Hibon Chacko

Inspirational

3  

Hibon Chacko

Inspirational

നഗ്നത

നഗ്നത

2 mins
299


എന്റെ ആത്മാവ്‌ ശരീരത്തെ വേര്‍പിരിഞ്ഞ ശേഷം സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും കവാടത്തിങ്കലെത്തപ്പെട്ടു. അവിടെ എന്നെപ്പോലെതന്നെ എത്തപ്പെട്ട ചില ആളുകള്‍ വിലപിച്ചു നില്‍ക്കുന്നത്‌ ഞാന്‍ കണ്ടു. എന്തു ചെയ്യണമെന്നറിയാതെ അല്പസമയം വിഷമിച്ചു നിന്നുപോയ എന്റെ അടുക്കലേക്കു പ്രകാശം പരത്തി ഒരു മാലാഖ പറന്നു വന്നു നിന്നു.


"സഹോദരാ, അങ്ങ്‌ വിഷമിച്ചുപോയോ?" ഒരു ചെറുചിരിയുടെ അകമ്പടിയോടെ മാലാഖ എന്നോട്‌ ചോദിച്ചു.


മറുപടിയായി, മാലാഖയില്‍ നിന്നും പുറപ്പെടുന്ന പ്രകാശത്തെ ദര്‍ശിച്ചുകൊണ്ടു ഒരു ശിശുവിനെപ്പോലെ ഞാൻ മെല്ലെ ചിരിച്ചുപോയി.


ഉടനെ എന്റെ വലതുകരം പിടിച്ചു മാലാഖ വിലപിച്ചുകൊണ്ടിരിക്കുന്ന പലരെയും മറികടന്നു വളരെയധികം വിശുദ്ധി തോന്നിക്കുന്നൊരു സ്ഥലത്തു കൊണ്ടുചെന്നാക്കി. ശേഷം പറഞ്ഞു;


"ഈശോ എത്തുന്നതുവരെ ഇവിടെ നില്‍ക്കുക. അടുത്തതായി ഈശോ സന്ദര്‍ശിക്കുന്നത്‌ സഹോദരനെയായിരിക്കും.”


ഇത്രയും പറഞ്ഞശേഷം മാലാഖ ചിറകടിച്ച്‌ എന്നില്‍നിന്നും പറന്നകന്നു. ഒന്നും മനസ്സിലാകാതെ, അത്ഭുതത്തോടെ, ഞാന്‍ മാലാഖ പറഞ്ഞതനുസരിച്ച്‌ അവിടെ നിന്നു.


അല്പസമയശേഷം, നിറഞ്ഞ സ്നേഹത്തോടും തികഞ്ഞ ശാന്തതയോടും അത്യന്തം കൃപ ചൊരിഞ്ഞുകൊണ്ടും ഈശോ സന്തോഷപൂര്‍വ്വം എന്റെ അടുക്കലേക്കു വന്നു. ഈ അവസ്ഥയില്‍ ഞാനിപ്പോള്‍ ഭൂമിയിലായിരുന്നേല്‍ ഈ നിമിഷം ഞാന്‍ വിയര്‍ത്തുപോയേനെ.


"തെല്ലും പരിഭ്രമം വേണ്ട മകനെ. ഞാനല്ലേ നിന്റെയൊപ്പമുള്ളത്‌... പരിഭ്രമങ്ങളുടെ സമയങ്ങള്‍ കൊഴിഞ്ഞു പോയിരിക്കുന്നു.”


ഇങ്ങനെ പറഞ്ഞുകൊണ്ട്‌ എന്റെ തോളില്‍ ഈശോ തന്റെ വലതുകരം വെച്ച്‌ എന്നെ ആശ്വസിപ്പിച്ചു. ആ നിമിഷം മുതല്‍,

മറ്റെന്നത്തെക്കാളും സന്തോഷവാനായിത്തീര്‍ന്നു ഞാന്‍. അപ്പോഴേക്കും ഒരു മാലാഖ, എന്നെപ്പോലെ എത്തിയ മറ്റൊരാളെ

ഈശോയുടെ അടുക്കലേക്കു കൊണ്ടുവന്നശേഷം പറഞ്ഞു;


"ഗുരോ, ഈ സഹോദരന്‌ അങ്ങയോടു സംസാരിക്കണമെന്ന്‌.” ഈശോ പുഞ്ചിരിതൂകി പ്രഭ ചൊരിഞ്ഞുകൊണ്ടു ആ സഹോദരന്റെ മുഖത്തുനോക്കി. അപ്പോള്‍ ആ സഹോദരന്‍ സംസാരിച്ചു;


"പിതാവേ, അങ്ങ്‌ എന്തുകൊണ്ട്‌ എന്നെ നരകത്തിനു വിട്ടുകൊടുക്കുവാന്‍ കല്പനനല്കിയെന്നു പറയാമോ? സ്വര്‍ഗ്ഗത്തില്‍

അങ്ങയോടൊപ്പമായിരിക്കുവാന്‍ ഞാന്‍ അത്യന്തം ആഗ്രഹിക്കുന്നു."


വിലാപം കലര്‍ന്നകണക്കെയുള്ള ഈ വാചകങ്ങള്‍ ആ സഹോദരനില്‍നിന്നും കേട്ടയുടന്‍ ഈശോ പുഞ്ചിരിയോടെ എന്നെ ഒന്ന്‌ നോക്കി. ശേഷം ആ സാഹോദരനോടു തുടര്‍ന്നു;


"അല്ലയോ സഹോദരാ, നിന്നോട്‌ മറുപടി പറയുവാന്‍ എനിക്ക്‌ താല്പര്യമില്ല. ഇതാ, എന്റെ കൂടെയുള്ള ഈ സഹോദരന്റെ ജീവിതം ഞാന്‍ എങ്ങനെ ദര്‍ശിച്ചുവെന്നു കാണുക. അപ്പോള്‍ നിനക്കുള്ള മറുപടി നീ തിരിച്ചറിയും."


അല്‍പ്പം ഗാരവത്തോടെയുള്ള ഈ മറുപടിക്കുശേഷം തന്റെ വലതുകരം ഉയര്‍ത്തി ഈശോ കണ്ണുകളടച്ചു. അപ്പോള്‍ ഞങ്ങളുടെ മുന്‍പിലായി വലിയൊരു ടെലിവിഷന്‍ പ്രത്യക്ഷമായി. ഒരിക്കല്‍ക്കൂടി ഈശോ തന്റെ കണ്ണുകളടച്ചു.


അപ്പോള്‍മുതല്‍ ആ ടെലിവിഷനില്‍ ദൃശ്യങ്ങള്‍ വ്യക്തമായിത്തുടങ്ങി. ചലിക്കുന്ന ദൃശ്യങ്ങളില്‍ എന്നെ കാണാമെന്നായി ഞങ്ങള്‍ക്ക്‌.


ദൃശ്യങ്ങളിലെ എന്റെ മുന്നിലേക്ക്‌, പിശാച്‌ നഗ്നയായ ഒരു അമ്മയുടെ രൂപത്തില്‍ വന്നു.

ആ നഗ്നതയുടെ ചുണ്ടുകളില്‍നോക്കി ദൈവം സമ്മാനിച്ച 'വിവരം' എന്ന പുണ്യം ഉപയോഗിച്ച്‌ ഞാന്‍ വിളിച്ചു- "അമ്മ.

അപ്പോള്‍ ആ നഗ്നത മാറ്റപ്പെട്ടു.


ആ നിമിഷം അപ്രത്യക്ഷനായ പിശാച്‌ അല്പസമയശേഷം, നഗ്നയായ ഒരു പെണ്‍കുട്ടിയുടെ രൂപത്തില്‍ എനിക്ക്‌ മുന്‍പില്‍ എത്തി. ആ നഗ്നതയുടെ കണ്ണുകളില്‍ നോക്കി ദൈവം സമ്മാനിച്ച 'വിവേകം' എന്ന പുണ്യം ഉപയോഗിച്ച്‌ ഞാന്‍ വിളിച്ചു- 'സഹോദരി'. അപ്പോള്‍ ആ നഗ്നത മാറ്റപ്പെട്ടു.


ആ നിമിഷം പിശാച്‌ വീണ്ടും അപ്രത്യക്ഷനായി. ശേഷം, അല്പസമയംകഴിഞ്ഞ്‌, നഗ്നയായ ഒരു സ്ത്രീയുടെ രൂപത്തില്‍ പിശാച്‌ ഒരിക്കല്‍ക്കൂടി എന്റെ മുന്നില്‍ വന്നുനിന്നു. ആ നഗ്നതയുടെ നെറ്റിത്തടത്തില്‍ നോക്കിക്കൊണ്ട്‌ ദൈവം തന്ന 'ഉദ്യമം' എന്ന പുണ്യം ഉപയോഗിച്ച്‌ ഞാന്‍ വിളിച്ചു- 'ഭാര്യ'. ആ നഗ്നതയും മാറ്റപ്പെട്ടു.


ഇത്രയുമായപ്പോഴേക്കും, വലിയൊരു അലര്‍ച്ചയോടെ പിശാച്‌ അവന്റെ സ്വന്തം വൈകൃതരൂപത്തില്‍ നിലത്തുവീണുമരിച്ചു, ശേഷം അപ്രത്യക്ഷമായി.


ഉടനെതന്നെ, ആ വലിയ ടെലിവിഷന്‍ അപ്രത്യക്ഷമായി. അപ്പോഴേക്കും ഈശോ ആ സഹോദരന്റെ മുഖത്തേക്കു നോക്കി, ശേഷം തുടര്‍ന്നു;


"ഭൂമിയിലെ ഭാതികമായ ദര്‍ശ്ശനരീതികളും ശ്രവണരീതികളും വ്യാഖ്യാനരീതികളും ഇവിടെയില്ല. ഇവിടെ എല്ലാം എല്ലാവര്‍ക്കും ഗ്രഹിക്കാനാകും എന്റെ മുന്‍പില്‍. നീ കണ്ടത്‌, ഈ സഹോദരന്റെ ആത്മാവ്‌ ഭൂമിയില്‍ ഈ സഹോദരനിലായിരുന്നപ്പോള്‍, എനിക്കുവേണ്ടി, എന്നെ ചേര്‍ത്തുനിര്‍ത്തി സ്വന്തം നഗ്നത മറച്ചതാണ്‌.."


ഇത്രയും കേട്ടതോടെ ആ സഹോദരന്‍ തലകുനിച്ചുപോയി. അപ്പോഴേക്കും അങ്ങനെതന്നെ ആ സഹോദരനെ, കൂടെയുള്ള മാലാഖ പിടിച്ചുകൊണ്ടു നടന്നുമറഞ്ഞു.


ശേഷം, ഈശോ എന്നോടു പറഞ്ഞു;


"ഞാന്‍ നഗ്നനായിരുന്നു. നീ എന്റെ നഗ്നത മറച്ചു. എന്റെ പിതാവിനോടും എന്നോടും പരിശുദ്ധ റൂഹായോടും ഇനിയെന്നും

കൂടെയായിരിപ്പാന്‍ നിനക്കു സ്വാഗതം."


തൊട്ടടുത്തനിമിഷം എന്റെ മുന്നില്‍ സ്വര്‍ഗ്ഗം പ്രത്യക്ഷമായി വാതില്‍ തുറക്കപ്പെട്ടു. എന്നെ ചേര്‍ത്തുപിടിച്ചിരിക്കുന്ന ഈശോയോടൊപ്പം ആ വാതിലിലൂടെ ഞാന്‍ അനന്തമായ വിശുദ്ധിയിലേക്ക്‌ പ്രവേശിച്ചു.


Rate this content
Log in

Similar malayalam story from Inspirational