കർഷകൻ
കർഷകൻ
" ആരോടും പരിഭവമില്ലാതെ ഞാൻ വിട പറയുന്നു."
കുമാരപിള്ളയുടെ വീട്ടുമുറ്റത്ത് വിഷാദമഗ്ദനയി നിന്ന എന്നെ ആത്മഹത്യ കുറിപ്പ് കാണിച്ച് പോലീസ് ആഫീസ്സർ ആശ്വസിപ്പിച്ചു.
കുമാരപിള്ള നാടിന്റെ തനതായ ജൈവ വൈവിദ്ധ്യങ്ങളും നാടൻ വിത്തുകളും സംരക്ഷിക്കുന്ന അപൂർവ കൃഷിക്കാരനാണ്.
എന്റെ അച്ഛൻ കർഷകനായതിനാലാണ് എനിക്ക് ദുബായിൽ സായിപ്പിന്റെ കമ്പനിയിൽ ജോലി ലഭിച്ചത്.
ബയോഡേറ്റ വായിച്ച് സായിപ്പ് കസേരയിൽ നിന്ന് എഴുന്നേറ്റ് സന്തോഷത്തോടെ എനിക്ക് ഹസ്തദാനം നൽകി.
" എന്റെ അച്ഛനും കർഷകനാണ്. ഡാഡ് നിലക്കടലയാണ് കൃഷി ചെയ്യുന്നത്.
സായിപ്പ് പറഞ്ഞ കൃഷി സ്ഥലത്തിന്റെ വിസ്തൃതി എന്റെ ഗ്രാമ പഞ്ചായത്തിന്റെ മുഴുവൻ വിസ്തൃതിയുടെ രണ്ടിരട്ടി വരും.
SSLC ബുക്കിൽ അച്ഛന്റെ ജോലിയുടെ കോളത്തിൽ "ഫാർമർ " എന്ന എഴുത്ത് അന്നുമുതൽ അപകർഷതാ ബോധം വളർത്തിയിരുന്നെങ്കിലും അതൊരു മുന്തിയ യോഗ്യതയായി മാറി.
അഞ്ച് സെന്റ് നിലത്തിൽ നെൽകൃഷി ചെയ്ത് പട്ടിണി ഒരിക്കലും വിട്ടു പോകാത്ത ആ കാലം.അച്ഛനും കർഷകനായിരുന്നു !
പരീക്ഷകളിൽ ജയിക്കാതെ ഒരു ക്ലാസ്സിൽ രണ്ടു തവണ പഠിച്ചവരും മറ്റൊരു ജോലിക്കും കൊള്ളാത്തവരുമായിരുന്നു കൃഷി ചെയ്തിരുന്നത്.
ഓണത്തിന് പടവല കൃഷി ഉത്തമം എന്ന് കൃഷി ആഫീസ്സർ കുമാരപിള്ളയെ ഉപദേശിച്ചു.
സഹകരണ സംഘത്തിൽ നിന്ന് അമ്പതിനായിരം രൂപയും കയ്യിൽ സ്വരൂപിച്ച തുകയും ചെലവാക്കി അര ഏക്കർ നിലത്തിൽ കുമാരപിള്ള പടവല കൃഷി ചെയ്യുന്നത് മറ്റ് കർഷകർ അസൂയയോടെ വീക്ഷിച്ചു.
മഴ വെള്ളത്തിന്റെ കുത്തി ഒഴുക്കിൽ അകപ്പെട്ട് പാത്തിയിൽ കയറിയ ഊത്തയെ പിടിക്കാൻ വന്ന ഗണപതി പുലയരെയും , ആദിച്ചൻ വേലായുധനേയും കുമാരപിള്ള വിലക്കി.
" അവറ്റകൾ ഭൂമിയുടെ അവകാശികളാണ്. എന്റെ നിലത്തിൽ മീൻ പിടിക്കരുത്"
ജൈവ വളങ്ങളിട്ടു പടർന്നു പന്തലിച്ച പടവല പന്തലിൽ കീടങ്ങളും കുടുബവും വാസമുറപ്പിക്കുന്നത് തടയുവാനായി പുകയില കഷായവും , കാന്താരി കഷായവും കൃഷി ആഫീസ്സർ നിർദ്ദേശിച്ചതുപ്രകാരം പ്രയോഗിച്ചു. മിത്രകീടങ്ങളേയും വളർത്തി.
തൊട്ടപ്പുറത്തെ നിലത്തിൽ ആർത്ത് ഉല്ലസിച്ചു വളരാതെ രാസവളങ്ങളും, നിറയെ പൂത്തു കായ് പിടിക്കുന്ന ഹോർമോൺ ചികിത്സയും നൽകി മൂന്നുനാലു തവണ വിളവെടുപ്പ് നടത്തി മറ്റൊരു കർഷകൻ , പാപ്പൻ.
ചന്ത ദിവസം പോത്തിറച്ചിയും സർക്കാർ ഡിസ്റ്റിലറിയിൽ ഉല്ലാദിപ്പിക്കുന്ന അര ലിറ്റർ റം ഉം, ഭാര്യ മറിയാമ്മക്ക് പുത്തൻ പെണ്ണുങ്ങൾ ഇടുന്ന ജട്ടിയും സമ്മാനിച്ചു. അയാൾ സഹകരണ സംഘത്തിൽ നിന്ന് കടം വാങ്ങിയ പണം തിരികെ നൽകി. കുമാരപിള്ളയുടെ പടവലം മുഴുവൻ കീടങ്ങൾ നശിപ്പിച്ചു.
പടവലം വിറ്റു കിട്ടിയ തുഛമായ പണം കൊണ്ട് ഒരു " പൈന്റ് " വാങ്ങി തനിയെ അടിച്ചു പിള്ള .
ഒഴിഞ്ഞ കുപ്പി കൃഷിയാ ഫീസ്സറുടെ മേശപ്പുറത്ത് വെച്ച് കുമാരപിള്ള ചോദിച്ചു,
" വല്ലോം ഇരിപ്പുണ്ടോ"
കൃഷി ആഫീസ്സറുടെ മുഖം ചുവന്നു.
" അല്ല സാറെ , മിത്രകീടങ്ങളും പുകയില കഷായം ബാക്കി ഇരിപ്പുണ്ടോ ? "
കുമാരപിള്ളയുടെ ശവശരീരം കാണാതെ മടങ്ങുമ്പോൾ രാസവളം ചേർത്ത് അത്യുൽപ്പാദനം നടത്തിയ നിലത്തിലെ പാത്തിയിൽ കൂടി ചത്തുപൊങ്ങിയ ചെറു മീനുകളേയും തവളകളേയും വഹിച്ച് സങ്കട ചാലുകളിൽ കുടി വെള്ളം ചെറുതോട്ടിലേക്ക് അപ്പോഴും ഒഴുകുന്നുണ്ടായിരുന്നു.
