Sasi Kurup

Romance Tragedy Action

4  

Sasi Kurup

Romance Tragedy Action

ഒരാണ്ട്

ഒരാണ്ട്

3 mins
233


പൊതിച്ചോറ് കഴിച്ച് വാഴയിലയും കടലാസ്സും കുപ്പക്കുഴിയിൽ ഇട്ടപ്പോൾ മുഷിഞ്ഞു കീറിയ ഷർട്ടും നിക്കറുമിട്ട ആ പയ്യൻ ആർത്തിയോടെ രണ്ടു കൈ കൊണ്ടും പിടിച്ചു. തുറന്നു നോക്കിയപ്പോൾ ഒരു വറ്റു പോലും ഇലയിൽ അവശേഷിച്ചിട്ടില്ല. 

 ദയനീയമായി അവൻ ശേഖരനെ നോക്കി.

അടുത്ത ദിവസം ഒരു ഉരുളയ്ക്കുള്ള ചോറ് ബാക്കി വെച്ചു. അവൻ നന്ദിസൂചകമായി പുഞ്ചിരിച്ചു.

വക്കീൽ കൊടുക്കുന്ന ചെറിയ പ്രതിഫലം കൊണ്ട് കുടുംബം പുലർത്താൻ അച്ഛൻ നന്നെ പാടുപെട്ടു. കോളേജിൽ പോകുന്ന ശേഖരന് പൊതിച്ചോർ പട്ടിണി കിടന്നാലും അമ്മ തന്നയയ്ക്കും.

ദാരിദ്ര്യം , കുടുംബത്തിലെ അംഗത്തെ പോലെ താമസമാക്കി.

പത്താംതരം കഴിഞ്ഞ് കോളേജിലെത്തിയപ്പോൾ ശേഖരൻ പുതിയ ലോകത്തിൽ എത്തിയ പ്രതീതിയിൽ. കണ്ടിട്ടില്ലാത്ത ഫലവൃക്ഷങ്ങൾ . മനോഹരമായ പൂന്തോട്ടം. ജോലിക്കാർ കൃത്യതയോടെ ചെടികൾ പരിപാലിക്കുന്നു. 

 എന്നും രാവിലെ തവളകളെയും മറ്റ് ആരോരും ചോദിക്കാനില്ലാത്ത ജീവികളെയും കൊണ്ടുവരുന്ന തവള ഗോപാലൻ സഞ്ചിയുമായി ലാബിന്റെ മുമ്പിലെത്തും. ജീവികളെ പച്ചക്ക് കീറി മുറിച്ച് മൈ ക്രോസ്ക്കോപ്പിലൂടെ അവയുടെ അവസാന സ്പന്ദനങ്ങൾ എങ്ങനെ കണ്ടിരിക്കാൻ പറ്റും ? ശേഖരൻ സങ്കടപ്പെട്ടു.

സമരമുള്ള ദിവസം ആ പയ്യനും കുഞ്ഞനുജത്തിയും കോളേജിന്റെ ഗ്രൗണ്ടിനടുത്തുള്ള മുള്ളാത്ത ചുവട്ടിൽ കാത്തിരിക്കും . പൊതി അവർക്കു നൽകി ശേഖരൻ വീട്ടിലെക്ക് മടങ്ങും.

" നിന്റെ പൊതിയെവിടെ " ചേച്ചി ചോദിച്ചു.

ചേച്ചിയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അവർക്കും ആ കുട്ടികളോട് അനുകമ്പ തോന്നി.

പാവങ്ങൾ . നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ ശേഖരൂട്ടി .

മാത്തമാറ്റിക്സ് പഠിപ്പിക്കുന്ന സുന്ദരിയായ ടീച്ചർ , ബോട്ടണിയിലെ ലക്ചർ ആയ ഭർത്താവുമൊത്ത് കേളേജിൽ അംബാസ്സിഡർ കാറിൽ വന്നിറങ്ങുന്നത് ഒരു കാഴ്ച തന്നെ ആയിരുന്നു.

ടീച്ചറെ ഒത്തിരി ഇഷ്ടമായതിനാൽ കണക്ക് നന്നായി പഠിച്ചു. ഒരു കണക്കും തെറ്റാതെ ചെയ്യുന്ന ശേഖരനെ സ്റ്റാഫ് മുറിയിൽ വിളിപ്പിച്ച് ടീച്ചർ എല്ലാവരും കേൾക്കെ പ്രശംസിച്ചു.

അവർ അടുത്തു വിളിച്ച് തോളിൽ തലോടി. ശേഖരനാദ്യമായിട്ടാ മുല്ല പൂവിന്റെ സുഗന്ധം സ്ത്രീകൾക്കുണ്ടെന്ന് മനസ്സിലാക്കുന്നത്.

BSc ആദ്യവർഷം മുതൽ ആ പയ്യനെ ശേഖരൻ കണ്ടിട്ടില്ല.

ഡിഗ്രിക്ക് മാത്തമാറ്റിക്സിന് ഒന്നാം റാങ്ക് നേടിയപ്പോൾ MSc ക്ക് ചേരുവാൻ എല്ലാവരും പറഞ്ഞു.

കുടുബത്തിലെ ആരുമല്ലാത്ത താമസക്കാരൻ വീടൊഴിഞ്ഞു തരുവാൻ വിസമ്മതിച്ച കാലമായിരുന്നു.

ടീച്ചറാണ് ഉപദേശിച്ചത്, Psc പരീക്ഷ എഴുതാൻ. എല്ലാ ഞയറാഴ്കളിലും ശേഖരന് അവർ Psc പരീക്ഷ എഴുതുവാൻ പരിശീലനം നൽകി.

 നേരിട്ട നിയമനത്തിലൂടെ ശേഖരൻ കാസർകോട് ബ്ലോക്കിൽ BDO ആയി. നിയമനം ലഭിച്ച് ആദ്യ ശമ്പളവുമായി ശേഖരൻ ഉമ ടീച്ചറുടെ വീട്ടിൽ ചെന്നു. ശമ്പളം അവരുടെ കൈകളിൽ ഏൾപ്പിച്ച് പാദങ്ങളിൽ തൊട്ടു നമസ്ക്കരിച്ചു. 

" ശേഖരാ , ഒരു പ്രലോഭനങ്ങൾക്കും വഴങ്ങാതെ ജോലി ചെയ്യണം. ഒപ്പം കൂടുതൽ അറിവ് നേടണം " ടീച്ചർ ഓർമ്മിപ്പിച്ചു.


കാസർകോട്ടെ താമസം കയ്യൂരും കരിവെള്ളൂർ, ചീമേനി രക്തസാക്ഷിത്വങ്ങളുടെ ആഴത്തിലുള്ള ചരിത്രങ്ങൾ പഠിക്കാൻ സഹായിച്ചു.

കുടുംബം ഉൾപ്പെടെ സകലതും ത്വജിച്ച് തൂക്കുമരത്തിൽ അന്ത്യം വരിച്ചവർ. അവരുടെ ഛിന്നഭിന്നമായി ചിതറി നാമാവശേഷം വന്ന കുടുബങ്ങൾ. രക്തസാക്ഷികളുടെ പേരിൽ വോട്ടു വാങ്ങി അധികാരത്തിലെത്തിയവർ ക്രമേണ മുതലാളിമാരായി. പ്രത്യയ ശാസ്ത്രങ്ങൾ അവർ കുഴിച്ചുമൂടി

സ്ഥലം മാറ്റവും സ്ഥാനകയറ്റവും പല ജില്ലകളിലായി കടന്നുപോയി. പൊതിച്ചോറിന്റെ വറ്റുകൾ ശേഖരിക്കുന്ന പയ്യനും കുഞ്ഞനുജത്തിയും ഫയലുകൾക്കിടയിൽ ചോർന്നുപോയി.

അമ്മയുടെ ഒരാണ്ടിന് ബന്ധുക്കൾക്കും നാട്ടുകാർക്കും സദ്യ കൊടുത്ത് മരിച്ചവരുടെ ആത്മാവിനെ സന്തോഷിപ്പിക്കുവാൻ ശേഖരൻ തുനിഞ്ഞില്ല. അനാഥാലയത്തിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകാൻ തീരുമാനിച്ചു.

നടത്തിപ്പുകാരൻ വിശ്വനാഥൻ ഭവ്യയതയോടെ എതിരേറ്റു.

സ്വാമി ചിന്മയാനന്ദനെ ഓർമ്മിപ്പിക്കുന്ന രൂപഭംഗി. നീട്ടി വളർത്തിയ താടി. വിശാലമായ നെറ്റിത്തടം. എവിടെയോ ശാന്തി അന്വേഷിക്കുന്ന കണ്ണുകൾ.

" ആശ്രയം അർഹിക്കുന്നവർ ചെറിയൊരു ശതമാനമെ വരൂ. താൻ താൻ നിരന്തരം ചെയ്തിരുന്ന കർമ്മങ്ങളുടെ അസുഖകരമായ പരിസമാപ്തിയുടെ വാസഗൃഹങ്ങളാണ് അനാഥാലയങ്ങൾ. 

കാമുകന്റെ കൂടെ പൊറുക്കുവാൻ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിച്ച അമ്മമാർ , ഭാര്യയേയും മക്കളേയും മദ്യലഹരിയിൽ കഠിനമായി ഉപദ്രവിച്ച് , ആരോഗ്യം അസ്തമിക്കുന്ന വേളയിൽ അവർ തിരസ്ക്കരിച്ചവർ, സമ്പാദ്യം മുഴുവൻ മക്കൾക്കു നൽകി ബഹിഷ്കൃതനായ പിതാവ് ഇങ്ങനെ ഗതിയില്ലാ ജന്മങ്ങൾ. എണീറ്റു നടക്കാനും പരസഹായമില്ലാതെ മലമൂത്രവിസർജനം നടത്താനും പറ്റാതെ, കിടപ്പു വ്രണങ്ങളുടെ വേദനയിൽ പിടയുമ്പോൾ ""തലൈക്കൂത്തൽ " കാംഷിക്കുന്നവരും ഉണ്ട്.

വിശ്വനാഥൻ ഒരു ചെറു വിവരണം നൽകി.

ഇതിനുള്ള സാമ്പത്തികം ? ശേഖരൻ ചോദിച്ചു.

സാർ, ഗൾഫിൽ കുറെ നാളുകൾ ജോലി ചെയ്ത് പണം സമ്പാദിച്ചു. ഉദാരമതികളുടെ സംഭാവനകളും .

" സാറിന്റെ കുടുംബം? "

ശേഖരൻ വിവാഹം കഴിച്ചില്ല. 

താങ്കളുടെ ഭാര്യയും മക്കളും ? 

ഞാനും വിവാഹം കഴിച്ചിട്ടില്ല സാർ. അനുജത്തി . കൂടെ ഉണ്ട് . അവൾക്കാണ് ഈ അനാഥാലയത്തിന്റെ ചുമതല.

" എന്നെ ഇതിനു മുമ്പ് സാർ കണ്ടിട്ടുണ്ടോ ? " വിശ്വനാഥൻ ആകാംഷയോടെ ചോദിച്ചു.

ശേഖരൻ കണ്ടതായി ഓർക്കുന്നില്ല.

വർഷങ്ങൾ ഒത്തിരി കഴിഞ്ഞാലും നന്മകൾ കൈപ്പറ്റിയവർക്ക് എങ്ങനെ മറക്കാനാകും സർ .

അങ്ങ് ഇത്രയും വലിയ ജോലിത്തിരക്കിനിടയിൽ അതൊക്കെ വിസ്മരിച്ചു കാണും .

അനുജത്തിയേയും കൂട്ടി കുപ്പക്കുഴിയിൽ നിന്നും എച്ചിൽ പെറുക്കി വീട്ടിൽ കൊണ്ടുപോയിരുന്ന മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച പയ്യനെ സാർ മറക്കാനിടയില്ല.

വിശ്വനാഥൻ തുടർന്നു.

" പട്ടിണികൊണ്ടാവാം അഛനും അമ്മയും അസുഖം പിടിപെട്ട് മരിച്ചു. .

ഞാൻ നാടുവിട്ടു. ബോംബെയിൽ നിന്ന് ദുബായിൽ എത്തി. അറേബ്യയിലെ ജീവിതത്തിന് വിട നൽകി നാട്ടിൽ എത്തി. 

കർമ്മമണ്ഡലങ്ങൾ തേടി വരും സാർ "

ശേഖരൻ , അദ്ദേഹത്തേയും അനുജത്തിയേയും കൈകൂപ്പി യാത്രയായി .

വേനൽ മഴയ്ക്കുള്ള ആരംഭം കുറിച്ച് മഴത്തുള്ളികൾ ചന്നംപിന്നം ചാറി.

വാകമരങ്ങളിലെ ഇലകൾ കാറ്റിനെ ആശ്ലേഷിച്ച് നൃത്തം വെച്ചു. മഹാഗണിയും മാവും കാറ്റുമായ സൗഹൃദം പങ്കുവെച്ചു.

സജലങ്ങളായ മിഴികളുമായി യാത്രയയപ്പ് നല്കിയ യുവതിയുടെ അരികിൽ എന്തോ വെച്ചു മറന്ന പോലെ ശേഖരന് തോന്നി. ജീവിതത്തിന്റെ തിക്തതകളും വികലതകളും കണ്ട് കല്ലിച്ചു പോയ മനസ്സിന്റെ ആത്മാവിൽ ഒരിറ്റ് അമൃതം തീർത്ഥമായി പതിച്ച് തരളിതമായി.


Rate this content
Log in

Similar malayalam story from Romance