malayalam story from Comedy