ജനകൻ
ജനകൻ
അന്നും പതിവുപോലെ അയാൾ നടക്കാനിറങ്ങി. ശരീരം പഴയ പോലെ മനസിനെ അനുസരിക്കുന്നില്ല, ഊന്നു വടിയുടെ സഹായം വേണ്ടി വന്നിരിക്കുന്നു... അയാൾ ഒരു മരത്തിന്റെ തണലിൽ വിശ്രമിച്ചു... പതിയെ മരത്തിലെ ചില്ലയിലെ കൂട്ടിലേക്ക് ശ്രദ്ധിച്ചു നോക്കി... ഇന്നും കൂട്ടിലെ മുട്ടയ്ക്ക് കാവലിരിക്കുവാണ് കാക്ക... കുറച്ചു ദിവസമായി മുട്ടയുടെ അടുത്തു നിന്നും മാറാതെ ആ കാക്ക അടയിരിക്കുന്നു. 'ഈ കാക്ക എപ്പോഴാണ് ആഹാരം തേടി പോകുന്നത് ഇതിന് വിശപ്പും ദാഹവും ഇല്ലേ !!' അയാൾ മനസ്സിൽ പിറുപിറുത്തു... പിന്നെ അയാൾ ദൂരേക്ക് കണ്ണും നട്ട് പലതും ചിന്തിച്ചു കൊണ്ടിരുന്നു...
തിരികെ വീട്ടിലെത്തിയപ്പോഴേക്കും ആകെ അവശനായിരുന്നു... വേലക്കാരി ആഹാരം റെഡിയാക്കി മേശപ്പുറത്തു വച്ചിട്ടുണ്ടായിരുന്നു... ആഹാരം കഴിച്ച് കഴിഞ്ഞ് അയാൾ നേരെ വരാന്തയിലെ ചാരുകസേരയിൽ ഇരുന്നു ... മനസിനു വല്ലാത്ത മടുപ്പ്, എത്ര നാൾ ഇനി, എത്രനാൾ ഏകാന്തവാസം... നല്ല കാലം മുഴുവൻ പ്രവാസിയായി കഴിയാനായിരുന്നു വിധി... ഇല്ല, ഈ ഏകാന്തത അത് എന്റെ മരണാനന്തരവും എന്നെ പിന്തുടരും...
അയാൾ അന്ന് പതിവിലും നേരത്തേ ഉറങ്ങി...
ഇന്നത്തെ പ്രഭാതത്തിന് ഒരു പ്രത്യേകതയുണ്ട്. അയാൾ ഒറ്റക്കല്ല, കൂട്ടിന് ഒരു ഊന്നു വടിയും ഉണ്ടായിരുന്നു... അന്നും അയാൾ ആ മരത്തണലിൽ വിശ്രമിക്കാനിരുന്നു... അയാൾ പതിയെ മേലോട്ടു നോക്കി ആ കാക്ക അവിടെ തന്നെ ഇരിപ്പുണ്ട് ... അയാൾ അവിടെ നിന്നും എഴുന്നേറ്റു... നടക്കാൻ തുടങ്ങിയപ്പോഴാണ് ശ്രദ്ധിച്ചത് ഒരു മുട്ട താഴെ വീണുടഞ്ഞു പോയേക്കുന്നു... !
അയാൾ വീണ്ടും കാക്കയുടെ നേർക്ക് നോക്കി. കാക്ക അവിടെ തന്നെ ഇരിക്കുകയാണ് തന്റെ ബാക്കിയുള്ള മുട്ടകളെ സംരക്ഷിക്കാനായി... അയാൾ നെടുവീർപ്പിട്ടു കൊണ്ട് നടന്നു... തിരികെ വന്നപ്പോൾ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ മരച്ചില്ല മുറിക്കുന്നതു കണ്ടു !!... അവിടെ നിന്ന ആളോട് കാര്യം തിരക്കിയപ്പോഴാ ലൈൻ കമ്പിയിൽ തട്ടാതിരിക്കാനാണ് മുറിച്ചു മാറ്റുന്നത് എന്നു പറഞ്ഞത്. അയാൾ മുറിച്ചിട്ട മരച്ചില്ലയുടെ അടുത്തേക്കു നടന്നു.
... തന്റെ ചൂടു കൊടുത്തു രാവും പകലും സംരക്ഷിച്ചിരുന്ന കാക്കയുടെ മുട്ടകൾ നിലത്ത് വീണ് ചിതറി കിടക്കുന്നു... കുറേ കാക്കകൾ ചേർന്ന് അതിനെതിരെ പ്രതിഷേധം നടത്തുന്നുണ്ടായിരുന്നു... പക്ഷെ ആ കാക്കയെ അതിനിടയിൽ തിരിച്ചറിയാൻ കഴിഞ്ഞില്ല..
മനുഷ്യൻ എത്ര ദുഷ്ടനാണെന്ന് അയാൾ ചിന്തിച്ചു ... അയാൾ വിഷമത്തോടെ തിരികെ നടന്നു...
അയാൾ വരാന്തയിലെ ചാരുകസേരയിൽ ചാഞ്ഞിരുന്നു... മനസ്സിൽ നിറയെ ആ കാക്കയുടെ ചിന്തയായിരുന്നു. മനുഷ്യൻ, മനുഷ്യൻ ദുഷ്ടനാണ്, അവനവന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് എന്തും ചെയ്യും... സ്വാർത്ഥൻ ...
അയാൾ സ്വയം പറഞ്ഞു. 'അതെ സ്വാർത്ഥൻ, ഞാനും ഒരു സ്വാർത്ഥനായിരുന്നു. എന്റെ മക്കളായിരുന്നു എനിക്ക് എല്ലാം. അവർക്കു വേണ്ടി പല ബന്ധങ്ങളും ഞാൻ മുറിച്ചു കളഞ്ഞു... അമ്മ, സഹോദരങ്ങൾ, എന്തിന് എന്റെ ഭാര്യയോട് പോലും അകലം പാലിച്ചു... മക്കളെ സ്നേഹിച്ചു... അവർക്കു വേണ്ടി പ്രവാസിയായി ... മക്കളുടെ സുഖ സൗകര്യത്തിനായി വെളി നാട്ടിൽ ഏകാന്ത ജീവിതം നയിച്ച് കഷ്ടപ്പെട്ടു... അവരുടെ സുഖ സൗകര്യത്തിനായി എന്റെ സുഖങ്ങൾ വേണ്ടന്നു വച്ചു. കാലങ്ങൾ കടന്നു പോകും തോറും ... അവരും വളർന്നു ... അവരെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കണമെന്ന് ആഗ്രഹിച്ചു... പലരുടേയും വാക്കുകൾ കേൾക്കാതെ പലരെയും വേദനിപ്പിച്ചും ഞാനെന്റെ മക്കൾക്കു വേണ്ടി ജീവിച്ചു... അവരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റി കൊടുത്തു...
നാളുകൾ കഴിഞ്ഞ് ഒരിക്കൽ നാട്ടിൽ നിന്നും എന്റെ പഴയ സുഹൃത്തിന്റെ ഒരു കോൾ വന്നു...
ഫോണിൽ സംസാരിക്കവേ എന്റെ ശരീരം തളർന്നു പോകും പോലെയായി... എന്റെ മൂത്ത മകൻ, അവനെ കാണാനില്ല....!
അടുത്ത ടിക്കറ്റെടുത്ത് ഞാൻ നാട്ടിലേക്ക് പുറപ്പെട്ടു... നാട്ടിൽ എത്തി. വീട്ടിൽ നിറയെ ബന്ധുക്കളായിരുന്നു. എല്ലാവരുടേയും കണ്ണ് നിറഞ്ഞിരുന്നു ... ഞാൻ നേരെ എട്ടന്റെ അടുത്തേക്ക് ചെന്നു. ''എന്താ ഏട്ടാ, എന്താ സംഭവിച്ചേ? മേനെവിടാ പോയെ? അവനെ ആരെങ്കിലും വഴക്കു പറഞ്ഞതാണോ, അതോ ഇനി പ്രണയം? അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അവൻ എന്നോട് പറയുമായിരുന്നല്ലോ? പറയു ഏട്ടാ എന്താ സംഭവിച്ചെ?"
പെട്ടെന്ന് അകത്ത് നിന്നും നിലവിളി ഉയർന്നു...
"പോയി, അവൻ പോയി, എന്റെ മകൻ പോയീ ... " എന്റെ ഭാര്യയുടെ നിലവിളി കേട്ട് ഞാൻ സ്തംഭിച്ചു പോയി ...!
ഏട്ടൻ എന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു... "എടാ അവൻ കൂട്ടുകാരുമൊന്നിച്ച് ബീച്ചിൽ പോയതാ, കൂട്ടുകാരനു ജോലി കിട്ടിയത് ആഘോഷിക്കാൻ പക്ഷെ ആഘോഷത്തിന്റെ ഇടയിൽ തിരയിൽപ്പെട്ട്..."
"വേണ്ട എനിക്കു കേൾക്കണ്ട... ഇല്ല എന്റെ കുഞ്ഞിന് ഒന്നും സംഭവിക്കില്ല ..."
ഒരു ഭ്രാന്തനെ പോലെ ഞാനന്നു നിലവിളിച്ചു കരഞ്ഞു... തിരച്ചിലൊക്കെ നടത്തിയെങ്കിലും അവനൊഴിച്ച് ബാക്കി എല്ലാവരുടേയും മൃതദേഹം അന്ന് കരക്കടിഞ്ഞു. ഇന്നും അവൻ ജീവനോടെ ഉണ്ടെന്ന് വിശ്വസിച്ചു കഴിയുന്നു. പിന്നെ അങ്ങോട്ട് എന്റെ ജീവിതത്തിൽ പ്രതീക്ഷ എന്റെ മകളായിരുന്നു... അവൾക്കു വേണ്ടി ഞാൻ വീണ്ടും വിമാനം കയറി... അവളും എന്റെ പ്രതീക്ഷകളിൽ മുറിവേൽപ്പിച്ചു.
അവൾ പഠിപ്പിൽ മോശമാവാൻ തുടങ്ങി... ഇനി പഠിക്കുന്നില്ല എന്ന് പറഞ്ഞു പഠിപ്പ് നിർത്തി അവൾ എന്നെ വീണ്ടും തോൽപ്പിച്ചു... അവസാനം കഞ്ചാവിനടിമയായ ഒരുത്തന്റെ കൂടെ അവൾ ഒളിച്ചോടി... ഒരച്ഛന് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായി ... ഭാര്യയും പോയതിനു ശേഷം ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നി... പക്ഷെ ഞാൻ ജീവിച്ചു, എനിക്കു വേണ്ടി ... ഇന്ന് ഞാൻ പണം കൊണ്ട് സമ്പന്നനാണ് പക്ഷെ ഞാൻ ഏകനാണ്...
എന്റെ മകനെ എന്നിൽ നിന്നകറ്റിയ പ്രകൃതിയെ ഞാൻ അന്ന് പഴിച്ചിരുന്നു... പക്ഷെ ഇന്ന് ഞാൻ മനസിലാക്കുന്നു പ്രകൃതിയല്ല മനുഷ്യൻ, മനുഷ്യനാണ് ദ്രോഹി, പ്രകൃതി ഒരിക്കലും സ്വാർത്ഥത കാട്ടില്ല... മനുഷ്യൻ മനുഷ്യനാണ് സ്വാർത്ഥൻ... നമ്മളും ആ കാക്കയെ പോലെയാകണം, തന്റെ മുട്ടകൾ നഷ്ടപ്പെട്ടുവെങ്കിലും കാക്ക പ്രകൃതിയുടെ മാറിലേക്ക് വീണ്ടും പറന്നു ചെന്നു, പ്രതീക്ഷയോടെ.... കാരണം ഇന്ന് നമ്മുടെ പ്രതീക്ഷകൾ നിറവേറ്റി തരാൻ പ്രകൃതിക്ക് മാത്രമേ കഴിയൂ... പ്രകൃതി ഒരിക്കലും സ്വാർത്ഥത കാണിക്കില്ല... ഇന്നു മുതൽ ഞാൻ ഈ പ്രകൃതിയെ സ്നേഹിക്കും, എന്നേക്കാളേറെ... എന്നാലാവുന്ന പോലെ ഈ പ്രകൃതിയെ സംരക്ഷിക്കും... പ്രകൃതിയിലെ ജീവജാലങ്ങൾക്ക് ജനകനായി മാറും, അവസാനം പ്രകൃതിയിൽ അലിഞ്ഞു ചേരും. ഇനി എന്റെ ജീവിതം അതിനു വേണ്ടി മാത്രമാണ്... 'ജനകൻ'.